News - 2024

ഇറാഖിലെ ക്രൈസ്തവർക്ക് ധനസഹായം ഉറപ്പുവരുത്തുവാന്‍ ബില്ലുമായി യു‌എസ്

സ്വന്തം ലേഖകന്‍ 21-09-2017 - Thursday

വാഷിംഗ്ടൺ: ഇറാഖിലെ മതമര്‍ദ്ദനത്തിനിരയാകുന്ന ക്രൈസ്തവർക്ക് നല്‍കുന്ന സാമ്പത്തികസഹായം ഉറപ്പുവരുത്തുവാന്‍ പുതിയ ബില്ലുമായി അമേരിക്ക. ഇതു സംബന്ധിച്ച ബില്ലിനു ചൊവ്വാഴ്ച സെനറ്റ് ഫോറിന്‍ റിലേഷന്‍ കമ്മിറ്റി മീറ്റിങ്ങിൽ അംഗീകാരം നല്‍കി. സെനറ്റ് പ്രതിനിധികള്‍ അംഗീകാരം നല്‍കുന്നതോടെ ബില്‍ പ്രാബല്യത്തില്‍ വരും. ഇസ്ലാമിക് സ്റ്റേറ്റ്സ് അഴിച്ചുവിട്ട പീഡനങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനമെന്ന് ദുരിതാശ്വാസ പദ്ധതിയുടെ സ്പോൺസർമാരിലൊരാളും സെനറ്റ് പ്രതിനിധിയുമായ ക്രിസ് സ്മിത്ത് അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ സഹായം ക്രൈസ്തവര്‍ക്ക് നേരിട്ടു ലഭ്യമാകുന്നില്ലായെന്നും എൻജിഒ സംഘടനകളുടെ ധനസഹായം പര്യാപ്തമല്ലെന്നും നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ദേവാലയങ്ങളിലൂടെയും അനുബന്ധ സംഘടനകളിലൂടെയും ധനസഹായം വിതരണം ചെയ്യുക വഴി ക്രൈസ്തവർക്ക് ഫലപ്രദമായ രീതിയിൽ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷ സെനറ്റ് പ്രതിനിധി അന്ന ഈഷോ പത്രസമ്മേളനത്തിൽ പങ്കുവെച്ചു. നിലവില്‍ നൈറ്റ്സ് ഓഫ് കൊളംബസ്, എയ്ഡ് ടു ചർച്ച് ഇൻ നീഡ് തുടങ്ങിയ ക്രൈസ്തവ സന്നദ്ധ സംഘടനകളാണ് ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് സഹായം ഒരുക്കി കൊടുക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തെ തുടർന്ന് സ്വഭവനങ്ങളിൽ നിന്നും നിർബന്ധിത പലായനത്തിനു വിധേയരായവർ കുർദിസ്ഥാനിലും ഇർബിലുമാണ് കഴിയുന്നത്. നിനവേയിലെ മൊസൂളും സമീപ പ്രദേശങ്ങളും ഐഎസ് അധീനതയിൽ നിന്നും സൈന്യം തിരിച്ചുപിടിച്ചെങ്കിലും സുരക്ഷിതമായ താമസ സൗകര്യങ്ങളുടെ അഭാവം മൂലം ജനങ്ങളുടെ പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഐ‌എസ് അധിനിവേശത്തിനു ശേഷം മൂന്നിലൊന്ന് ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തു ഇപ്പോള്‍ തുടരുന്നത്.


Related Articles »