India - 2024

ബോണക്കാട് കുരിശ് തകര്‍ത്ത സംഭവം: വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 21-08-2017 - Monday

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ സ്ഥാപിക്കപ്പെട്ടിരുന്ന കുരിശുകളും അള്‍ത്താരയും തകര്‍ത്ത നടപടിയെ അപലപിച്ചു കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം. സംഭവം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്നു അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വനംവകുപ്പ് പറയുന്ന സാഹചര്യത്തില്‍ ഇതിനുപിന്നിലെ ദുഷ്ടശക്തികളെ കണ്ടെത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി ക്രൈസ്തസ്തവരും നാനാജാതിമതസ്ഥരും പവിത്രമായിക്കണ്ട് വണങ്ങിപ്പോന്നിരുന്ന ബോണക്കാട് തീര്‍ത്ഥാടന കേന്ദ്രത്തിനുനേരെ നടന്ന ആക്രമണങ്ങള്‍ മതസൗഹാര്‍ദത്തോടുള്ള വെല്ലുവിളിയാണ്. യാതൊരുവിധത്തിലുമുള്ള കൈയേറ്റവും കത്തോലിക്കസഭ പ്രോത്സാഹിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല. അവകാശപ്പെട്ട സ്ഥലങ്ങള്‍ നിയമപരമായും സമാധാനപരമായും ഒഴിപ്പിച്ചെടുക്കാന്‍ വനംവകുപ്പിന് അവകാശമുണ്ട്.

ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താമെന്ന് ഉറപ്പുകൊടുത്ത സാഹചര്യത്തില്‍ കുരിശുകളും അള്‍ത്താരയും തകര്‍ത്ത് ഈ പ്രദേശത്ത് മതസ്പര്‍ധ വളര്‍ത്താനുള്ള ഗൂഢനീക്കത്തിന് വനംവകുപ്പ് ഒത്താശചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞദിവസം കുരിശുകള്‍ തകര്‍ക്കാനുള്ള വനംവകുപ്പിന്റെ ശ്രമം മന്ത്രി കെ. രാജു ഇടപെട്ട് നിര്‍ത്തിവയ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം കടന്നുകയറ്റങ്ങള്‍ ഉണ്ടായത്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തെ ചോദ്യം ചെയ്യുന്നതരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ ഒട്ടനവധി തവണ അരങ്ങേറിയിട്ടുണ്ട്. ആയതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആര്‍ച്ച് ബിഷപ് പ്രസ്താവനയില്‍ പറഞ്ഞു.


Related Articles »