Social Media - 2024

കുര്‍ബാനയില്‍ മദ്യപിക്കുന്നവര്‍ ബ്രേക്ക്ഫാസ്റ്റിനും മദ്യപിക്കുന്നുണ്ട്: ഫാ. ജോസഫ് ഇലഞ്ഞിമറ്റം എഴുതുന്നു

ഫാ. ജോസഫ് ഇലഞ്ഞിമറ്റം 11-06-2017 - Sunday

''കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍ഡിഎഫ് മുന്നണി; കൂടാതെ മദ്യപരെ ബോധവത്കരിക്കാന്‍ സമഗ്രമായ പദ്ധതികളുമുണ്ട്; അതുകൊണ്ട് നുണപറയുന്നവരെ തിരിച്ചറിയുക. നിങ്ങളുടെ വോട്ട് എല്‍ഡിഎഫിനു തന്നെ നല്കുക.'' ഇലക്ഷന്‍ പ്രചാരണത്തിന്‍റെ ഭാഗമായി മലയാളത്തിന്‍റെ പ്രിയപ്പെട്ട അമ്മനടിയെക്കൊണ്ട് ഇങ്ങനെ പറയിച്ച് മദ്യം മൂലം തരിപ്പണമായ കുടുംബങ്ങളിലെ സ്ത്രീകളുടെ വേട്ട് നേടിയെടുത്തശേഷം മദ്യരാജാക്കന്‍മാരുടെ പൂത്തനോട്ടിന്‍റെ മണമടിച്ചപ്പോള്‍ അവരുടെ മുന്നില്‍ ദണ്ഡനമസ്കാരം നടത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രത്തില്‍ ഇനി Liers Democratic Front എന്നാവും ഇനി അറിയപ്പെടുക.

ഓരോ മദ്യപനെയും നീണ്ട കാലത്തെ വ്യക്തിപരമായ ഇടപെടലും ദീര്‍ഘനാളത്തെ സഹയാത്രയും കൊണ്ട് നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാന്‍ സഹായിക്കുന്ന വിപുലമായ പ്രവൃത്തനങ്ങള്‍ നടത്തുന്ന കത്തോലിക്കാ സഭയുടെ മദ്യവിരുദ്ധനയം കണ്ണിലെ കരടായപ്പോള്‍ സഭയുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങളില്‍ കടന്നാക്രമിക്കുകയാണ് കമ്മ്യൂണിസ്റ്റ് സഹയാത്രികരും മാധ്യമദുഷ്പ്രഭൃതികളും. അവരുടെ ഭാഷയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ മദ്യപരും കുര്‍ബാനയ്ക്കാവശ്യമായ വീഞ്ഞ് നല്കുന്ന മെത്രാസനസംവിധാനം ചാരായ കച്ചവടകേന്ദ്രങ്ങളുമാണ്.

ക്രിസ്തു സ്ഥാപിച്ച കുര്‍ബാനയെപ്പറ്റിയോ അത് പരികര്‍മ്മം ചെയ്യുന്ന സഭയെപ്പറ്റിയോ തരിമ്പും അറിയാത്തവരുടെ വിവരമില്ലായ്മ ചരിത്രത്തില്‍ ആദ്യമല്ലാത്തതുകൊണ്ട് വിട്ടുകളയാം. റോക്കറ്റ് വിട്ടാല്‍ പട്ടിണി മാറുമോ എന്നു ചോദിച്ചവരും ഇന്‍ഡ്യയുടെ മിസൈല്‍ മനുഷ്യനായ അബ്ദുള്‍ കലാമിനെ വാണം വിടുന്നയാള്‍ എന്ന് വിളിച്ചവരുമൊക്കെയാണല്ലോ കക്ഷികള്‍.

''അനന്തരം പാനപാത്രമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍െറ രക്‌തമാണ്‌'' (മത്താ 26:27 - 28).

അന്ത്യത്താഴത്തിന്‍റെ അവസരത്തില്‍ ഇപ്രകാരം പറഞ്ഞുകൊണ്ട് ലോകാവസാനം വരെ തന്‍റെ ഓര്‍മയ്ക്കായി ചെയ്യേണ്ടതിനായി തന്‍റെ അനുയായികളോട് ക്രിസ്തു നിഷ്കര്‍ഷിച്ചതാണ് വി. കുര്‍ബാനയര്‍പ്പണം. യഹൂദ പെസഹായുടെ പശ്ചാത്തലത്തിലാണ് (Berakah) ഈശോ കുര്‍ബാന സ്ഥാപിക്കുന്നത്. മുന്തിരി യഹൂദരുടെ മുഖ്യകൃഷികളിലൊന്നായിരുന്നു; കൂടാതെ വിശേഷാവസരങ്ങളിലും ബലികളിലും മുന്തിരിവീഞ്ഞിന് സ്ഥാനവുമുണ്ടായിരുന്നു.

അന്ത്യത്താഴത്തില്‍ ക്രിസ്തു തന്‍റെ ശരീരരക്തങ്ങളായി പരിവര്‍ത്തനപ്പെടുത്തിയ (transubstantiation) അപ്പവും വീഞ്ഞും തന്നെയാണ് ക്രിസ്തുവിനെത്തുടര്‍ന്ന് സഭയും ഉപയോഗിക്കുന്നത്. പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ മുന്തിരി വീഞ്ഞുപയോഗിക്കാത്തവരെ പാഷണ്ഡികള്‍ എന്നാണ് വി. ജോണ്‍ ക്രിസോസ്റ്റോമിനെപ്പോലുള്ള സഭാപിതാക്കന്‍മാര്‍ വിളിച്ചത്. വി. കുര്‍ബാന സ്വീകരിക്കുന്ന വിശ്വാസികളെ മദ്യപാനികള്‍ എന്നു വിളിച്ച ജോണ്‍ വൈക്ളിഫിനെതിരായി 1418ല്‍ മാര്‍ട്ടിന്‍ അഞ്ചാമന്‍ പാപ്പ പുറപ്പെടുവിച്ച Inter Cuntus എന്ന രേഖ വി. കുര്‍ബാനയിലെ അപ്പവീഞ്ഞുകളെപ്പറ്റിയുള്ള സഭയുടെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നതാണ്ഃ ''കൂദാശാവചനങ്ങള്‍ വൈദികന്‍ ഉച്ചരിച്ചശേഷം അള്‍ത്താരയിലുള്ളത് അപ്പവും വീഞ്ഞുമല്ല; കര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങളാണ്.''

പാശ്ചാത്യ - പൗരസ്‌ത്യസഭകളുടെ കാനന്‍ നിയമസംഹിതകളില്‍ മുന്തിരിയില്‍ നിന്നു തയാറാക്കിയ ശുദ്ധമായ വീഞ്ഞാണു വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഉപയോഗിക്കേണ്ടത്‌ എന്നു സഭ നിഷ്കര്‍ഷിക്കുന്നുണ്ട് (CIC 924, CCEO 706). അങ്ങനെ ദൈവകല്പിതവും പാരമ്പര്യപ്രോക്തവും സഭാനിയമനിഷ്കര്‍ഷയാലുമാണ് കുര്‍ബാനയിലെ വീഞ്ഞുപയോഗം. കേരളത്തിലടക്കം ലോകമെമ്പാടും നിരവധി സ്ഥലങ്ങളില്‍ വി. കുര്‍ബാനയിലെ അപ്പവീഞ്ഞുകള്‍ മാംസവും രക്തവുമായി ദൈവം വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധമായത് ഇറ്റലിയിലെ ലാന്‍സിയാനോയില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതമാണ്.

എഡി 1502ല്‍ വെനീസില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച Narrative of Joseph the Indian എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് യൂറോപ്യന്‍ മിഷനറിമാരുടെ ആഗമനം വരെയും കേരളസഭയില്‍ ഓരോ പള്ളിയിലും ചൈനയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്തു പിഴിഞ്ഞെടുത്ത ചാറാണ്‌ വിശുദ്ധ കുര്‍ബാനയ്‌ക്കുപയോഗിച്ചിരുന്നത് എന്നാണ്. 1599ല്‍ ഉദയംപേരൂര്‍ സൂനഹദോസിനു ശേഷം കേരളസഭയില്‍ ഇന്നത്തെ രീതിയിലുള്ള സാക്രമെന്റല്‍/മാസ് വൈന്‍ അഥവാ വി. കുര്‍ബാനയ്ക്കുള്ള വീഞ്ഞ്‌ പോര്‍ച്ചുഗലില്‍ നിന്നും കൊണ്ടുവന്നു തുടങ്ങി.

1938ല്‍ കൊച്ചി ദിവാന്‍ കേരളത്തില്‍ വിശുദ്ധ കുര്‍ബാനയ്‌ക്കാവശ്യമായ വീഞ്ഞുണ്ടാക്കുന്നതു സംബന്ധിച്ച് കൊച്ചിന്‍ മാസ്‌ വൈന്‍ റൂള്‍സ്‌ എന്നൊരു പ്രത്യേക നിയമം കൊണ്ടുവന്നു. പിന്നീടത് 1969ലെ കേരള ഗസറ്റിലെ വിജ്ഞാപനം വഴി ജനാധിപത്യ ഗവണ്‍മെന്‍റും ഏറ്റെടുത്ത് അംഗീകരിച്ചു. പ്രസ്തുത നിയമമനുസരിച്ച് വീഞ്ഞിന്റെ നിര്‍മാണം, വിതരണം, സ്റ്റോക്ക് സംബന്ധിച്ച് പാലിക്കേണ്ട ചട്ടങ്ങളും സൂക്ഷിക്കേണ്ട രജിസ്റ്ററുകളുമല്ലാം ചിട്ടായി പാലിച്ചുകൊണ്ടാണു കുര്‍ബാനയ്‌ക്കാവശ്യമായ വീഞ്ഞുണ്ടാക്കുന്നത്‌. അതു സംബന്ധിച്ച് ഇതുവരെ എവിടെയെങ്കിലും വസ്തുനിഷ്ഠമായ പരാതിയുള്ളതായി അറിവില്ല.

പള്ളികളുടെയും വിശ്വാസികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ കാലാകാലങ്ങളില്‍ സര്‍ക്കാരില്‍ അപേക്ഷ വച്ചു മാത്രമാണ് വീഞ്ഞുത്പാദനം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ മാധ്യമ വിചാരണക്കാര്‍ അതേപ്പറ്റി വിധി പ്രഖ്യാപിച്ചത് അത് അരമനകളിലോ പള്ളികളിലോ ഉള്ളവര്‍ക്ക് മത്തുപിടിക്കാന്‍ വേണ്ടിയാണ് എന്നാണ്.

കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ചാനലുകാര്‍ വിളിച്ചു പറയുന്നതു പോലെ ലഹരിയുള്ള ആല്‍ക്കഹോളിക്ക് ലിക്കര്‍ അല്ല. അതുകൊണ്ടുതന്നെ ഈ വീഞ്ഞിനെ സാധാരണ മദ്യത്തിന്റെ ഗണത്തില്‍ കൂട്ടാതെ പ്രത്യേകമായി പരിഗണിച്ച് സര്‍ക്കാര്‍ നിയമങ്ങള്‍ നിര്‍മിച്ചത്‌. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു മാത്രമുള്ള മാസ് വൈനാകട്ടെ ഒരു കാസയില്‍ കൊള്ളുന്ന പരമാവധി നൂറു മില്ലിയില്‍ നിന്നും നൂറുകണക്കിനു പേരാണ് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത്‌. ഇതില്‍ നിന്നും ആരാണ് പൂസാവുന്നത് ? അബ്കാരി നിയമപ്രകാരം വൈനിനെ നിര്‍വ്വചിക്കുന്നത് 8 - 15 ശതമാനം വരെ ആല്‍ക്കഹോളിക്ക് കണ്‍റന്‍റ് ഉള്ള പാനീയമെന്നാണ്. എന്നാല്‍ മാസ് വൈനില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ആല്‍ക്കഹോളിക്ക് കണ്‍റന്‍റ്.

മദ്യനിരോധനം കര്‍ശനമായുള്ള രാഷ്ട്രങ്ങള്‍ പോലും വി. കുര്‍ബനയ്ക്കുള്ള വീഞ്ഞ് മദ്യമായി കണ്ട് ചോദ്യം ചെയ്തിട്ടില്ല. ഇതൊക്കെ അറിഞ്ഞാണോ അറിയാതെയാണോയെന്നറിയില്ല ദേവാലയങ്ങളെ ബാറിനോടും കുര്‍ബാനയര്‍പ്പണത്തെ മദ്യസല്‍ക്കാരത്തോടും ഉപമിക്കുന്നത്. കേരളത്തെ നശിപ്പിക്കാനായി പടച്ചുവിട്ട മദ്യനയത്തെ ചോദ്യം ചെയ്ത ക്രൈസ്തവസമൂഹത്തിനെതിരേ മുഖം രക്ഷിക്കാനെടുത്ത കൊടുവാളാണ് കുര്‍ബാനയിലെ വീഞ്ഞ് എന്നത് ഖേദകരമാണ്. അത്തരത്തില്‍ നോക്കിയാല്‍ ഹോമിയോ മരുന്നിലും കഫ് സിറപ്പുകളിലും എന്തിന് യീസ്റ്റിട്ട് പുളിപ്പിച്ച അപ്പത്തിലുമെല്ലാം മദ്യത്തിന്‍റെ സാന്നിധ്യമുണ്ടല്ലോ! ഇതൊക്കെ മനസിലാക്കാനുള്ള തിരിച്ചറിവില്ലാതെ ക്രൈസ്തവ വിശ്വാസത്തിന്‍റെ പരമമായ ആരാധനയായ കുര്‍ബാനയെ അവഹേളനാപരമായി മദ്യനയത്തിന്‍റെ വിഷയത്തിലേക്ക് വലിച്ചിഴച്ചതില്‍ ക്രൈസ്തവസമൂഹത്തിനുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

അപ്പോള്‍ പിന്നെ ആരാണ് നുണ പറയുന്നത് ? ഈശോ പിശാചിനെപ്പറ്റി പറഞ്ഞത് ഓര്‍ത്തുപോകുന്നുഃ നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.''(യോഹ 8:44).

പിന്‍കുറിപ്പ്: ‍ ദൈവാനുഗ്രഹത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി വീഞ്ഞിനെ പരാമര്‍ശിക്കുന്നെങ്കിലും സുഖിക്കാനും ലഹരിക്കുമായുള്ള വീഞ്ഞിന്‍റെ ഉപയോഗത്തിനെതിരേ ബൈബിള്‍ പുതിയ നിയമവും പഴയ നിയമവും ഒരുപോലെ താക്കീതു ചെയ്യുന്ന അനവധി ഭാഗങ്ങളുണ്ട്. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാത്തവരുടെ കൂട്ടത്തില്‍ മദ്യപിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് വി. പൗലോസ് പ്രഘോഷിക്കുന്നത് (1 കോറി 6, 10).


Related Articles »