India

സീറോ മലബാര്‍ സഭാ സിനഡ് ആരംഭിച്ചു

സ്വന്തം ലേഖകന്‍ 22-08-2017 - Tuesday

കൊച്ചി: സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ സിനഡിനു തുടക്കമായി. സിനഡിന്റെ ഇരുപത്തിയഞ്ചാമതു സമ്മേളനത്തിന്റെ രണ്ടാം സെഷനാണു സഭയുടെ ആസ്ഥാനകാര്യാലയത്തില്‍ ആരംഭിച്ചത്. സഭയിലെ 49 മെത്രാന്മാര്‍ പങ്കെടുക്കുന്ന സിനഡ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

വിശ്വാസജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധതയോടെ പൊതുവിഷയങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താനും സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും കര്‍ദ്ദിനാള്‍ ഉദ്ഘാടന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്തിനും മാര്‍ സൈമണ്‍ സ്‌റ്റോക് പാലാത്തറയ്ക്കും സിനഡ് ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ സിനഡിനു ശേഷം ദിവംഗതനായ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയ്ക്കും ദീര്‍ഘകാലം കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന എം.ഡി. ജോസഫ് മണ്ണിപ്പറന്പിലിന്റെ നിര്യാണത്തിലും സിനഡ് അനുശോചനം രേഖപ്പെടുത്തി.

സാഗര്‍ ബിഷപ് മാര്‍ ആന്റണി ചിറയത്തിന്റെ നേതൃത്വത്തിലുള്ള പ്രാരംഭധ്യാനത്തോടെയായിരുന്നു സിനഡിനു തുടക്കമായത്. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര്‍ ദിവ്യബലിയര്‍പ്പിച്ചു. 27നു കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ ആരംഭിക്കുന്ന കാനന്‍ നിയമ ഫാക്കല്‍ട്ടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സിനഡിലെ മെത്രാന്മാര്‍ പങ്കെടുക്കും.

ജന്മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു സിനഡിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ സ്വീകരണം നല്‍കും. സഭയിലെ വിവിധ സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുമായി സിനഡിലെ മെത്രാന്മാര്‍ സമര്‍പ്പിതജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സെപ്റ്റംബര്‍ ഒന്നിനു സിനഡ് സമാപിക്കും.


Related Articles »