Meditation - September 2019

ക്രിസ്തുവിന്റെ വീണ്ടെടുപ്പു കര്‍മ്മത്തിന്റെ ഫലങ്ങൾ കാലത്തിനു പുറകോട്ടും സഞ്ചരിക്കുന്നു

സ്വന്തം ലേഖകന്‍ 07-09-2018 - Friday

"യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനു മുമ്പ് ഞാൻ ഉണ്ട്" (യോഹ 8:58)

യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 7
മനുഷ്യനും ശാസ്ത്രവും ലോകത്തെ കീഴടക്കാൻ ശ്രമിക്കുമ്പോഴും അവന് അപ്രാപ്യവും അസാധ്യവുമായ നിരവധി യാഥാർഥ്യങ്ങൾ ഈ ലോകത്ത് നിലനിൽക്കുന്നു. അവയിൽ പ്രധാനപ്പെട്ട രണ്ടു സത്യങ്ങളാണ് മരണവും കാലവും. മരിച്ചവന് ജീവൻ തിരിച്ചു നൽകാനോ കാലത്തിനും സമയത്തിനും പുറകോട്ടു സഞ്ചരിക്കാനോ മനുഷ്യനോ ശാസ്ത്രത്തിനോ സാധ്യമല്ല. എന്നാൽ ഇവയെ എല്ലാം അതിജീവിച്ച ഒരു വ്യക്തി മാത്രമേ ചരിത്രത്തിൽ ജീവിച്ചിട്ടുള്ളൂ അത് നസ്രത്തിലെ യേശുവാണ്. ഇത് അവിടുന്ന് ദൈവമായിരുന്നു എന്നതിന് തെളിവാണ്.

യേശു തന്റെ ഭൗമിക ജീവിതകാലത്തു മരിച്ചവരെ ഉയിർപ്പിക്കുന്നതും അവിടുന്നുതന്നെ മരിച്ചു ഉയിർക്കുന്നതും സുവിശേഷത്തിൽ നാം കാണുന്നു. എന്നാൽ എങ്ങനെയാണ് അവിടുന്ന് കാലത്തിനും സമയത്തിനും പുറകോട്ടു സഞ്ചരിക്കുന്നത്? സൃഷ്ടികർമ്മത്തിൽ പിതാവിനോടും പരിശുധാത്മാവിനോടും ഒപ്പമുണ്ടായിരുന്ന പുത്രനായ ദൈവത്തിന്റെ പ്രവർത്തികൾ ഒരു സമയത്തു മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ഇതേക്കുറിച്ചുള്ള ചില സത്യങ്ങൾ ലോകത്തോടു പ്രഘോഷിക്കുന്നുണ്ട്. സഭയിലെ മറിയത്തിന്റെ ഓരോ തിരുനാളുകളും യേശുക്രിസ്തുവിന്റെ ആഴമായ ദൈവിക രഹസ്യങ്ങളിലേക്കുള്ള ചൂണ്ടുപലകകളാണ്.

ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധിയുള്ളവളും, എല്ലാ മനുഷ്യരുടേയും ആത്മീയ മാതാവുമായ കന്യകാ മറിയം, ലോകരക്ഷകന്റെ അമ്മയാകുവാന്‍ വേണ്ടിയാണ് ഈ ഭൂമിയില്‍ ജനിച്ചത്. അവളുടെ മകന്റെ അനന്തമായ യോഗ്യതകള്‍ കാരണം, അവള്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായതും, ജനിച്ചു വീണതും പരിപൂര്‍ണ്ണ അമലോത്ഭവയും, ദൈവാനുഗ്രഹം നിറഞ്ഞവളുമായിട്ടാണ്. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു വലിയ വസ്തുത യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെയും, രഹസ്യജീവിതത്തിന്റെയും, പരസ്യജീവിതത്തിന്റെയും, പീഡാസഹനത്തിന്റെയും, കുരിശുമരണത്തിന്റെയും, ഉത്ഥാനത്തിന്റെയും ഫലങ്ങൾ കാലത്തിനും സമയത്തിനും പുറകോട്ടു സഞ്ചരിച്ചുകൊണ്ട് മറിയത്തിന്റെ ജനനസമയത്ത് പ്രവർത്തനനിരതമാകുന്നു.

മൂന്ന്‍ ജന്മദിനങ്ങളില്‍ മാത്രമാണ് തിരുസഭയുടെ ദിനസൂചികയില്‍ ആഘോഷിക്കപ്പെടുന്നത്. ക്രിസ്തുവിന്റെ ജന്മദിനം (ഡിസംബര്‍ 25), പരിശുദ്ധ മറിയത്തിന്റെ ജന്മദിനം (സെപ്റ്റംബർ 8), സ്നാപക യോഹന്നാന്റെ ജന്മദിനം (ജൂണ്‍ 24) എന്നിവയാണ് ആ മൂന്നു ജന്മദിനങ്ങള്‍. മറിയം ഗര്‍ഭത്തില്‍ ഉരുവായത് തന്നെ ജന്മപാപമില്ലാത്തവരായിട്ടായിരുന്നു, എന്നാല്‍ വിശുദ്ധ സ്നാപക യോഹന്നാന്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായിരിക്കുമ്പോള്‍ പരിശുദ്ധ മറിയത്തിന്റെ സന്ദര്‍ശനത്താൽ ജന്മപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. ഇവിടെയും യേശുക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിന്റെ ഫലങ്ങൾ സമയത്തിനും കാലത്തിനും പുറകോട്ട് സഞ്ചരിച്ചു ഗർഭസ്ഥ ശിശുവായിരുന്ന സ്നാപക യോഹന്നാനിൽ പ്രവർത്തിക്കുന്നു. അങ്ങനെ "ക്രിസ്തുവിന്‍റെ വീണ്ടെടുപ്പു കര്‍മ്മം എല്ലാ കാലങ്ങളിലെയും എല്ലാ സ്ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്കും വ്യാപിക്കുന്നു" (CCC 634).

വിചിന്തനം
ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ വെളിപ്പെടുത്തപ്പെട്ട ആദ്യകിരണമെന്ന നിലയിലാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനെ നാം കൊണ്ടാടുന്നത്. യേശുക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിന്റെ ഫലങ്ങൾ സമയത്തിനും കാലത്തിനും പുറകോട്ടു പോലും സഞ്ചരിക്കാൻ ശക്തമാണെന്ന വലിയ സന്ദേശം ഈ തിരുനാൾ നമ്മുക്കു നൽകുന്നു. AD എന്നും BC എന്നും കാലഘട്ടത്തെ തന്നെ രണ്ടായിവിഭജിച്ചു അതിന്റെ മധ്യത്തിൽ നിൽക്കുന്ന ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ അനന്ത ഫലങ്ങൾ കാലത്തിന്റെ ഇരുവശങ്ങളിലേക്കും സഞ്ചരിക്കുന്നു. ഇത്രയും ശക്തമായ ക്രിസ്തുസംഭവം തിരിച്ചറിയാതെ അനേകർ ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തുവിനെ തിരിച്ചറിയുന്നതിനും രക്ഷപ്രാപിക്കുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »