India - 2024

ബോണക്കാട് കുരിശുമലയില്‍ താത്കാലിക കുരിശും ബലിപീഠവും സ്ഥാപിച്ചു

സ്വന്തം ലേഖകന്‍ 28-08-2017 - Monday

ബോണക്കാട്: നെയ്യാറ്റിന്‍കര രൂപതക്കു കീഴിലുള്ള ബോണക്കാട് കുരിശുമലയില്‍ ആയിരകണക്കിന് വിശ്വാസികളുടെ നേതൃത്വത്തില്‍ താത്കാലിക കുരിശും ബലിപീഠവും പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ 10 മുതല്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നി‍ന്ന് എത്തിയ ആയിരക്കണക്കിനു വിശ്വാസികളുടെ നേതൃത്വത്തിലാണ് കുരിശുമലയിലെത്തി കുരിശും അള്‍ത്താരയും പുനഃസ്ഥാപിച്ചത്. 11 മണിക്ക് ബോണക്കാട് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിച്ചെങ്കിലും കുരിശുമലയിലേക്ക് വിശ്വാസികളെ കടത്തിവിടാന്‍ സാധിക്കില്ലെന്ന് പോലീസും വനംവകുപ്പും നിലപാടെടുത്തതോടെ നൂറുകണക്കിന് കെസിവൈഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പള്ളിക്കു മുന്നിലെ റോഡില്‍ നിലയുറപ്പിച്ചു.

തുടര്‍ന്നു കാണിത്തടം ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങളുടെ നമ്പറുകള്‍ രേഖപ്പെടുത്തി വനം വകുപ്പ് ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തിലേക്ക് പോകാന്‍ വിശ്വാസികളെ അനുവദിക്കുകയായിരിന്നു. കഴിഞ്ഞ തീര്‍ഥാടന കാലത്ത് വിശ്വാസികള്‍ എത്തിച്ച താത്കാലിക മരക്കുരിശും തകര്‍ക്കപ്പെട്ട താത്കാലിക അള്‍ത്താരയിലെ ബലിപീഠവും വിശ്വാസികള്‍ സ്ഥാപിച്ചു. ബലിപീഠത്തില്‍ വൈദികര്‍ക്കൊപ്പം കുര്‍ബാന അര്‍പ്പിച്ചാണ് വിശ്വാസികള്‍ മടങ്ങിയത്. ആയിരത്തോളം യുവജനങ്ങളാണ് ഇന്നലെ കുരിശുമലയിലേക്ക് എത്തിയത്.

അതേ സമയം ബോണക്കാട് കുരിശുമലയിലെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തി നാട്ടില്‍ സമാധാന അന്തരീക്ഷവും ക്രൈസ്തവ സമൂഹത്തിന് സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് നെയ്യാറ്റിന്‍കര രൂപത ആവശ്യപ്പെട്ടു. കുരിശുകള്‍ തകര്‍ത്തത് വനം വകുപ്പല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അങ്ങനെയെങ്കില്‍ വര്‍ഗീ്യശക്തികളാകാം കുരിശ് തകര്‍ത്തിത്. ഇതു സഭയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ തുടക്കമാണെന്നും നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍ന്റ് സാമുവല്‍ എഴുതിയ ഇടയലേഖനത്തില്‍ പറഞ്ഞു.


Related Articles »