India - 2024
പങ്കുവെക്കുക എന്നത് മനുഷ്യദൗത്യം: ഡോ. ഗീവർഗീസ് മാർ യൂലിയോസ്
സ്വന്തം ലേഖകന്‍ 29-05-2017 - Monday
കുന്നംകുളം: പങ്കുവെയ്ക്കുക സംരക്ഷിക്കുക എന്നതു മനുഷ്യന്റെ ദൗത്യമാണെന്ന് ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസന സഹായ മെത്രാൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത. കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ സ്നേഹപൂർവ്വം കൂട്ടുകാർക്ക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. തനിക്കുള്ളത് മറ്റുള്ളവർക്കു കൂടി പങ്കുവെയ്ക്കുന്പോഴാണ് മനുഷ്യൻ യഥാർത്ഥ മനുഷ്യനാകുന്നതെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.
ബഥനി സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂൾ, ഗുഡ്ഷെപ്പേർഡ് സി.എം.ഐ സ്കൂൾ, ഹോളിക്രോസ് സ്കൂൾ, എക്സൽ പബ്ലിക് സ്കൂൾ, ബ്ലൂമിങ്ങ് ബഡ്സ് ബഥാനിയ എന്നീ സ്കൂളുകളുകളുടെയും പ്രാദേശിക ചാനലായ സി.സി ടിവിയുമായും സഹകരിച്ച് സ്കൂൾ ബാഗ്, കുട, വാട്ടർ ബോട്ടൽ, ടിഫിൻ ബോക്സ്, നോട്ട് ബുക്ക് എന്നിവ അടങ്ങിയ മൂന്നൂറ് കിറ്റാണ് വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സമ്മാനമായി നൽകിയത്.
ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസൻ അധ്യക്ഷത വഹിച്ചു ടി.വി. ജോണ്സൻ, വി.എ അബൂബക്കർ, സി.ഗിരീഷ് കുമാർ, എം.ബിജുബാൽ, എം.വി ഉല്ലാസ്, അഡ്വ. പ്രിനു പി.വർക്കി, ഷമീർ ഇഞ്ചിക്കാലയിൽ, തോമസ് തെക്കേകര എന്നിവർ സംസാരിച്ചു.