News

'ഇത് ക്വാരഖോഷ് നഗരത്തിന്റെ രണ്ടാം ജന്മം’: ഐ‌എസില്‍ നിന്നും തിരിച്ചുപിടിച്ച ക്രിസ്ത്യന്‍ പട്ടണത്തില്‍ വീണ്ടും ബലിയര്‍പ്പണം

സ്വന്തം ലേഖകന്‍ 26-07-2017 - Wednesday

ക്വാരക്വോഷ്: രണ്ടു വര്‍ഷക്കാലത്തെ ജിഹാദി ഭരണത്തില്‍ നിന്നും മോചനം നേടിയ ഇറാഖിലെ പ്രധാന ക്രിസ്ത്യന്‍ പട്ടണങ്ങളില്‍ ഒന്നായ ക്വാരക്വോഷ് (ഹംദാനിയ) നഗരത്തില്‍ ല്യോണ്‍സിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ഫിലിപ്പെ ബാര്‍ബാരിന്‍ വിശുദ്ധ ബലിയര്‍പ്പിച്ചു. തിങ്കളാഴ്ച ക്വാരക്വോഷിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ നഗരത്തിന്റെ രണ്ടാം ജന്മമാണെന്ന് ഇതെന്ന്‍ കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആധിപത്യത്തിന് ഒരു മാസം മുന്‍പ് ഇവിടം സന്ദര്‍ശിച്ച തനിക്ക് ഇപ്പോള്‍ ഇവിടേക്ക് വരുമ്പോള്‍ സങ്കടവും ഒപ്പം പ്രതീക്ഷയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശിക ക്രിസ്ത്യന്‍ സുരക്ഷാ സംഘടനയായ നിനവേ പ്ലെയിന്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ (NPU) അകമ്പടിയോടെ എത്തിയ കര്‍ദ്ദിനാള്‍ ബാര്‍ബാരിനേയും സംഘത്തേയും ആഹ്ലാദാരവങ്ങളോടെയാണ് ക്വാരക്വോഷിലെ വിശ്വാസികള്‍ എതിരേറ്റത്. ഏതാണ്ട് നൂറില്‍പ്പരം ആളുകള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തു. 2014 ജൂലൈ 29-ന് താന്‍ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ നഗരം മനോഹരവും, പ്രതാപം നിറഞ്ഞതുമായിരുന്നുവെന്ന്‍ കര്‍ദ്ദിനാള്‍ ബാര്‍ബാരിന്‍ സ്മരിച്ചു.

നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രല്‍ തകര്‍ക്കുകയും, ഒന്നാം നിലയിലെ രൂപങ്ങളും, ആരാധനാപുസ്തകങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടുവര്‍ഷത്തെ ഐ‌എസ് കിരാതഭരണത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും ദേവാലയത്തില്‍ ഉണ്ട്. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനു ശേഷമാണ് ഇറാഖി സൈന്യം ഈ നഗരം പൂര്‍ണ്ണമായും മോചിപ്പിച്ചത്.

മൊസൂളിനോട് ചേര്‍ന്നുള്ള 15 കിലോമീറ്ററോളം വരുന്ന പ്രദേശം കഴിഞ്ഞ ഒക്ടോബറില്‍ തന്നെ സൈന്യം തിരിച്ചുപിടിച്ചിരുന്നു. ഐ‌എസ് ആക്രമണത്തെത്തുടര്‍ന്ന് ഏതാണ് 50,000-ത്തോളം വരുന്ന ജനങ്ങളാണ് ഈ പ്രദേശം വിട്ട് പലായനം ചെയ്തത്. പലായനം ചെയ്തവര്‍ തിരികെ വരുന്നതിനു മുന്‍പ് തന്നെ കുഴിബോംബുകള്‍ നീക്കം ചെയ്യേണ്ടതും, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. അതേ സമയം നൂറ് കണക്കിന് കുടുംബങ്ങള്‍ സ്വന്തം ദേശത്തേക്കു തിരിച്ചുവന്നിട്ടുണ്ട്.


Related Articles »