India - 2024

മലങ്കര പുനരൈക്യത്തിന്റെ 87ാം വാര്‍ഷികവും സഭാസംഗമവും 19 മുതല്‍

സ്വന്തം ലേഖകന്‍ 12-09-2017 - Tuesday

അടൂര്‍: ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ നേതൃത്വത്തില്‍ മലങ്കരയില്‍ നടന്ന പുനരൈക്യത്തിന്റെ 87ാം വാര്‍ഷികവും സഭാസംഗമവും 19 മുതല്‍ 21 വരെ അടൂരില്‍ നടക്കും. അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ പുനരൈക്യ സഭാസംഗമത്തില്‍ മുഖ്യാതിഥിയായിരിക്കും. സഭയില്‍ പുതുതായി നിയമിതരായ യൂഹാനോന്‍ കൊച്ചുതുണ്ടില്‍ റന്പാന്റെയും ഗീവര്‍ഗീസ് കാലായില്‍ റന്പാന്റെയും മെത്രാഭിഷേകം 21നു നടക്കും.

ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ഇക്കൊല്ലത്തെ പുനരൈക്യ വാര്‍ഷിക സമ്മേളനമെന്നു സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു. അടൂര്‍ തിരുഹൃദയ ഇടവക പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശയോടെയാണു വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമാകുന്നത്.

19ന് ഉച്ചകഴിഞ്ഞു രണ്ടിന് അടൂര്‍ സെന്‍ട്രല്‍ മൈതാനത്ത് പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് ദേവാലയ കൂദാശ കാതോലിക്കാ ബാവയുടൈ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. സമ്മേളന നഗറിലേക്കുള്ള ദീപശിഖ, ഛായാചിത്രം, പതാകകള്‍ എന്നിവ അടൂര്‍ ദേവാലയത്തില്‍ എത്തും. ആറിനു ഘോഷയാത്രയായി സമ്മേളന നഗറായ ഗ്രീന്‍വാലിയിലെ മാര്‍ ഈവാനിയോസ് നഗറിലെത്തും. ആര്‍ച്ച്ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് പതാക ഉയര്‍ത്തും.

20നു രാവിലെ അടൂര്‍ തിരുഹൃദയ ദേവാലയത്തില്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. 10 മുതല്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളുടെ സംഗമവും അടൂര്‍ ഗ്രീന്‍വാലിയിലെ മാര്‍ ഈവാനിയോസ് നഗറിലെ വിവിധ വേദികളില്‍ യുവജന അല്മായ സംഗമവും നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് വനിതാ സംഗമം. വൈകുന്നേരം നാലിന് അന്ത്യോക്യ പാത്രിയര്‍ക്കീസ് ബാവ സിറിയയിലെ സഭ നേരിടുന്ന പ്രശ്‌നങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കും. 21നു രാവിലെ എട്ടിനു സമൂഹബലിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജാംബത്തിസ്ത ദിക്വാത്രോ വചന സന്ദേശം നല്‍കും. 10ന് മലങ്കര കത്തോലിക്കാ സഭയുടെ നിയുക്ത കൂരിയ ബിഷപ് റവ.യൂഹാനോന്‍ കൊച്ചുതുണ്ടില്‍ റന്പാന്റെയും പുത്തൂര്‍ രൂപതയുടെ നിയുക്ത അധ്യക്ഷന്‍ റവ.ഗീവര്‍ഗീസ് കാലായില്‍ റന്പാന്റെയും മെത്രാഭിഷക ശുശ്രൂഷകള്‍ ആരംഭിക്കും. പരിസ്ഥിതിയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് പരിപാടികള്‍ നടക്കുക.


Related Articles »