India - 2024

റവ.ഡോ. ഉമ്മന്‍ ജോര്‍ജ് കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പ്

സ്വന്തം ലേഖകന്‍ 09-09-2017 - Saturday

കോട്ടയം: സിഎസ്‌ഐ സഭയുടെ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി സിഎസ്‌ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറിയും കഞ്ഞിക്കുഴി അസന്‍ഷന്‍ ചര്‍ച്ച് വികാരിയുമായ റവ.ഡോ. ഉമ്മന്‍ ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ സിഎസ്‌ഐ സിനഡ് ആസ്ഥാനത്ത് മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയാണു റവ.ഡോ. ഉമ്മന്‍ ജോര്‍ജിനെ ബിഷപ്പായി തെരഞ്ഞെടുത്തത്.

സ്ഥാനാഭിഷേകം 10 ഉച്ചകഴിഞ്ഞ് 3.30നു കൊല്ലം സിഎസ്‌ഐ കത്തീഡ്രലില്‍ നടക്കും. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 24 മഹായിടവകകളില്‍ കേരളത്തില്‍ പുതുതായി രൂപംകൊണ്ടതാണു കൊല്ലം കൊട്ടാരക്കര മഹായിടവക. കേരള റീജണല്‍ സിനഡ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സിഎസ്‌ഐ സഭയിലെ സുവിശേഷകനായിരുന്ന പരേതരായ പുന്നയ്ക്കാട്ട് മലയില്‍ കെ.സി. ജോര്‍ജ് ഉപദേശിയുടെയും മല്ലപ്പള്ളി പനവേലില്‍ റേച്ചലിന്റെയും (റിട്ട അധ്യാപിക) മകനാണ്.

സിഎസ്‌ഐ സിനഡ് അംഗം, സിഎസ്‌ഐ സിനഡ് മിഷന്‍ ആന്‍ഡ് ഇവാഞ്ചലിക്കല്‍ കമ്മിറ്റിയംഗം, മധ്യകേരള മഹായിടവക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിഎസ്‌ഐ നോര്‍ത്ത് അമേരിക്കന്‍, കൗണ്‍സില്‍ വൈസ്പ്രസിഡന്റ്, ശാലോം ഭവനദാന പദ്ധതി കണ്‍വീനര്‍, മഹായിടവക കണ്‍വന്‍ഷന്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയത്തെ മതസൗഹാര്‍ദ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യവും കണ്‍വന്‍ഷന്‍ പ്രസംഗകനുമാണ്.


Related Articles »