India - 2024

മദ്യനയം: സര്‍ക്കാര്‍ നിലപാട് ആശങ്കാജനകമെന്ന് സീറോ മലബാര്‍ സഭാ സിനഡ്

സ്വന്തം ലേഖകന്‍ 25-08-2017 - Friday

കൊച്ചി: മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കുമെന്നും ബോധവത്കരണം ശക്തമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാര്‍ മറുവശത്തു മദ്യത്തിന്റെ ലഭ്യത വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കുന്ന നിലപാട് ആശങ്കയുണര്‍ത്തുന്നതാണെന്നു സീറോ മലബാര്‍ സഭാ സിനഡ്. മദ്യശാലകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികാരം റദ്ദാക്കിയതും കേരളത്തില്‍ മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിക്കുന്നതിലേക്കാണു നയിക്കുക.

ബിവറേജ് ഔട്ട്ലെറ്റുകള്‍ പത്തു ശതമാനം വീതം നിശ്ചിത സമയങ്ങളില്‍ പൂട്ടുന്ന മുന്‍ സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിച്ചതും പ്രഖ്യാപിത നിലപാടുകള്‍ക്കു വിരുദ്ധമാണ്. സമൂഹം മദ്യവിപത്തില്‍ നിന്ന് അകന്നു നില്‍ക്കണമെന്നു സര്‍ക്കാരിനു പ്രഖ്യാപനങ്ങള്‍ക്കപ്പുറം ആത്മാര്‍ഥമായി ആഗ്രഹമുണ്ടെങ്കില്‍ കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ സഹായകമാകുന്ന തീരുമാനങ്ങളില്‍ നിന്നു പിന്മാറണം.

ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 1999 പ്രകാരം നഗരപരിധിയിലെ സംസ്ഥാന പാതകള്‍ പുനര്‍വിജ്ഞാപനത്തിലൂടെ തരം താഴ്ത്തുന്നതു ബാറുടമകളെ സഹായിക്കാനാണെന്ന ആരോപണം ഗൗരവമാണ്. 130 മദ്യശാലകള്‍ തുറക്കുന്നതിലേക്കാണു സര്‍ക്കാര്‍ തീരുമാനം വഴിതെളിക്കുന്നത്. മദ്യപന്മാരോടല്ല, ആരോഗ്യവും സമാധാനവുമുള്ള സമൂഹത്തോടാണു സര്‍ക്കാരിനു കൂടുതല്‍ കടപ്പാടുണ്ടാവേണ്ടത്. മദ്യപാനികളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ശ്രമങ്ങളുണ്ടാവണം.

മദ്യപിച്ചുണ്ടാകുന്ന വാഹനാപകടങ്ങളും മരണങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണു പാതയോരങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്നു സുപ്രീംകോടതി ഉത്തരവിട്ടത്. സമൂഹത്തിന്റെ നന്മയെക്കരുതിയുള്ള ഇത്തരം ഉത്തരവുകളെ അട്ടിമറിക്കാന്‍ അധികാരം ദുരുപയോഗിക്കുന്നതു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല. മദ്യവര്‍ജനം നടപ്പാക്കുമെന്നു വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നതു ഖേദകരമാണ്. മദ്യ ഉപയോഗം വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണമെന്നും സിനഡ് ആവശ്യപ്പെട്ടു.


Related Articles »