India - 2024

ഫാ. മാര്‍ട്ടിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ 26-06-2017 - Monday

തിരുവനന്തപുരം: സ്കോട്ലൻഡിലെ എഡിൻബറോയിൽ മലയാളി വൈദികൻ ഫാദർ മാർട്ടിൻ സേവ്യറിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു.

വൈദികന്‍റെ ആകസ്മിക മരണത്തില്‍ ബന്ധുക്കൾക്കും സഭയ്ക്കും കടുത്ത വേദനയും സംശയവും ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ അടിയന്തരമായി അന്വേഷണം നടത്താൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നിർദേശം നൽകണം. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 10.30ന് എഡിൻബറയിലെ ഈസ്റ്റ് ലോഥിയാൻ പ്രവിശ്യയിൽ ഡൺബാർ ബീച്ചിനു സമീപത്തു നിന്നാണ് വൈദികന്‍റെ മൃതദേഹം കണ്ടെത്തിയത്. അതേ സമയം ഇന്ന് പോസ്റ്റ‌്‌മോർട്ടം നടക്കുമെന്നാണ് സൂചന.

ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും പരേതയായ മറിയാമ്മയുടെയും മകനായ ഫാ. മാർട്ടിൻ വാഴച്ചിറ ഒരു വർഷം മുൻപാണ് എഡിൻബറ സർവകലാശാലയിൽ ഉപരിപഠനത്തിനായി സ്കോ‌ട്‌ല‌ൻഡിലേക്കു പോയത്.


Related Articles »