News - 2024

കൊറിയൻ രാഷ്ട്രങ്ങൾക്കിടയിൽ സമാധാന ദൗത്യവുമായി കർദ്ദിനാൾ ഗ്രിഗോറിയോ

സ്വന്തം ലേഖകന്‍ 12-07-2017 - Wednesday

സാൻ സാൽവഡോർ: യുദ്ധപ്രിയരായി ഭിന്നിച്ചു നില്ക്കുന്ന കൊറിയൻ രാഷ്ട്രങ്ങൾക്കിടയിൽ സമാധാന ദൗത്യവുമായി എൽ സാൽവഡോറിൽ നിയമിതനായ കർദ്ദിനാൾ ഗ്രിഗോറിയോ റോസ ചാവേസ്. ഫ്രാൻസിസ് പാപ്പ തന്നെ ഏല്പിച്ച ദൗത്യങ്ങളിൽ ബിഷപ്പുമാരോടൊപ്പം തുടരുമെന്നും സമാധാനത്തിന് വേണ്ടി നിലകൊള്ളുമെന്നും ജൂലൈ എട്ടിന് സാൻ സാൽവഡോർ കത്തീഡ്രൽ ദേവാലയത്തിലെ ബലിയർപ്പണത്തിൽ അദ്ദേഹം പറഞ്ഞു. തെക്കൻ കൊറിയയിലെ സിയോളിലേക്ക് ലഭിച്ച ക്ഷണം സ്വീകരിച്ച് തെക്കൻ കൊറിയയും ഉത്തര കൊറിയയും തമ്മിൽ സമാധാനന്തരീക്ഷം സ്ഥാപിക്കാനുള്ള സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

1984 മുതൽ 1989 വരെയുള്ള കാലഘട്ടത്തിലെ എൽ സാൽവഡോറിലെ സമാധാന ഉടമ്പടികൾക്കായി നടത്തിയ ഓരോ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തിയാണ് കർദിനാൾ ഗ്രിഗോറിയോ. പന്ത്രണ്ടു വർഷങ്ങൾ നീണ്ടു നിന്ന എൽ സൽവഡോർ ആഭ്യന്തര കലാപത്തിൽ സമാധാനം സ്ഥാപിക്കാൻ, വാഴ്ത്തപ്പെട്ട ഓസ്കാർ റോമെറോയോടൊപ്പമുള്ള കർദ്ദിനാൾ റോസ ചാവേസിന്റെ പ്രവർത്തനം ശ്രദ്ധേയമായിരിന്നു.

കര്‍ദിനാളിന്റെ അനുഭവജ്ഞാനം ഉപകരിക്കുന്ന മേഖലയിലാണ് നിയമിതനായിരിക്കുന്നതെന്ന് എൽ സാൽവഡോറില്‍ നിന്നുള്ള വത്തിക്കാന്‍ പ്രതിനിധി പ്രതിനിധി മാനുവൽ റോബർട്ടോ ലോപസ് പറഞ്ഞു. കൊറിയൻ സ്ഥിതിഗതികൾ രൂക്ഷമാണ്. അത് ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്നതല്ല. എന്നിരുന്നാലും കർദ്ദിനാളിന്റെ ഇടപെടലിലൂടെ സ്ഥിതിഗതികൾ ഒത്തുതീർപ്പിലേക്ക് എത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

വർഷങ്ങളായി തനിക്ക് അദ്ദേഹത്തെ അറിയാമെന്നും വിനീതനും ജനങ്ങളുമായി അടുത്തിടപഴകുന്ന കർദിനാൾ ഗ്രിഗോറിയോ, സഹായമെത്രാനായ വേളയിൽ ഫ്രാൻസിസ് പാപ്പ ആവശ്യപ്പെടുന്നതു പോലെ ഇടയനടുത്ത വാത്സല്യത്തോടെ പെരുമാറിയിരുന്നതായും ലോപസ് പറഞ്ഞു. കർദിനാൾ ഗ്രിഗോറിയോയുടെ കഴിവുകൾ മനസ്സിലാക്കിയാണ് മാർപാപ്പ പുതിയ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂഖണ്ഡങ്ങളെ തന്നെ തകർക്കാൻ ശേഷിയുള്ള ഉത്തര കൊറിയയുടെ ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണത്തെ തുടർന്ന് യുദ്ധസാദ്ധ്യതകൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് കർദിനാളിനു പുതിയ ദൗത്യം ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. യു.എസ്-തെക്കൻ കൊറിയൻ സംയുക്ത ആയുധ പ്രദർശനത്തെ മറികടന്നാണ് കിം ജോങ്ങിന്റെ നേതൃത്വത്തിൽ ഉത്തര കൊറിയ നേരത്തെ അണുവായുധ പരീക്ഷണം നടത്തിയത്.


Related Articles »