Meditation. - August 2024

അല്ലയോ മനുഷ്യാ, നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ യേശുവിനെ അനുഗമിക്കുക

സ്വന്തം ലേഖകന്‍ 10-08-2023 - Thursday

"യേശു പറഞ്ഞു: നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മത്തായി 19:21)

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 10
"ഗുരോ, നിത്യജീവന്‍ അവകാശമാക്കുവാൻ ഞാന്‍ എന്തു ചെയ്യണം?" ഈ ചോദ്യം ചോദിച്ച യുവാവിനോടു യേശു പറയുന്ന ഉത്തരം വളരെ ഗൗരവത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അവിടുന്നു നൽകിയ ഉത്തരം: ഒന്നാമതായി ദൈവത്തെ ഏക നല്ലവന്‍ ആയി, പരമനന്മയും സകല നന്മകളുടെയും ഉറവിടവുമായി, അംഗീകരിക്കുക (മർക്കോസ് 10: 18). രണ്ടാമതായി പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കുക (ലൂക്കാ 18:20). മൂന്നാമതായി സമ്പത്തു മുഴുവൻ വിറ്റ് ദരിദ്രര്‍ക്കു നല്‍കിയതിനു ശേഷം യേശുവിനെ അനുഗമിക്കുക (മത്തായി 19:21). ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന ഈ മൂന്നു നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് ജീവിക്കുക എന്നത് മനുഷ്യനു പ്രയാസകരമായി തോന്നാം.

യേശു പത്തുകല്‍പനകളെ അംഗീകരിച്ചുകൊണ്ടു പറഞ്ഞു: "കൊല്ലരുത്"... എന്ന് പൂര്‍വികരോടു പറയപ്പെട്ടതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും" (മത്തായി 5:21-22). "വ്യഭിചാരം ചെയ്യരുത് എന്നു കൽപിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു" (മത്തായി 5:27-28). മനുഷ്യന്റെ ഹൃദയകാഠിന്യം മൂലമായിരുന്നു ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ അനുവാദം നൽകിയത് എന്നു പറഞ്ഞുകൊണ്ട് യേശു തന്‍റെ പ്രഘോഷണത്തില്‍ "ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ" (മത്തായി 19:6) എന്നു സംശയരഹിതമായി പഠിപ്പിച്ചു. അപ്പോൾ, ക്രിസ്തു കൽപനകളെ കൂടുതൽ കഠിനമാക്കുകയാണോ ചെയ്തത്? ഒരിക്കലുമല്ല. മോശയുടെ നിയമത്തെക്കാള്‍ ഘനമേറിയതും വഹിക്കാനാവാത്തതുമായ ഒരു ഭാരം അവിടുന്ന് മനുഷ്യരുടെമേൽ കെട്ടിവയ്ക്കുകയായിരുന്നില്ല. പാപം മൂലം വികലമായ സൃഷ്ടിയുടെ ക്രമം പുന:സ്ഥാപിക്കാനും സകല നിയമങ്ങളും പൂർത്തിയാക്കാനും വന്ന യേശു സ്വയം ബലിയായി നൽകിക്കൊണ്ട് നിയമത്തിന്റെ പൂർത്തീകരണത്തിലേക്ക് ഓരോ മനുഷ്യനെയും ക്ഷണിക്കുകയാണ് ചെയ്യുന്നത്.

പത്തു കല്‍പനകള്‍ എന്നു വിവര്‍ത്തനം ചെയ്തിട്ടുള്ള "ദെക്കലോഗ്" എന്ന വാക്കിന്‍റെ വാച്യാര്‍ത്ഥം "പത്തു വാക്കുകള്‍" എന്നാണ്. ദൈവം വിശുദ്ധമലയില്‍ വച്ച് തന്‍റെ ജനത്തിന് ഈ "പത്തു വാക്കുകള്‍" വെളിപ്പെടുത്തി. അവ മോശയാല്‍ എഴുതപ്പെട്ട മറ്റു കല്‍പ്പനകള്‍ പോലെയായിരുന്നില്ല. അവ ഏറ്റവും ശ്രേഷ്ഠമായ വിധത്തില്‍ ദൈവത്തിന്‍റെ വാക്കുകളാണ്. പുറപ്പാട്, നിയമാവര്‍ത്തനം എന്നീ പുസ്തകങ്ങളിലൂടെ അവ നമുക്കു കൈമാറ്റപ്പെട്ടിരിക്കുന്നു. പഴയനിയമം മുതല്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ ഈ "പത്തു വാക്കുകളെ" പരാമര്‍ശിക്കുന്നുണ്ട്; എന്നാല്‍ അവയുടെ പൂര്‍ണമായ അര്‍ത്ഥം വെളിവാക്കപ്പെടുന്നത് യേശുക്രിസ്തുവിലുള്ള പുതിയ ഉടമ്പടിയിലാണ്. ക്രിസ്തുവിനെ അനുഗമിക്കുന്നത് കല്‍പനകളുടെ അനുസരണം ഉള്‍ക്കൊള്ളുന്നു. ഇപ്രകാരം ചെയ്യുന്നതിലൂടെ നിയമം അസാധുവാക്കപ്പെടുന്നില്ല. പിന്നെയോ അതിന്‍റെ പൂര്‍ണസാക്ഷാത്കാരമായ യേശുക്രിസ്തുവിൽ അതു വീണ്ടും കണ്ടെത്താന്‍ മനുഷ്യന്‍ ക്ഷണിക്കപ്പെടുന്നു.
(Cf: CCC 2052- 2056)

വിചിന്തനം
കൽപനകൾ അനുസരിക്കുന്നതിലൂടെ മാത്രം മനുഷ്യൻ പൂർണ്ണനാകുന്നില്ല. പ്രമാണങ്ങൾ പാലിക്കുന്നതിലൂടെ മനുഷ്യനു രക്ഷപ്രാപിക്കാൻ സാധിക്കുമായിരുന്നെങ്കിൽ യേശുക്രിസ്തു മനുഷ്യനായി അവതരിച്ചു കുരിശിൽ മരിക്കേണ്ട ആവശ്യമില്ലായിരുന്നു. "നിത്യജീവന്‍ അവകാശമാക്കുവാൻ ഞാന്‍ എന്തു ചെയ്യണം?" എന്ന് യേശുവിനോടു ചോദിച്ച യുവാവ് ചെറുപ്പം മുതലേ കൽപനകൾ പാലിക്കുന്ന ഒരു വ്യക്തിയായിരുന്നു. എങ്കിലും പൂർണ്ണനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ തന്നെ അനുഗമിക്കാൻ അവിടുന്ന് ആവശ്യപ്പെടുന്നു. ഇത് ലോകം തിരിച്ചറിയേണ്ട വലിയ ഒരു സത്യമാണ്. ഒരു മനുഷ്യൻ കൽപനകൾ പാലിച്ചാലും, നന്മപ്രവർത്തികൾ ചെയ്താലും അവൻ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നില്ലങ്കിൽ അവൻ അപൂർണ്ണനാണ്. നിത്യജീവന്‍ അവകാശമാക്കണമെങ്കിൽ ആദിമസഭയിലെ വിശ്വാസികളെ പോലെ ഒന്നും സ്വന്തമെന്ന് അവകാശപ്പെടാതെ, സർവ്വതും പൊതുവായി കരുതി, യേശുക്രിസ്തുവിനെ അനുഗമിക്കുകയും അവനിലുള്ള വിശ്വാസം ഏറ്റുപറയുകയും വേണം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »