Faith And Reason - 2024

റഷ്യ വിശ്വാസത്തിന്‍റെ പാതയില്‍: നിരീശ്വരവാദികളുടെ എണ്ണം പകുതിയായി കുറഞ്ഞു

സ്വന്തം ലേഖകന്‍ 28-07-2017 - Friday

മോസ്കോ: ശക്തമായ ക്രൈസ്തവ വിശ്വാസത്തിലേക്ക് റഷ്യന്‍ ജനത കടന്നുവരുന്നതായി പുതിയ സര്‍വ്വേ ഫലം. റഷ്യയിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ‘ലെവാഡാ’ എന്ന സ്വതന്ത്ര റിസര്‍ച്ച് സെന്‍റര്‍ അടുത്തിടെ നടത്തിയ സര്‍വ്വേ പ്രകാരം റഷ്യയിലെ നിരീശ്വരവാദികളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. 2014-ല്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തരാണെന്ന് കരുതുന്നവരുടെ എണ്ണം 26 ശതമാനമായിരുന്നുവെങ്കില്‍ 2017-ആയപ്പോഴേക്കും ഇത് 13 ശതമാനായി കുറഞ്ഞുവെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

രാജ്യത്തെ 48 പ്രദേശങ്ങളിലുള്ള പട്ടണങ്ങളിലും, ഗ്രാമങ്ങളിലുമായി 137 അധിവാസമേഖലകളിലെ 18 വയസ്സോ അതില്‍ക്കൂടുതലോ പ്രായമുള്ള 1600-ഓളം പേര്‍ക്കിടയിലായിരുന്നു സര്‍വ്വേ നടത്തിയത്. ‘ലെവാഡാ’യുടെ സര്‍വ്വേയില്‍ പങ്കടുത്തവരില്‍ 44% പേര്‍ ദൈവവിശ്വാസികളും, 33% പേര്‍ മിതമായ രീതിയിലുള്ള വിശ്വാസമുള്ളവരും, 9% കടുത്ത ദൈവവിശ്വാസികളുമാണെന്ന് വ്യക്തമായി. സര്‍വ്വേയില്‍ പങ്കെടുത്ത 92 ശതമാനം പേരും ഓര്‍ത്തഡോക്സ് വിഭാഗത്തെ അനുകൂലിക്കുന്നവരാണ്.

2014-നും 2017-നും ഇടക്ക് കത്തോലിക്കരുടെ എണ്ണത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെങ്കിലും സര്‍വ്വേ പ്രകാരം 34 ശതമാനത്തോളം പേര്‍ കത്തോലിക്കാ സഭയെ ബഹുമാനിക്കുന്നവരും 40 ശതമാനത്തോളം കത്തോലിക്കാ സഭയെ ആദരവോടെ കാണുന്നവരുമാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 13 ശതമാനം പേര്‍ അഭിപ്രായം പ്രകടിപ്പിച്ചില്ല. കത്തോലിക്കാ സഭയുടെ 2017-ലെ വാര്‍ഷിക ഡയറക്ടറിയായ ‘ആന്നുവാരിയോ പൊന്തിഫിസിയോ’ അനുസരിച്ച് റഷ്യയില്‍ ഏതാണ്ട് 773,000 ത്തോളം കത്തോലിക്കര്‍ ഉണ്ട്.


Related Articles »