News - 2024

ബ്രിട്ടൻ ഒരു ക്രൈസ്തവ രാജ്യമാണെന്ന് സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കണം: ബ്രിട്ടിഷ് വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോർഗൻ

സ്വന്തം ലേഖകൻ 01-01-2016 - Friday

ബ്രിട്ടൻ പ്രധാനമായും ഒരു ക്രൈസ്തവ രാജ്യമാണെന്ന് സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നും; നിരീശ്വരവാദത്തേക്കാൾ ഉപരി, സ്കൂളുകളിൽ മതബോധനം നടത്താനുള്ള അവകാശം ക്രൈസ്തവ രാജ്യമായ ബ്രിട്ടനിൽ ഉണ്ടെന്നും, വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോർഗൻ അഭിപ്രായപ്പെട്ടു.

നിരീശ്വരവാദങ്ങൾ പാഠഭാഗങ്ങളിൽ നിന്നും നീക്കിയത് ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി, വിശദീകരണമാവശ്യപ്പെട്ടപ്പോളാണ് നിക്കി മോർഗൻ ഈ വിധത്തിൽ പ്രതികരിച്ചത്.

നിരീശ്വരവാദത്തെ സിലബസ്സിൽ നിന്നും ഒഴിവാക്കിയത് തെറ്റാണെന്ന് കഴിഞ്ഞ മാസം കോടതി വിധിച്ചിരുന്നു. പക്ഷേ, വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന പുതിയ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് നിരീശ്വരവാദ വിഷയങ്ങൾക്ക് മതപരമായ വിഷയങ്ങളുടെ ഒപ്പം തുല്യത അനുവദിക്കേണ്ടതില്ല. പുതിയ നിർദ്ദേശങ്ങളനുസരിച്ച്, മതബേധനം ഇല്ലാത്ത സ്കൂളുകൾ പോലും, ബ്രിട്ടന്റെ ക്രൈസ്തവ പാരമ്പര്യത്തിന് ഊന്നൽ കൊടുത്തുകൊണ്ട്, കുട്ടികളെ പഠിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്നു.

പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ, ബ്രിട്ടൻ ഒരു ക്രൈസ്തവ രാജ്യമാണ് എന്ന് എടുത്തു പറഞ്ഞതിന് പിന്നാലെയാണ്, വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ കോടതി വിധിക്ക് ശേഷം, ഹ്യൂമാനിറ്റുകൾ എന്നറിയപ്പെടുന്നവർ, നിരീശ്വരവാദ പഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്കൂളുകൾക്കു മേൽ സമ്മർദ്ദം ചെലുത്തുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്, വിദ്യാഭ്യാസ വകുപ്പ് പുതിയ നിർദ്ദേശങ്ങൾ നൽകിയത് എന്ന് മിസിസ് മോർഗൻ അറിയിച്ചു. "ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവരുടേതായ മതബോധനം തുടരാനുള്ള അവകാശം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്." അവർ പറഞ്ഞു .

"പുതിയ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ, കോടതിയുടെ ചില നിഗമനങ്ങൾ ഈ കാര്യത്തിൽ അപ്രസക്തമാകുകയാണ്. വിവിധ മതങ്ങൾ നടത്തുന്ന സ്കൂളുകൾക്കും അല്ലാത്തവയ്ക്കും, നിരീശ്വരവാദത്തേക്കാൾ ഉപരി മതബോധനം നടത്താനുള്ള അവകാശം, വ്യക്തമാക്കുന്നതാണ് പുതിയ നിർദ്ദേശങ്ങൾ. അത് ഓരോ സ്കൂളുകളുടെയും അവകാശമാണെന്ന് ഞാൻ കരുതുന്നു." മിസിസ് മോർഗൻ പറഞ്ഞു.

നിരീശ്വരവാദികളും ഹ്യൂമാനിസ്റ്റ് ഗ്രൂപ്പുകളും കോടതി മുഖാന്തിരം സ്കൂളുകളിൽ നിരീശ്വര വാദം പഠിപ്പിക്കാൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ശ്രമങ്ങൾ അതിര് കടക്കുന്നു എന്ന് കരുതുന്നതു കൊണ്ടാണ് അവർ മതബോധനത്തിനുള്ള സ്കൂളുകളുടെ അവകാശത്തെ സംരക്ഷിച്ചു കൊണ്ടുള്ള നിർദ്ദേശങ്ങൾ നൽകിയത്; Catholic Universe റിപ്പോർട്ട് ചെയ്യുന്നു.