India - 2024

പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സുവര്‍ണ്ണജൂബിലിയില്‍ ചങ്ങനാശേരി അതിരൂപത

സ്വന്തം ലേഖകന്‍ 15-09-2017 - Friday

ചങ്ങനാശേരി: അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സുവര്‍ണജൂബിലി ദിനാഘോഷം ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തണമെന്നും പള്ളിയോഗങ്ങളുടെ പൗരാണികത കൂടുതല്‍ അര്‍ഥവത്തായിരിക്കുകയാണെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. അനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നവീനത്വം കൈവരിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷതവഹിച്ചു.

സീറോ മലബാര്‍ സഭാതാരം പ്രഫ.കെ.റ്റി. സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. ജെയിംസ് പാലയ്ക്കല്‍ കത്തീഡ്രല്‍ വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, അസി. സെക്രട്ടറി ജോസ് ആനിത്തോട്ടത്തില്‍, മെത്രാപ്പോലീത്തന്‍പള്ളി കൈക്കാരന്‍ ജോബി തൂന്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

1967 സെപ്റ്റംബര്‍ 14ന് ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടുപിതാവ് എസ്ബി കോളജ് കല്ലറക്കല്‍ ഹാളിലാണ് പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തത്. ഭാരതത്തിലെ ആദ്യ പാസ്റ്ററല്‍ കൗണ്‍സിലാണു ചങ്ങനാശേരി അതിരൂപതയില്‍ തുടങ്ങിയത്. വൈകുന്നേരം നാലിനു കൃതജ്ഞതാ ബലിയര്‍പ്പണത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. മോണ്‍. ജെയിംസ് പാലയ്ക്കല്‍, ഫാ. അബ്രാഹം വെട്ടുവയലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കി. അല്മായരുടെ വിളിയും ദൗത്യവും കൂടുതല്‍ ക്രിയാത്മകമാകേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ടോം പുത്തന്‍കളം പ്രൊക്യൂറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍, സന്ദേശനിലയം ഡയറക്ടര്‍ ഫാ. ജോബി കറുകപ്പറന്പില്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, ഫൊറോനാ വികാരിമാരായ ഫാ. ജോണ്‍ മണക്കുന്നേല്‍, ഫാ. ഗ്രിഗറി ഓണംകുളം, പിആര്‍ഒ ജോജി ചിറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Related Articles »