Editor's Pick

ബ്രിട്ടണില്‍ ഒരു സീറോമലബാര്‍ രൂപതയുടെ ആവശ്യമുണ്ടോ?

സ്വന്തം ലേഖകന്‍ 08-06-2017 - Thursday

ബ്രിട്ടണില്‍ ഒരു സീറോമലബാര്‍ രൂപതയുടെ ആവശ്യമുണ്ടോ? ഈ ചോദ്യം മറ്റുപലരെയും പോലെ ഈ ലേഖകന്റെ മനസ്സിനെയും അലട്ടിയിരുന്നു. സീറോമലബാര്‍ കുര്‍ബ്ബാനയും ലത്തീന്‍ കുര്‍ബ്ബാനയും ഒന്നുതന്നെയല്ലേ? പിന്നെ എന്തിനാണ് സീറോമലബാര്‍ കുര്‍ബ്ബാന ഇംഗ്ലീഷിലാക്കി ചൊല്ലുന്നത്? ഇങ്ങനെ തുടങ്ങുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിച്ചു നടക്കുന്ന അവസരത്തിലാണ് ഇംഗ്ലണ്ടിലെ പ്രമുഖമായ ഒരു കത്തോലിക്കാ ഹൈസ്ക്കൂളിലെ Religious Education (RE) അദ്ധ്യാപികയുമായി സംസാരിക്കാന്‍ ഇടയായത്.

ആഴമായ കത്തോലിക്കാ വിശ്വാസത്തില്‍ ജീവിക്കുകയും വി.ഗ്രന്ഥവും ദൈവശാസ്ത്രവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ആ അദ്ധ്യാപിക ഇപ്രകാരം പറഞ്ഞു: "ഞാന്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമ്പോള്‍ എന്‍റെ വിശ്വാസം കുറഞ്ഞുപോകുന്നു. കാരണം ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ 'വിശ്വാസ രാഹിത്യം' എന്നിലേക്കു പടരുന്നു. അങ്ങനെ എന്‍റെ വിശ്വാസം ക്ഷയിക്കുന്നു. അതിന് ഒരു പരിഹാരമാണ് കേരളത്തില്‍ നിന്നും ഇവിടെയെത്തിയിരിക്കുന്ന വിശ്വാസികളുടെ മക്കള്‍. ആ കുട്ടികളുടെ വിശ്വാസം എന്‍റെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു. അവരിലേക്കു നോക്കുമ്പോള്‍, അവരുടെ വിശ്വാസം കാണുമ്പോള്‍ വിശ്വാസ ജീവിതത്തില്‍ മുന്നോട്ടു പോകുവാന്‍ എനിക്ക് ബലം നല്‍കുന്നു."

ബ്രിട്ടീഷുകാരിയായ ഈ അദ്ധ്യാപികയുടെ അഭിപ്രായം സീറോമലബാര്‍ രൂപതക്കെതിരേ ശബ്ദമുയര്‍ത്തുന്ന ഓരോ വിശ്വാസികളും ആഴത്തില്‍ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ഒരു വസ്തുതയാണ്. ഈ അദ്ധ്യാപികയുടെ മുന്‍പില്‍ രണ്ടുതരം വിദ്യാര്‍ത്ഥികളുണ്ട്. ഒന്നാമതായി ഭൂരിഭാഗം വരുന്ന, മാമ്മോദീസ സ്വീകരിച്ചവരും എന്നാൽ വിശ്വാസമില്ലാത്തവരുമായ കുട്ടികള്‍, രണ്ടാമതായി ആഴമായ ക്രൈസ്തവ വിശ്വാസമുള്ള സീറോമലബാര്‍ സഭാവിശ്വാസികളുടെ മക്കള്‍. ഈ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ അനുപാതത്തില്‍ 98 ശതമാനവും അവിശ്വാസികളായ കുട്ടികളും, വെറും രണ്ടു ശതമാനം മാത്രം കുട്ടികൾ വിശ്വാസികളുമാണ്. ഈ 98 ശതമാനം വരുന്ന അവിശ്വാസികളായ കുട്ടികള്‍ ഈ അദ്ധ്യാപികയുടെ വിശ്വാസത്തെ ക്ഷയിപ്പിക്കുമ്പോള്‍ വെറും 2 ശതമാനം വരുന്ന കുട്ടികള്‍ ഈ അദ്ധ്യാപികയുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍ ഇത് വലിയൊരു ദൈവിക പദ്ധതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന സത്യം നാം ഒരിക്കലും മറന്നു കൂടാ.

ബ്രിട്ടണില്‍ 'ഭൂമിയുടെ ഉപ്പ്' ആകുവാന്‍ വിളിക്കപ്പെട്ട മലയാളി വിശ്വാസികള്‍
കര്‍ത്താവായ യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു: "നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്". ഈ ദൗത്യം തന്നെയാണ് മലയാളികളായ വിശ്വാസികൾക്കുള്ളത്. വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പില്‍ ഉപ്പായി മാറുവാന്‍, വിശ്വാസത്തിന്‍റെ പുത്തന്‍ വസന്തകാലത്തിന് തുടക്കം കുറിക്കുവാനാണ് കേരളത്തില്‍ നിന്നും വിശ്വാസികളെ ദൈവം ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്. മുകളില്‍ വിവരിച്ച സ്കൂളിലെ അവസ്ഥയില്‍ വെറും രണ്ടു ശതമാനം വരുന്ന വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ ആ സ്കൂളിലെ ഉപ്പാണ്. അവര്‍ക്ക് തങ്ങളുടെ അദ്ധ്യാപികയുടെ പോലും വിശ്വാസത്തെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു.

ഇന്ന് ബ്രിട്ടണില്‍ സ്ഥിരതാമസമാക്കിയ വലിയൊരു ശതമാനം സീറോമലബാര്‍ വിശ്വാസികളുടെയും ധാരണ അവരെ ജോലിക്കുവേണ്ടിയാണ് ഇവിടേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത് എന്നാണ്. ജോലിയും സമ്പത്തും മനുഷ്യജീവിതത്തില്‍ ആവശ്യമായ ഘടകങ്ങള്‍ തന്നെയാണ്. ജോലിക്കു വേണ്ടിയായിരുന്നുവെങ്കില്‍ നമ്മളെക്കാള്‍ കഴിവും സാമര്‍ത്ഥ്യവും ഇംഗ്ലീഷ് പരിജ്ഞാനവുമുള്ള നിരവധി വ്യക്തികള്‍ കേരളത്തിലുണ്ടായിരുന്നു. അവരെയെല്ലാം മാറ്റി നിറുത്തി ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടെയും ദേശത്തു നിന്ന്‍ സമൃദ്ധിയുടെ ഈ കാനാന്‍ ദേശത്തേക്ക് ദൈവം നമ്മെ കൂട്ടിക്കൊണ്ടു വന്നുവെങ്കില്‍ അത് ബ്രിട്ടനിലെ വിശ്വാസികള്‍ക്കിടയില്‍ ഉപ്പായി മാറുവാനാണ്. അതുതന്നെയായിരിക്കണം നമ്മുടെ പ്രമുഖമായ ലക്ഷ്യവും.

ഉറകെട്ടു പോയാല്‍ എങ്ങനെ ഉറകൂട്ടും?
സ്കൂളിലെ 'ഉപ്പ്' ആയി മാറാന്‍ എങ്ങനെ ഈ കുട്ടികള്‍ക്കു കഴിഞ്ഞു? അതിനു കാരണം അവര്‍ സീറോമലബാര്‍ സഭാ വിശ്വാസികളായിരുന്നു എന്നതു തന്നെയാണ്. കഴിഞ്ഞ വര്‍ഷം റോമില്‍ വച്ചു നടന്ന കുടുംബങ്ങൾക്കായുള്ള സിനഡിൽ പോലും ലോകം മുഴുവനില്‍ നിന്നും എത്തിച്ചേര്‍ന്ന മെത്രാന്‍മാരുടെ മുമ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സീറോമലബാര്‍ സഭയുടെ വിശ്വാസ തീക്ഷ്ണതയും കുടുംബങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതവും. ഇന്ന് സമ്പത്തിന്‍റെയും സുഖസൗകര്യങ്ങളുടെയും സമൃദ്ധിയില്‍ കഴിയുന്ന ബ്രിട്ടനിലെ ചില വിശ്വാസികള്‍ സീറോമലബാര്‍ സഭയുടെ പാരമ്പര്യവും ആരാധനാ രീതികളും വില കുറച്ചു കാണുന്നുണ്ടാവാം. എന്നാൽ ഈ പാരമ്പര്യവും ആരാധനാ രീതികളും നമ്മുടെയും നമ്മുടെ തലമുറകളുടെയും വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകയും അത് യൂറോപ്പിനു മുഴുവൻ ഗുണകരമായിത്തീരുകയും ചെയ്യും എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ബ്രിട്ടനിൽ ഈ രൂപത സ്ഥാപിച്ചത്.

ഈ പാരമ്പര്യവും ആരാധനാരീതികളും ഉപേക്ഷിച്ചാല്‍ നാം ഉറകെട്ടു പോയ ഉപ്പു പോലെ ആയിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്രകാരം ഉറകെട്ടു പോയാല്‍ എന്തു സംഭവിക്കും എന്ന് ഈശോ മുന്നറിയിപ്പു നല്‍കുന്നുണ്ട്. "ഉറകെട്ടു പോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്ക് വലിച്ചെറിഞ്ഞ് മനുഷ്യനാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല" (മത്തായി 5:13). ഇവിടെ ആ അദ്ധ്യാപിക പറഞ്ഞ കാര്യം വളരെ പ്രസക്തമാണ്. "കുട്ടികളുടെ വിശ്വാസരാഹിത്യം എന്നിലേക്കു പടരുന്നു". ഇത് വലിയൊരു സത്യമാണ്. നാം ഏതു വിശ്വാസസമൂഹത്തോടൊപ്പമായിരിക്കുന്നുവോ അവരുടെ വിശ്വാസവും, അവിശ്വാസവും നമ്മെ സ്വാധീനിക്കുകയും നമ്മിലേക്കു പകരുകയും ചെയ്യും.

യൂറോപ്പിലെ വിശ്വാസികളുടെ ഇന്നത്തെ അവസ്ഥ
ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ അനേകം രക്തസാക്ഷികള്‍ക്കും വിശുദ്ധര്‍ക്കും ജന്മം നല്‍കി, ക്രിസ്തുവിന്‍റെ സുവിശേഷം ലോകം മുഴുവനും എത്തിച്ച യൂറോപ്പിന്‍റെ ഇന്നത്തെ അവസ്ഥ എല്ലാവര്‍ക്കും അറിവുള്ളതാണ്. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന ക്രൈസ്തവര്‍ നിരവധിയാണ്. ക്രൈസ്തവ ദമ്പതികളുടെ മക്കളില്‍ വലിയൊരു ശതമാനം മാമ്മോദീസ സ്വീകരിക്കുന്നില്ല. മാമ്മോദീസ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനം പേര്‍ ആദ്യകുര്‍ബ്ബാന സ്വീകരണം നടത്തുന്നില്ല. ഇപ്രകാരം പടിപടിയായുള്ള കൂദാശകളുടെ സ്വീകരണത്തില്‍ വലിയ കുറവു സംഭവിക്കുന്നു.

പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കും യുവാക്കള്‍ കടന്നു വരാതെയായിരിക്കുന്നു. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സഭയോട് ചേര്‍ന്നു നിന്നുകൊണ്ട് നമ്മുടെ വിശ്വാസജീവിതം ശക്തിപ്പെടുത്താന്‍ നമുക്കു സാധിക്കുകയില്ല. പുരോഹിതരുടെയും സന്യസ്തരുടേയും കുറവുമൂലം നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും അടച്ചുപൂട്ടുന്നു. വിശ്വാസികള്‍ തിങ്ങി നിറഞ്ഞ് ദിവ്യബലി അര്‍പ്പിച്ചിരുന്ന ദേവാലയങ്ങളും പ്രാര്‍ത്ഥനയുടെ അന്തരീക്ഷം തളംകെട്ടി നിന്നിരുന്ന ആശ്രമങ്ങളും ഇന്ന് ബാറുകളും നിശാക്ലബുകളുമായി മാറ്റപ്പെടുന്നു. ഇവിടെയാണ് ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളികളായ വിശ്വാസികളുടെ 'വ്യത്യസ്ഥമായ വിളിയും ദൗത്യവും' നാം തിരിച്ചറിയേണ്ടത്.

ബ്രിട്ടനിലെ മലയാളികളായ വിശ്വാസികളുടെ വ്യത്യസ്ഥമായ വിളി
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ 2012-ല്‍ വത്തിക്കാന്‍ ടെലിവിഷനു നൽകിയ ഒരു അഭിമുഖത്തില്‍ ഇപ്രകാരം പറയുകയുണ്ടായി. "യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ വസന്തകാലം തിരിച്ചു വരിക തന്നെ ചെയ്യും." ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ദൈവശാസ്ത്ര പണ്ഡിതനായ അദ്ദേഹത്തിന്‍റെ വാക്കുകളെ നാം വില കുറച്ചു കാണരുത്. വഴിതെറ്റിപ്പോകുന്ന ആടുകളെ അന്വേഷിച്ചു കണ്ടെത്തുന്ന യേശുവിന്‍റെ സ്നേഹവും, ബെനഡിക്റ്റ് പതിനാറാമന്‍റെ പ്രതീക്ഷയും, മലയാളികളായ വിശ്വാസികളുടെ കുടിയേറ്റവും ചേര്‍ത്തു വായിച്ചാല്‍ യൂറോപ്പിനു വേണ്ടി ദൈവം തയ്യാറാക്കുന്ന ഒരു വലിയ പദ്ധതി നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും.

ഈ ദൈവികപദ്ധതിയില്‍ മലയാളികളായ വിശ്വാസികളുടെ ദൗത്യം വളരെ വ്യത്യസ്ഥമാണ്. ഈ ദൗത്യത്തെ ഒറ്റ വാക്യത്തില്‍ ഇപ്രകാരം പറയാം. "സീറോമലബാര്‍ സഭയില്‍ നിന്നും സ്വീകരിച്ച് യൂറോപ്പിലെ സഭയിലേക്ക് പകര്‍ന്നു നല്‍കുക." ഈ വലിയ ദൗത്യമാണ് ഇവിടെ ജീവിക്കുന്ന അല്‍മായരായ മലയാളി വിശ്വാസികള്‍ക്കുള്ളത്. കാരണം സീറോമലബാര്‍ സഭയുടെ സംവിധാനങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ട് നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയും യൂറോപ്പിലെ സഭയോട് ചേര്‍ന്നു നിന്നുകൊണ്ട് ആ വിശ്വാസം പകര്‍ന്നു കൊടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ സീറോമലബാര്‍ സഭാസംവിധാനങ്ങളില്ലാതെ നമ്മുടെ വിശ്വാസം യൂറോപ്പിലേക്ക് പകര്‍ന്നു നല്‍കാം എന്നു കരുതുന്നത് വെറും വ്യാമോഹം മാത്രമാണെന്നു മാത്രമല്ല അതു ക്രിസ്തു പറഞ്ഞതുപോലെ 'ഉറകെട്ടുപോയ ഉപ്പിന്‍റെ' അവസ്ഥയിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും. അവസാനം പുറത്തേക്ക് വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും ഉപകരിക്കാനാവാത്ത അവസ്ഥയിലേക്ക് അത് നമ്മുടെ തലമുറകളെ എത്തിക്കുകയും ചെയ്യും.

ബ്രിട്ടീഷുകാരുമായുള്ള സാമൂഹ്യബന്ധം ഇല്ലാതാക്കുമോ?
സീറോമലബാര്‍ സഭ സ്വന്തമായി രൂപതയും സംവിധാനങ്ങളും ബ്രിട്ടനില്‍ സ്ഥാപിക്കുമ്പോള്‍ ഇവിടെയുള്ള മലയാളികള്‍ ഒറ്റപ്പെട്ടു പോകും എന്നും, ഇംഗ്ലീഷുകാരുമായുള്ള സാമൂഹ്യബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാകും എന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.

ഇവിടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം വിസ്മരിച്ചുകൂടാ. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വിവിധ തരം ജോലികള്‍ക്കായും, അഭയാര്‍ത്ഥികളായും അനേകര്‍ ബ്രിട്ടണിലേക്ക് കുടിയേറുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരില്‍ ബ്രിട്ടീഷുകാരുമായി ഏറ്റവും കുറഞ്ഞ സാമൂഹ്യബന്ധം പുലര്‍ത്തുന്നവര്‍ ആരാണെന്നു ചോദിച്ചാല്‍ അത് മലയാളികൾ തന്നെയാണെന്ന്‍ ബ്രിട്ടീഷുകാരടക്കം പറയും. ഇക്കാര്യത്തില്‍ മത, ജാതി, സമുദായ വ്യത്യാസമില്ലാതെ മലയാളികള്‍ എല്ലാവരും തുല്യരാണ്.

2000-ല്‍ ആരംഭിച്ച പുതിയ കുടിയേറ്റത്തിലൂടെ ബ്രിട്ടണില്‍ എത്തിച്ചേർന്ന മലയാളികള്‍ ഏതു മതത്തിലോ ജാതിയിലോ പെട്ടവരാകട്ടെ, അവരുടെ സാമൂഹ്യബന്ധം എന്നു പറയുന്നത് മലയാളി അസോസിയേഷന്‍ പ്രോഗ്രാമുകളും, കേരളത്തില്‍ ഒരേ പ്രദേശത്തു നിന്ന്‍ വന്നവരുടെയോ, ഒരേ സ്ഥാപനത്തില്‍ പഠിച്ചവരുടെയോ സംഗമങ്ങളും, കേരളത്തില്‍ നിന്ന് എത്തുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ സമ്മേളനങ്ങളും, കേരളത്തില്‍ നിന്നു വരുന്ന കലാകാരന്‍മാരുടെ സ്റ്റേജ് പ്രോഗ്രാമുകളും, മലയാളികള്‍ക്കു വേണ്ടി നടത്തുന്ന ടൂര്‍ പ്രോഗ്രാമുകളും മാത്രമാണ്. അതിനപ്പുറത്തേക്ക് മലയാളികള്‍ക്ക് ഇംഗ്ളീഷുകാരുമായി യാതൊരു സാമൂഹ്യബന്ധവുമില്ല എന്നതാണ് സത്യം. മലയാളികളില്‍ 99 ശതമാനം പേരും ഇംഗ്ലീഷുകാരുമായി സംസാരിക്കുന്നത് അവരുടെ ജോലി മേഖലയിലും ദൈനംദിന ജീവിതത്തിലെ അത്യാവശ്യ ഘട്ടങ്ങളിലും മാത്രമാണ്. ഇതിന് വിരുദ്ധമായി ഇംഗ്ലീഷുകാരുമായി സാമൂഹ്യബന്ധം പുലര്‍ത്തുന്ന മലയാളികള്‍ വളരെ കുറവാണ്.

ഇനി, മലയാളികളായ വിശ്വാസികളുടെ കാര്യമെടുക്കാം. സീറോമലബാര്‍ രൂപതയുടെ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി നിലവില്‍ വരാത്തതിനാല്‍, ഇന്നും നിരവധി മലയാളികൾ, ഞായറാഴ്ചകളില്‍ അവരുടെ അടുത്തുള്ള ദേവാലയങ്ങളിലെ ഇംഗ്ലീഷ് കുര്‍ബ്ബാനക്കാണ് പോകുന്നത്. ഈ കുര്‍ബ്ബാന കഴിയുമ്പോഴുള്ള ഒരു സ്ഥിരം കാഴ്ചയാണ് മലയാളികള്‍ എല്ലാവരും വട്ടംകൂടി നിന്ന് വര്‍ത്തമാനം പറയും. ഇതില്‍ 99 ശതമാനം പേരും ഇംഗ്ലീഷുകാരോട് സംസാരിക്കാറില്ല. പത്തും പതിനേഴും വര്‍ഷങ്ങളായി എല്ലാ ഞായറാഴ്ചയും ഒരേ ദേവാലയത്തിലാണ് വരുന്നതെങ്കിലും പല ഇംഗ്ലീഷുകാരുടെ പേരുപോലും നിരവധി മലയാളികള്‍ക്കറിയില്ല.

ഈ ദേവാലയങ്ങള്‍ക്ക് നിരവധി ആവശ്യങ്ങളുണ്ട്. അള്‍ത്താര ശുശ്രൂഷകളില്‍ സഹായിക്കുക, ദേവാലയം അലങ്കരിക്കുക, ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യുക, ദേവാലയം വൃത്തിയാക്കുക, രോഗികൾക്കും പ്രായമായവർക്കും വിശുദ്ധ കുർബ്ബാന എത്തിച്ചു കൊടുക്കുക, ഇടവകയുടെ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുക, എന്നുതുടങ്ങി നിരവധി ആവശ്യങ്ങൾ. ഈ ആവശ്യങ്ങളില്‍ ഇംഗ്ളീഷ് ദേവാലയങ്ങളെ സഹായിക്കുന്ന മലയാളികൾ വളരെ കുറവാണ്. അള്‍ത്താര ശുശ്രൂഷകരായി ചില മലയാളികളായ കുട്ടികള്‍ സേവനം ചെയ്യുന്നതുണ്ട് എന്നതൊഴിച്ചാല്‍ മലയാളികള്‍ ഈ ദേവാലയങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ വളരെ പിന്നോക്കമാണ് എന്ന സത്യം നാം വിസ്മരിച്ചുകൂടാ. ഈ അവസ്ഥയില്‍ ജീവിക്കുന്ന മലയാളികള്‍ സീറോമലബാര്‍ സഭ അവരുടെ സാമൂഹ്യബന്ധം തകര്‍ക്കുന്നു എന്ന്‍ ആരോപിക്കുന്നത് 'ഇല്ലാത്തത് നഷ്ടപ്പെടുന്നു' എന്നു പറയുന്നതു പോലെയാണ്.

മേല്‍പ്പറഞ്ഞ ഇംഗ്ലീഷുകാരുമായി സാമൂഹ്യബന്ധമുള്ള ചെറിയൊരു ശതമാനം പേരുടെ സാമൂഹ്യബന്ധം ഒരിക്കലും സീറോമലബാര്‍ സഭാസംവിധാനങ്ങള്‍ മൂലം തകരില്ല. കാരണം ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് സീറോമലബാര്‍ സഭയുടെ ആരാധനയ്ക്കായി വിശ്വാസികള്‍ ഒരുമിച്ചു കൂടണം എന്ന് ആവശ്യപ്പെടുന്നത്. ആഴ്ചയിലെ ബാക്കി ആറു ദിവസവും തങ്ങളുടെ അടുത്തുള്ള ഇംഗ്ലീഷ് ദേവാലയങ്ങളില്‍ പോയി വി.കുര്‍ബ്ബാനയില്‍ പങ്കെടുക്കാനും മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അവര്‍ക്കു സാധിക്കും.

സഭയ്ക്ക് കാശുണ്ടാക്കാന്‍ ഒരു രൂപതയും കുറെ വൈദികരും?
ബ്രിട്ടണില്‍ സീറോമലബാര്‍ സഭയുടെ രൂപത സ്ഥാപിച്ചത് സഭയ്ക്കും വൈദികര്‍ക്കും പണമുണ്ടാക്കി ധൂര്‍ത്തടിക്കാന്‍ വേണ്ടിയാണ് എന്ന് ചില വിശ്വാസികള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുന്നു. ഇതു കണ്ണുമടച്ച് Like ചെയ്യുകയും Share ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. ഇവിടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാ വിശ്വാസികളും തിരിച്ചറിയണം.

ഒന്നാമതായി ബ്രിട്ടണിലെ സീറോമലബാര്‍ സഭയിലെ വിശ്വാസികള്‍ക്കിടയില്‍ നിന്നും സ്തോത്രക്കാഴ്ചയായും മറ്റും, പണം പിരിക്കുന്നതും, കണക്കു സൂക്ഷിക്കുന്നതും, ചിലവിടുന്നതും അതാതു സ്ഥലങ്ങളിലെ അല്‍മായര്‍ തന്നെയാണ്. അവിടെ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനുള്ള ഒരു തുക മാത്രമേ വൈദികന്‍ കൈപ്പറ്റുന്നുള്ളൂ. ഇത് ഓരോ പ്രദേശത്തെയും കമ്മറ്റി അംഗങ്ങള്‍ തന്നെയാണ് വൈദികന് നല്‍കുന്നത്. ഇതിന് വ്യക്തമായ കണക്കുമുണ്ട്. ഇപ്രകാരം വൈദികന് ഒരു മാസം ലഭിക്കുന്ന ആകെ തുക ബ്രിട്ടണിലെ സാധാരണ തൊഴിലാളികള്‍ക്കു ലഭിക്കുന്ന മിനിമം വേതനം പോലും ആകുന്നില്ല എന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ളതാണ്.

ബ്രിട്ടണില്‍ സേവനം ചെയ്യുന്ന സീറോമലബാര്‍ വൈദികര്‍ നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ചാണ് ഇവിടെ ശുശ്രൂഷ ചെയ്യുന്നത്. അത് വൈദികരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന അല്‍മായര്‍ക്ക് അറിവുള്ളതാണ്. എന്നാല്‍ ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ, ഒരു പെന്‍സു പോലും നേര്‍ച്ചയിടുകയോ ചെയ്യാത്ത ഒരു കൂട്ടം 'ക്രിസ്ത്യൻ നാമധാരികളായ' വ്യക്തികൾ സോഷ്യല്‍ മീഡിയായില്‍ സജീവമാണ്. അവരുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങുന്ന നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ചില വിശ്വാസികളും താല്‍പര്യം കാണിക്കുന്നു എന്നത് തികച്ചും വേദനാജനകമാണ്.

മാസങ്ങള്‍ക്കു മുമ്പ് മാഞ്ചസ്റ്ററില്‍ അപകടത്തില്‍ മരണമടഞ്ഞ ഒരു സീറോമലബാര്‍ വിശ്വാസിയുടെ മൃതസംസ്കാര ചടങ്ങില്‍ യു.കെ. യുടെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി വൈദികരും അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയായിലൂടെ മരണം പോലും ആഘോഷമാക്കുന്ന ചിലർക്ക് ഇത് സഹിച്ചില്ല. അവര്‍ ഉടനെ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ചു. "മൃതസംസ്കാര ചടങ്ങിനെത്തിയ വൈദികരും മെത്രാനും പണം മേടിച്ചു ആ കുടുംബത്തോടു ക്രൂരത കാട്ടി". ഇത് കേള്‍ക്കേണ്ട താമസം വിശ്വാസികള്‍ Like ഉം share ഉം കമന്‍റുകളുമായി ആ നുണക്കഥ പ്രചരിപ്പിച്ചു.

ഈ വാര്‍ത്ത കേട്ടയുടനെ, മൃതസംസ്കാര ചടങ്ങിനു നേതൃത്വം നൽകിയ വ്യക്തികളുമായും, ആ കുടുംബവുമായി ബന്ധപ്പെട്ടവരുമായും ഈ ലേഖകൻ സംസാരിച്ചു. സാധാരണയായി ഇംഗ്ലീഷുകാരുടെ മൃതസംസ്കാര ചടങ്ങില്‍ വൈദികന് ഫീസ്‌ ഉള്ളതാണെന്നും, എന്നാല്‍ ആ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുത്ത വൈദികരും മെത്രാനും ഒരു പണവും വാങ്ങിച്ചില്ല എന്നു മാത്രമല്ല സാധാരണയായി സീറോമലബാര്‍ വിശ്വാസികളുടെ മൃതസംസ്കാര ശുശ്രൂഷകളില്‍ മലയാളികളായ വൈദികര്‍ ഒരിക്കലും പണം വാങ്ങാറില്ല എന്ന സത്യവും വിവിധ സ്ഥലങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

ഇംഗ്ലണ്ടില്‍ നടക്കുന്ന മൃതസംസ്കാര ചടങ്ങുകള്‍ ഭാരിച്ച സാമ്പത്തിക ചിലവുള്ളതാണ് എന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ളതാണ്. മൃതശരീരത്തു വയ്ക്കുന്ന പൂക്കള്‍ മുതല്‍ Funeral Directorate വരെ ചിലവേറിയതാണ്. മൃതസംസ്കാര ചടങ്ങിൽ എല്ലാവരും പണം വാങ്ങിച്ചു മാത്രമേ സേവനം നല്‍കൂ. എന്നാല്‍ പണം വാങ്ങാതെ സേവനം ചെയ്തത് സീറോമലബാര്‍ വൈദികര്‍ മാത്രം. അവരെക്കുറിച്ചാണ് ഈ നുണക്കഥകള്‍ പ്രചരിപ്പിച്ചത്. കര്‍ത്താവിന്‍റെ അഭിഷിക്തര്‍ക്കെതിരേ ഇത്തരം നുണക്കഥകള്‍ പുറത്തിറക്കുന്നതും പ്രചരിപ്പിക്കുന്നതും എത്രയോ മാരകമായ പാപമാണെന്ന് ഇക്കൂട്ടർ തിരിച്ചറിയുന്നില്ല. 'ദൈവമേ അവര്‍ ചെയ്യുന്നത് എന്തെന്ന് അവരറിയുന്നില്ല; അവരോട് പൊറുക്കണമേ' എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.

സീറോമലബാര്‍ സഭയ്ക്ക് എന്തിനാണ് സ്വന്തമായി ഇടവക ദേവാലയങ്ങള്‍?
സീറോമലബാര്‍ സഭയ്ക്ക് സ്വന്തമായി എന്തിനാണ് ഇടവക ദേവാലയങ്ങള്‍? ഇപ്പോഴുള്ളതുപോലെ ഇംഗ്ലീഷ് പള്ളികളില്‍ അവസരം കിട്ടുമ്പോള്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ചാല്‍ പോരേ എന്ന ഒരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. ലോകത്തെവിടെയായാലും, ഒരു രൂപത സംവിധാനത്തിന് ഇടവകകളും ഇടവക ദേവാലയങ്ങളും അത്യാവശ്യമാണ്. ഇതേപ്പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. "അതിനാല്‍ ലോകം മുഴുവനിലും എല്ലാ വ്യക്തി സഭകളുടെയും സംരക്ഷണത്തിനു വേണ്ടവ സജ്ജീകരിക്കേണ്ടിയിരിക്കുന്നു. തന്നിമിത്തം വിശ്വാസികളുടെ ആത്മിക നന്മയ്ക്ക് ആവശ്യമായിടങ്ങളില്‍ ഇടവകകളും സ്വന്തം ഹയരാര്‍ക്കിയും സ്ഥാപിക്കണം"(Orientalium Ecclesiarum 4).

ഇവിടെ പ്രായോഗികമായ മറ്റുചില വസ്തുതകള്‍ കൂടി കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. ഒരു ഇടവക സംവിധാനത്തിലേക്ക് ഒരു പ്രദേശത്തെ സീറോമലബാര്‍ വിശ്വാസസമൂഹം കടന്നു വരുമ്പോള്‍ അവിടെ ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബ്ബാനയും മതബോധനവും തുടര്‍ച്ചയായി നടത്താന്‍ സ്വന്തമായി ദേവാലയങ്ങള്‍ ആവശ്യമാണ്. മിക്കവാറും എല്ലാ ഇംഗ്ലീഷ് ദേവാലയങ്ങളിലും സാധാരണ രണ്ടു കുര്‍ബ്ബാനകള്‍ ഞായറാഴ്ചകളില്‍ നടത്തപ്പെടാറുണ്ട്. അതിനാല്‍ അവരുടെ ഉപയോഗത്തിനു ശേഷം വരുന്ന സമയങ്ങളില്‍ മാത്രമേ നമുക്ക് ദേവാലയം ഉപയോഗിക്കാന്‍ സാധിക്കൂ.

മറ്റൊരു പ്രധാനപ്പെട്ട വസ്തുതയാണ് ദേവാലയത്തിലെ ക്രമീകരണങ്ങള്‍. ഓരോ റീത്തുകളിലും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ട്. സീറോമലബാര്‍ സഭയും ലത്തീന്‍ സഭയും തമ്മിലും ഇത്തരം ചില വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദേവാലയത്തിനുള്ളിലെ ക്രമീകരണങ്ങള്‍ യഥാക്രമം നിലനിര്‍ത്തിക്കൊണ്ട് കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ സ്വന്തമായ ദേവാലയങ്ങള്‍ ആവശ്യമാണ്.

വിശ്വാസികളുടെയും വൈദികരുടെയും കുറവുമൂലം ഇവിടെ നിരവധി ദേവാലയങ്ങളാണ് അടച്ചുപൂട്ടുന്നത്. ഇപ്രകാരമുള്ള എതെങ്കിലും ഒരു ദേവാലയം വാങ്ങിക്കുന്നതിന് ഭാരിച്ച ഒരു തുക ചിലവു വരുമെന്നതിനാല്‍ വിശ്വാസികള്‍ക്ക് സാമ്പത്തിക ബാധ്യത കുറക്കുന്നതിനു വേണ്ടി ഇത്തരം ദേവാലയങ്ങള്‍ വാടകയ്ക്ക് എടുക്കുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. ഇത്തരം ദേവാലയങ്ങള്‍ ഏറ്റെടുക്കുന്നത് വഴി നാം ഇവിടെയുള്ള സഭയ്ക്ക് ഒരു വലിയ സേവനം കൂടിയാണ് ചെയ്യുന്നത്. കാരണം ഇത്തരം ദേവാലയങ്ങള്‍ ബാറുകളായും നിശാക്ലബുകളായും മാറുന്നത് വേദനയോടെയാണ് ഇവിടുത്തെ വിശ്വാസികള്‍‍ നോക്കിക്കാണുന്നത്. ഇതുവരെ ഏറ്റെടുത്ത ദേവാലയങ്ങള്‍ ദൈവിക പരിപാലനയാലും വിശ്വാസികളുടെ സഹകരണത്താലും ഭംഗിയായി പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസം പകരുന്ന ഒരു കാര്യമാണ്.

എന്തിനാണ് സീറോമലബാർ കുർബ്ബാന ഇംഗ്ലീഷിലാക്കി ചൊല്ലുന്നത്? എന്ന ഒരു ചോദ്യം ഉയർന്നുവരുന്നുണ്ട്. ഇവിടെ വളരുന്ന കുട്ടികൾക്കു പൂർണ്ണമായി മനസ്സിലാകുന്ന ഭാഷ ഇംഗ്ലീഷ് ആണ് എന്ന കാരണത്താൽ, ദിവ്യബലിയിൽ അവരുടെ പൂർണ്ണമായ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്.

എങ്കിൽപിന്നെ ഇംഗ്ളീഷിലുള്ള ലത്തീൻ കുർബ്ബാന ചൊല്ലിയാൽ പോരെ? എന്നു ചോദിക്കാറുണ്ട്. സീറോമലബാർ വിശ്വാസികൾക്കായി സീറോമലബാർ മെത്രാനും വൈദികരും അർപ്പിക്കേണ്ടത് സീറോമലബാർ ആരാധനാക്രമത്തിലുള്ള വിശുദ്ധ കുർബ്ബാനയാണ്. ഇതിൽ മാറ്റം വരുത്താൻ മെത്രാനോ, വൈദികനോ, വിശ്വാസികൾക്കോ അവകാശമില്ലന്നു സഭ പഠിപ്പിക്കുന്നു. "കൂദാശപരമായ ഒരു അനുഷ്ഠാനക്രമവും ശുശ്രൂഷകന്റെയോ സമൂഹത്തിന്റെയോ ഇഷ്ടമനുസരിച്ചു പരിഷ്‍കരിക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യാൻ പാടില്ല" (CCC 1125).

ദൈവത്തിന്റെ ആലയം തകര്‍ന്നു കിടക്കുമ്പോൾ...?
ദൈവം ഈ രാജ്യത്തേക്കു നമ്മെ കൂട്ടിക്കൊണ്ടു വന്ന്, നമുക്ക് എല്ലാം സമൃദ്ധമായി നല്‍കി. ഇന്ന് നമുക്കു ചുറ്റും അടച്ചു പൂട്ടപ്പെടുന്ന ദേവാലയങ്ങള്‍ക്കു നേരെ കണ്ണടച്ചു കൊണ്ട് നമ്മുടെ ഭവനങ്ങള്‍ കൂടുതല്‍ സുഖസൗകര്യങ്ങളുള്ളതാക്കാന്‍ ശ്രമിക്കരുത്. തങ്ങള്‍ക്കായി മന്ദിരങ്ങള്‍ പടുത്തുയര്‍ത്താനുള്ള വ്യഗ്രതയില്‍ തകര്‍ന്നുകിടക്കുന്ന ദേവാലയത്തെക്കുറിച്ചു ചിന്തിക്കാതിരുന്ന ഇസ്രായേല്‍ ജനത്തെ നമ്മുക്കു ബൈബിളിൽ കാണുവാൻ സാധിക്കും. അപ്പോൾ ഇസ്രായേൽ ജനത്തോട് ദൈവം ഹഗ്ഗായി പ്രവാചകനിലൂടെ ഇപ്രകാരം അരുളിച്ചെയ്തു. "ഈ ആലയം തകര്‍ന്നു കിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ?" (ഹഗ്ഗ്ഗായി 1:4).

എന്നാല്‍ ഇസ്രായേല്‍ ജനം ദേവാലയത്തെ അവഗണിച്ച്‌ സ്വന്തം മന്ദിരങ്ങള്‍ പടുത്തുയര്‍ത്തിയതിനാല്‍ അവര്‍ക്ക് അത് ദുസ്ഥിതിക്ക് കാരണമായി. ഏറെ സമ്പാദിച്ചെങ്കിലും അവര്‍ക്ക് അവസാനം അല്‍പം മാത്രം ലഭിച്ചു. അവസാനം ദൈവം അവരുടെ നഷ്ടത്തിന്റെ കാരണം വെളിപ്പെടുത്തി:- "നിങ്ങള്‍ ഓരോരുത്തരും തന്‍റെ ഭവനത്തെപ്പറ്റി വ്യഗ്രത കാട്ടുമ്പോള്‍ എന്‍റെ ആലയം തകര്‍ന്നു കിടക്കുന്നതു കൊണ്ടു തന്നെ" (ഹഗ്ഗായി 1:9)

ഈ രാജ്യത്ത് നാം അനുഭവിക്കുന്ന എല്ലാ സമൃദ്ധിയും ദൈവത്തിന്റെ ദാനമാണ്. ദൈവം ദാനമായി നൽകിയ സമ്പത്തുകൊണ്ട് നമ്മുടെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള വ്യഗ്രതയിൽ ദേവാലയ ശുശ്രൂഷകള്‍ക്ക് ആവശ്യമുള്ളത് കൊടുക്കാന്‍ നാം മറന്നു പോകരുത്.

രൂപതയ്ക്ക് സ്വന്തമായി ധ്യാനകേന്ദ്രങ്ങള്‍ ആവശ്യമുണ്ടോ?
ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന കത്തോലിക്കാ സഭയിലെ എല്ലാ രൂപതകള്‍ക്കും തന്നെ സ്വന്തമായി ധ്യാന കേന്ദ്രങ്ങളും കൗണ്‍സിലിംഗ് സെന്‍ററുകളും ഉണ്ട്. ബ്രിട്ടണിലെ സീറോമലബാര്‍ രൂപതയുടെ കാര്യത്തില്‍ ഇത് വളരെ അത്യാവശ്യമാണ് എന്നു തന്നെ പറയാം. ബ്രിട്ടണിലെ മലയാളികളായ വിശ്വാസികള്‍ക്കിടയില്‍ ധാരാളം കുടുംബങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. പുറംലോകം അറിയാതെ നീറിപ്പുകയുന്ന കുടുംബങ്ങള്‍ നിരവധിയുണ്ട്. വഴിതെറ്റിപ്പോകുന്ന മക്കളെയോര്‍ത്തു മനംനൊന്തു കരയുന്ന മാതാപിതാക്കള്‍ നിരവധിയാണ്. ഇവരുടെ കണ്ണീരൊപ്പാന്‍, കുടുംബങ്ങളെ സുവിശേഷവല്‍ക്കരിക്കാന്‍ ധ്യാനകേന്ദ്രങ്ങള്‍ അതാവശ്യമാണ്.

ബ്രിട്ടണില്‍ സ്വന്തമായി രണ്ടു ധ്യാനകേന്ദ്രങ്ങള്‍ ഉള്ള ഡിവൈന്‍ ധ്യാനകേന്ദ്രവും, എല്ലാ മാസവും നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലൂടെയും മറ്റ് നിരവധി ശുശ്രൂഷകളിലൂടെയും യുവാക്കളെയും കുട്ടികളെയും കുടുംബങ്ങളെയും ക്രിസ്തുവിലേക്ക് അടുപ്പിക്കുന്ന സെഹിയോന്‍ ധ്യാനകേന്ദ്രവും ഈ രാജ്യത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവന വളരെ വലുതാണ്‌. മലയാളികള്‍ക്കു മാത്രമല്ല ഈ രാജ്യത്തെ ബ്രിട്ടീഷുകാരായ വിശ്വാസികള്‍ക്കും ഈ ശുശ്രൂഷകൾ വലിയ ആശ്വാസം പകരുന്നു. നിരവധി വ്യക്തികളും കുടുംബങ്ങളും പാപത്തിന്‍റെ വഴികള്‍ ഉപേക്ഷിച്ച് കര്‍ത്താവിലേക്കു തിരിയുന്നു. കുടുംബങ്ങളില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നു.

ഇപ്രകാരമുള്ള ധ്യാനശുശ്രൂഷകൾ ആവശ്യമുള്ള കുട്ടികളും, യുവാക്കളും, മുതിര്‍ന്നവരും, കുടുംബങ്ങളും നിരവധിയാണ്. അവിടേക്കെല്ലാം കടന്നു ചെല്ലുവാനും ദൈവവചനത്തിന്‍റെ ശക്തിയാല്‍ സൗഖ്യവും അഭിഷേകവും പകര്‍ന്നു കൊടുക്കുവാനും ബ്രിട്ടണിലെ സീറോമലബാർ രൂപതക്ക് ധ്യാനകേന്ദ്രങ്ങള്‍ അത്യാവശ്യമാണ്.

ദൈവിക പദ്ധതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാം
ബ്രിട്ടണില്‍ ഒരു സീറോമലബാര്‍ രൂപത എന്നത് ദൈവത്തിന്‍റെ പദ്ധതിയാണ്. "ഓരോ റീത്തുകളിലേയും വിശ്വാസികള്‍ ലോകത്തെവിടെയായാലും അവരുടെ പാരമ്പര്യം നിലനിറുത്തണമെന്ന് സഭാമാതാവ് ആഗ്രഹിക്കുന്നു. ഓരോ വ്യക്തി സഭയുടെയും അഥവാ റീത്തിന്‍റെയും പാരമ്പര്യങ്ങള്‍ ഭദ്രമായും അഭംഗുരമായും നിലനില്‍ക്കണമെന്നതാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യം" (Orientalium Ecclesiarum 2). വിശ്വാസം പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് പാരമ്പര്യമായി പകര്‍ന്നു കൊടുക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമാണ്. ഇപ്രകാരം ഓരോ റീത്തുകളിലും പെട്ടവര്‍ ജോലി തേടി വിദേശ രാജ്യങ്ങളിലേക്കു പോകുമ്പോഴും അതു നിലനിറുത്തുവാന്‍ കടപ്പെട്ടിരിക്കുന്നു. "എല്ലാ കത്തോലിക്കരും ലോകത്തെവിടെയായാലും സ്വന്തം റീത്ത് നിലനിര്‍ത്തുകയും അതു സംരക്ഷിക്കുകയും കഴിവിനൊത്ത് അത് പാലിക്കുകയും ചെയ്യണം." (Orientalium Ecclesiarum 4).

ബ്രിട്ടണിലെ സീറോമലബാര്‍ രൂപത ശൈശവാവസ്ഥയിലാണ്. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു രൂപതയുടെ സംവിധാനത്തിലേക്ക് ഇതിനെ ഉയര്‍ത്തുക എന്ന ഭാരിച്ച ദൗത്യമാണ് സ്രാമ്പിക്കല്‍ പിതാവിന്‍റെ മുന്‍പിലുള്ളത്. ഇവിടെ നമുക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ നാം പറയുന്ന അഭിപ്രായം എല്ലാം അംഗീകരിക്കണം എന്നു വാശിപിടിക്കരുത്. ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കാന്‍ കത്തോലിക്കാ സഭ ഒരു ജനാധിപത്യ സംഘടനയല്ല.

"ജനാധിപത്യ സംവിധാനത്തിൽ എല്ലാ അധികാരവും ജനങ്ങളിൽ നിന്നു വരുന്നു. എന്നാൽ സഭയിലാകട്ടെ എല്ലാ അധികാരവും ക്രിസ്തുവിൽ നിന്നു വരുന്നു" (YOUCAT 140). സഭ എന്നത് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടേണ്ട വിശ്വാസികളുടെ സമൂഹമാണ്. ഇവിടെ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായത്തേക്കാള്‍ പ്രധാനം പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ പദ്ധതികള്‍ക്കാണ്. ബ്രിട്ടണിലെ സീറോമലബാർ രൂപതയിലെ ദൈവം വെളിപ്പെടുത്തുന്ന പദ്ധതികളോട് ആമ്മേൻ പറഞ്ഞുകൊണ്ട്, യൂറോപ്പിൽ ക്രൈസ്തവവിശ്വാസത്തിന്റെ പുതിയ വസന്തത്തിന് നമ്മുക്കു തുടക്കം കുറിക്കാം. അതിലൂടെ ദൈവം നമ്മുടെ കുടുംബങ്ങളിലേക്കും തലമുറകളിലേക്കും അനുഗ്രഹങ്ങൾ വർഷിക്കുക തന്നെ ചെയ്യും.


Related Articles »