Events - 2024

റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന "പ്രീസ്റ്റ് ഗ്രാന്റ് കോൺഫറൻസ് " ജുലൈ 30 മുതൽ

ബാബു ജോസഫ് 25-07-2017 - Tuesday

പാലക്കാട്. സഭയെ വളർത്താൻ സഭയ്‌ക്കൊപ്പം നിലകൊണ്ട് ലോകസുവിശേഷവത്കരണരംഗത്ത്‌ പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുവാൻ ദൈവം ഉപകരണമാക്കിയ കാലഘട്ടത്തിന്റെ വചനപ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനും അദ്ദേഹം സ്ഥാപക ഡയറക്ടറായിട്ടുള്ളതും,ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതുമായ, സെഹിയോൻ മിനിസ്റ്റ്രിക്കും അഭിഷേക നിറവും അനുഗ്രഹ സാഫല്യവുമേകിക്കൊണ്ട്‌ സഭാ പിതാക്കന്മാരടക്കം ആയിരത്തിലേറെ ദൈവിക പ്രതിപുരുഷന്മാരുടെ മഹാസംഗമം ജുലൈ 30 മുതൽ ആഗസ്റ്റ് 4 വരെ അട്ടപ്പാടി താവളം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടക്കുന്നു.

സീറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ്‌ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച്‌ ബിഷപ്പുമായ കർദ്ദിനാൾ ബസേലിയസ് മാർ ക്ളീമീസ്, ബിഷപ്പ് മാർ വർഗീസ് ചക്കാലയ്ക്കൽ , ബിഷപ്പ്‌ മാർ ജേക്കബ് മനത്തോടത്ത്‌, ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ്‌ മാർ ജോസഫ് സ്രാമ്പിക്കൽ ,ബിഷപ്പ് സാമുവേൽ മാർ ഐറേനിയസ്‌ , ബിഷപ്പ്‌ മാർ റാഫേൽ തട്ടിൽ, തുടങ്ങി നിരവധി മെത്രാൻമാരും സെഹിയോനിൽ ധ്യാനം കൂടിയ വൈദികരുടെ ഈ മഹാസംഗമത്തിൽ പങ്കെടുക്കും.

റവ ഫാ സേവ്യർ ഖാൻ വട്ടായിൽ വൈദിക മഹാ സംഗമം നയിക്കും. പോട്ട ഡിവൈൻ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടറും കരിസ്മാറ്റിക് നവോത്ഥാന ശില്പിയുമായ റവ ഫാ മാത്യു നായ്ക്കംപറമ്പിൽ, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ ഫാ ബിനോയ് കരിമരുതുംകൽ, സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ ഫാ സോജി ഓലിക്കൽ,സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ റെനി പുല്ലുകാലായിൽ, ശാലോം മാധ്യമ ശുശ്രൂഷകളുടെ ചീഫ് എഡിറ്റർ ബ്രദർ ബെന്നി പുന്നത്തറ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.

ഭാരത കത്തോലിക്കാ സഭയിലെ ആയിരത്തിലേറെ വൈദികരും പിതാക്കന്മാരും ഒരുമിക്കുന്ന സംഗമത്തിനായുള്ള ഒരുക്കങ്ങൾ സെഹിയോനിൽ നടന്നുവരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായിരുന്നുകൊണ്ട് അനേകർ ഈ വൈദിക മഹാ സംഗമത്തിനായി പ്രാർത്ഥിക്കുന്നു. സെഹിയോൻ ധ്യാനകേന്ദ്രത്തെയും അതിന്റെ ശുശ്രൂഷകളെയും സംബന്ധിച്ചിടത്തോളം ദൈവികപരിപാലനത്തിന്റെ ഏറ്റവും മഹത്തായ നാളുകളാവും വൈദിക മഹാസംഗമത്തിന്റെ ദിനങ്ങൾ.

മഹത്തായ ദൈവിക പദ്ധതിയുടെയും അനുഗ്രഹത്തിന്റെയും ഫലമായിക്കണ്ട്‌ നടത്തപ്പെടുന്ന ഈ വൈദിക മഹാ സംഗമത്തിൻറെ ആത്മീയവിജയത്തിനായി സെഹിയോൻ കുടുംബം ഏവരുടെയും പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നു.


Related Articles »