India

അള്‍ത്താര തകര്‍ത്തെങ്കിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വൈദികനും വിശ്വാസികളും

സ്വന്തം ലേഖകന്‍ 21-08-2017 - Monday

വിതുര: ബോണക്കാട്ടെ കുരിശുമലയില്‍ കുരിശും അള്‍ത്താരയും തകര്‍ത്തെങ്കിലും വിശ്വാസത്തിനു സാക്ഷ്യം നല്‍കി പരസ്യബലിയര്‍പ്പണം നടന്നു. ഏറെ നേരത്തെ പ്രതിഷേധത്തിനും അനിശ്ചിതത്വത്തിനും ഒടുവിലാണ് കുരിശ് മലയില്‍ പ്രവേശിച്ച് ദിവ്യബലിയര്‍പ്പണം നടത്താന്‍ വൈദികര്‍ക്കും വിശ്വസികള്‍ക്കും കഴിഞ്ഞത്.



നേരത്തെ കുരിശുകളും അള്‍ത്താരയും തകര്‍ക്കപ്പെട്ട ബോണക്കാട് കുരിശുമലയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കെത്തിയ വിശ്വാസികളെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ തടഞ്ഞിരിന്നു. നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ ചെക്ക്‌പോസ്റ്റ് തുറക്കാന്‍ വനം വകുപ്പ് തയാറായില്ല. പ്രതികൂല കാലാവസ്ഥയില്‍ മൂന്നു മണിക്കൂറിലധികം ചെക്ക് പോസ്റ്റില്‍ കുടുങ്ങിയ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരിന്നു.

വിശ്വാസികളോടൊപ്പം ഉണ്ടായിരുന്ന നെയ്യാറ്റിന്‍കര രൂപത അല്മായ ഡയറക്ടര്‍ ഫാ. രാജ്കുമാര്‍, ഫാ. രാഹുല്‍ ബി. ആന്റോ, ഫാ. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ എലിസബത്ത് സേവ്യര്‍ എന്നിവരുമായി അധികൃതര്‍ ചര്‍ച്ച നടത്തി. ചെക്ക്‌പോസ്റ്റില്‍ വിശ്വാസികളെ തടഞ്ഞവര്‍ക്കെതിരെ നടപടി എടുക്കാമെന്ന് തഹസില്‍ദാരും ഡിവൈഎസ്പിയും ഉറപ്പു നല്‍കി.

ഒടുവില്‍ ചെക്ക്‌പോസ്റ്റ് തുറന്നു കൊടുക്കുകയായിരിന്നു. തുടര്‍ന്നു വിശ്വാസികള്‍ മല മുകളില്‍ എത്തി ബലിയര്‍പ്പണം നടത്തി. തകര്‍ത്ത കുരിശും അള്‍ത്താരയും സന്ദര്‍ശിച്ച ശേഷമാണു വിശ്വാസികളും വൈദികനും മടങ്ങിയത്‌.


Related Articles »