India - 2024

മലങ്കര കത്തോലിക്കാ സഭ: പുതിയ ബിഷപ്പുമാരുടെ മെത്രാഭിഷേകം നടന്നു

സ്വന്തം ലേഖകന്‍ 22-09-2017 - Friday

അടൂർ: മലങ്കര കത്തോലിക്കാ സഭയില്‍ പുതുതായി നിയമിക്കപ്പെട്ട ബിഷപ്പുമാരുടെ മെത്രാഭിഷേകം നടന്നു. ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവരെയാണ് സഭാ പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് മെത്രാൻമാരായി വാഴിച്ചത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. അന്ത്യോഖ്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവായും സഭയിലെ മറ്റു ബിഷപ്പുമാരും സഹകാർമികരായി. വിവിധ മേഖലകളിലെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ എട്ടിനാണ് ചടങ്ങുകൾ ആരംഭിച്ചത്.

കുർബാനയ്ക്കു ശേഷമായിരുന്നു മെത്രാഭിഷേക തിരുകര്‍മ്മങ്ങള്‍ നടന്നത്. ആദ്യം പുതിയ മെത്രാൻമാരുടെ നിയമന കൽപന വായിക്കുകയും സ്ഥാനപ്പേരുകൾ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് നിയുക്ത മെത്രാൻമാരെ മദ്ബഹയിലേക്ക് ആനയിച്ചു. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് വിശ്വാസ പ്രഖ്യാപനം നടത്തിയ ശേഷം ഒപ്പുവച്ച സത്യപ്രസ്താവന കാതോലിക്കാബാവായെ ഏൽപിച്ചു ത്രോണോസിനു മുന്നിൽ മുട്ടുകുത്തി. ഇതോടെ മെത്രാഭിഷേകത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.

പ്രാർത്ഥനാ ഗീതം മുഴങ്ങിയതിനൊപ്പം അഭിഷേകത്തിന്റെ പ്രധാന ഭാഗമായ കൈവയ്പ് നിർവഹിച്ചു. തുടർന്ന് കാതോലിക്കാബാവാ പുതിയ മെത്രാൻമാർക്കു സ്ഥാനവസ്ത്രങ്ങൾ നൽകി. പുതിയ മെത്രാൻമാരെ സിംഹാസനത്തിലിരുത്തി ഓക്സിയോസ് (ഇവൻ യോഗ്യനാകുന്നു എന്നർഥമുള്ള ഗ്രീക്ക് പദം) ചൊല്ലി മൂന്നു തവണ ഉയർത്തി. ഒപ്പം ഇരുവരുടെയും പുതിയ നാമങ്ങൾ പ്രഖ്യാപിച്ചു.പുതിയ മെത്രാന്മാർ സിംഹാസനത്തിലിരുന്ന് യോഹന്നാന്റെ സുവിശേഷം വായിച്ചു: ‘ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്കു വേണ്ടി ജീവൻ സമർപ്പിക്കും’.

അധികാര ചിഹ്നമായ അംശവടി നൽകുന്ന ചടങ്ങായിരുന്നു അടുത്തത്. അതിനു ശേഷം മുഖ്യകാർമികൻ നവാഭിഷിക്തർക്കു രഹസ്യോപദേശം നൽകി. അവർ അംശവടി ഉയർത്തി ജനത്തെ ആശീർവദിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി. വിവിധ സഭകളിൽനിന്നെത്തിയ മേൽപ്പട്ടക്കാർ പുതിയ മെത്രാൻമാർക്കു സ്നേഹചുംബനം നൽകി. ഗീവർഗീസ് മാർ മക്കാറിയോസ് കുർബാനയുടെ ബാക്കി ഭാഗം പൂർത്തിയാക്കി.

ഡോ. ഗീവർഗീസ് കാലായി‍ൽ റമ്പാനെ മാർ മക്കാറിയോസ് എന്നും ഡോ. യൂഹാനോൻ കൊച്ചുതുണ്ടിൽ റമ്പാനെ മാർ തിയഡോഷ്യസ് എന്നുമാണ് നാമകരണം ചെയ്തത്. മാർ മക്കാറിയോസിനെ കർണാടക സൗത്ത് കാനറ പുത്തൂർ ബിഷപ്പായാണ് നിയമിച്ചത്. മാർ തിയഡോഷ്യസ് പട്ടം കാതോലിക്കറ്റ് സെന്ററിലെ കൂരിയ ബിഷപ്പും യൂറോപ്പ്, ഓഷ്യാന അപ്പോസ്തോലിക് വിസിറ്ററുമാകും. റാന്നിയിൽനിന്നു പുത്തൂരിൽ കുടിയേറിയതാണ് മാർ മക്കാറിയോസിന്റെ മുൻഗാമികൾ. മാർ തിയഡോഷ്യസ് അടൂർ പുതുശേരിഭാഗം ഇടവകാംഗമാണ്.


Related Articles »