India

കര്‍ദ്ദിനാള്‍ ആലഞ്ചേരി ഫാ. ടോമുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി

സ്വന്തം ലേഖകന്‍ 17-09-2017 - Sunday

കൊച്ചി: റോമില്‍ തുടരുന്ന ഫാ. ടോം ഉഴുന്നാലിലുമായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ വൈകുന്നേരം ആറിനു നടത്തിയ സംഭാഷണത്തില്‍ ഫാ. ടോം ഭാരതത്തോടും കേരളത്തോടും മലയാളികളോടും നന്ദിയര്‍പ്പിച്ചു. കേടുപാടുകളൊന്നുമില്ലാതെ പതിനെട്ടു മാസം ദൈവം തന്നെ കാത്തുസൂക്ഷിച്ചുവെന്നും ദൈവത്തിലുള്ള വിശ്വാസത്തിനും സാക്ഷ്യത്തിനും എനിക്കും നമുക്കെല്ലാവര്‍ക്കുമുള്ള നിയോഗമായിക്കൂടിയാണ് ഇതിനെ കാണുന്നതെന്നും ഫാ. ടോം പറഞ്ഞു.

കേരളത്തില്‍ എന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത നിരവധി പേരുണ്ട്. അവരോടെല്ലാം എനിക്കു കടപ്പാടുണ്ട്. ഉടന്‍ കേരളത്തില്‍ എത്താനാണ് ആഗ്രഹവും പ്രതീക്ഷയും. വരുമ്പോള്‍ എല്ലാവരെയും നേരിട്ടു കണ്ടു നന്ദിയറിയിക്കണമെന്നും ആഗ്രഹിക്കുന്നു. ചോദിക്കുന്നതെന്തും നല്‍കുന്നവനാണു സ്വര്‍ഗസ്ഥനായ ദൈവമെന്ന് എനിക്കും നമുക്കെല്ലാവര്‍ക്കും വീണ്ടും ബോധ്യപ്പെട്ട നാളുകളാണിതെന്നും ഫാ. ടോം പറഞ്ഞു.

പ്രാര്‍ത്ഥനകള്‍ക്കു ദൈവം ഉത്തരമേകുമെന്നതിന്റെ സാക്ഷ്യമാണ് അച്ചന്റെ മോചനമെന്നും വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ അനേകര്‍ക്ക് ഇതു പ്രചോദനമാകുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇരുവരും ചേര്‍ന്നുള്ള പ്രാര്‍ത്ഥനയോടെയാണു ആറുമിനിറ്റോളം നീണ്ട വീഡിയോ കോണ്‍ഫറന്‍സിംഗ് അവസാനിച്ചത്.


Related Articles »