India - 2024

സര്‍ക്കാരിന്റെ മദ്യലോബിയോടുള്ള ആഭിമുഖ്യം വ്യക്തം: കേരള മദ്യവിരുദ്ധ ഏകോപന സമിതി

സ്വന്തം ലേഖകന്‍ 17-08-2017 - Thursday

കൊച്ചി: ദേശീയസംസ്ഥാന പാതകളുടെ പദവി ഇല്ലാതാക്കി 429 മദ്യശാലകള്‍ കൂടി തുറക്കാനുള്ള നീക്കം, സര്‍ക്കാരിന്റെ ആഭിമുഖ്യം മദ്യലോബിയോടും മദ്യരാജാക്കന്‍മാരോടുമാണെന്നു വ്യക്തമാക്കുന്നുവെന്ന്‍ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന നേതൃസമ്മേളനം. ദേശീയപാത പദവി ഫണ്ടുകളും ആനുകൂല്യങ്ങളും പാതസംരക്ഷണവുമെല്ലാം മദ്യലോബികള്‍ക്കുവേണ്ടി ഇല്ലാതാക്കി, കേരളമാകെ മദ്യമൊഴുക്കാനുള്ള സംഘടിത നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സമിതി ആരോപിച്ചു.

മദ്യപിച്ചുണ്ടാകുന്ന വാഹനാപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുവേണ്ടിയാണ് സുപ്രീംകോടതി പാതയോരങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്നു വിധിച്ചത്. പാതയുടെ പദവി എടുത്തുകളഞ്ഞ്, കുറുക്കുവഴികളിലൂടെ മദ്യശാലകള്‍ നിലനിര്‍ത്തുന്‌പോള്‍ സുപ്രീംകോടതി വിധിയുടെ അന്തഃസത്തയെയാണ് അട്ടിമറിക്കുന്നത്. ഘട്ടംഘട്ടമായി സന്പൂര്‍ണ മദ്യവത്കരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ നീക്കങ്ങളെ ചെറുത്തു തോല്പിക്കാന്‍ മദ്യവിരുദ്ധ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും മുന്നോട്ടുവരണം.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന നേതൃസമ്മേളനം സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ചാര്‍ളി പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.സിബിസി ലഹരിവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, പ്രഫ. കെ.കെ.കൃഷ്ണന്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറന്പില്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍, ഫാ. ആന്റണി അറയ്ക്കല്‍, ടി.എം.വര്‍ഗീസ്, പി.എച്ച്. ഷാജഹാന്‍, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ, അഡ്വ. എന്‍.രാജേന്ദ്രന്‍, പ്രഫ.തങ്കം ജേക്കബ്, ഹില്‍ട്ടന്‍ ചാള്‍സ്, ജെയിംസ് കോറന്‌പേല്‍, മിനി ആന്റണി, ജോണ്‍സണ്‍ പാട്ടത്തില്‍, തങ്കച്ചന്‍ വെളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »