India - 2024

മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സിസ്റ്റര്‍ റെജീന വിടവാങ്ങി

സ്വന്തം ലേഖകന്‍ 25-09-2017 - Monday

കോട്ടയം: മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റീസ് സന്യാസി സമൂഹത്തിലെ കേരളത്തില്‍ നിന്നുള്ള ആദ്യ അംഗങ്ങളില്‍ ഒരാളായിരുന്ന സിസ്റ്റര്‍ റെജീന മണിപ്പാടത്ത് നിര്യാതയായി. 88 വയസ്സായിരിന്നു. ആലപ്പുഴ തുറവൂര്‍ മനക്കോടത്ത് മദര്‍ തെരേസയുടെ മഠത്തില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു സിസ്റ്റര്‍ റെജീന. സംസ്‌കാരം പൂക്കാട്ടുപടി സ്‌നേഹസദന്‍ മഠത്തില്‍ നടത്തി. കേരളത്തില്‍ നിന്നുള്ളവരെ മിഷ്ണറീസ് ഓഫ് ചാരിറ്റീസ് ശുശ്രൂഷാ സമൂഹത്തിലേക്ക് എത്തിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തത് സിസ്റ്റര്‍ റെജീനയുടെയും സിസ്റ്ററിന്റെ സഹോദരന്‍ ജോസഫ് മണിപ്പാടത്തിന്റെയും ശ്രമഫലമായായിരുന്നു.

കൊല്‍ക്കത്തയിലെ വാടക ഭവനത്തിന്റെ രണ്ടു മുറികളില്‍ 18 അര്‍ഥിനികളുമായി മദറിനൊപ്പം ഉപവിയുടെ സന്യാസ സമൂഹത്തെ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കാണ് സിസ്റ്റര്‍ റെജീന വഹിച്ചത്. കേരളത്തില്‍നിന്നുള്ള പ്രഥമ അംഗമെന്ന നിലയില്‍ വലിയ ആദരവാണ് സിസ്റ്ററിനോടു മദര്‍ പുലര്‍ത്തിയിരുന്നത്. 30 വര്‍ഷം ആഫ്രിക്കയില്‍ താമസിച്ചു പിന്നോക്ക മേഖലകളില്‍ ദരിദ്രര്‍ക്കു ശുശ്രൂഷ ചെയ്യാന്‍ അര നൂറ്റാണ്ടു മുന്പ് മദര്‍ തെരേസ ആദ്യ അംഗമായി അയച്ചതും സിസ്റ്റര്‍ റെജീനയെയാണ്. ആഫ്രിക്കയില്‍ 26 മഠങ്ങള്‍ സിസ്റ്റര്‍ സ്ഥാപിച്ചിരിന്നു.

1957ല്‍ വൈക്കം ഉദയനാപുരം മണിപ്പാടം വീട്ടില്‍ മദര്‍ തെരേസ ആദ്യമായി എത്തിയിരിന്നു. സിസ്റ്റര്‍ റെജീനയാണ് മദറിനെ ഇവിടേക്കു നയിച്ചത്. ഈ വീട്ടില്‍ മൂന്നാഴ്ച താമസിച്ചാണു മദര്‍ വിവിധ രൂപതാധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചു തന്റെ സന്യാസ സമൂഹത്തിലേക്ക് അര്‍ഥിനികളെ അഭ്യര്‍ഥിച്ചത്. മദര്‍ തെരേസയും സിസ്റ്റര്‍ റെജീനയും സഹോദരന്‍മാരായ ജോസഫും കുരുവിളയും അന്നു ചങ്ങനാശേരി ബിഷപ്‌സ് ഹൗസില്‍ മാര്‍ മാത്യു കാവുകാട്ടിനെയും സന്ദര്‍ശിച്ചിരുന്നു.

വൈക്കം ഉദയനാപുരം മണിപ്പാടത്ത് പരേതരായ വര്‍ഗീസ് ഏലമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ റെജീന. എം.വി. ജോസഫ്, പരേതരായ സിസ്റ്റര്‍ തോമസീന എസ്ഡി, സിസ്റ്റര്‍ ഡമിയാന എസ്ഡി, റോസമ്മ മാത്യു വാഴത്തറ ഉദയംപേരൂര്‍, ഫാ. എ. മണിപ്പാടം എസ്‌ജെ, വര്‍ഗീസ് കുരുവിള, സിസ്റ്റര്‍ സ്‌റ്റെല്ല എംസി എന്നിവര്‍ സഹോദരങ്ങളും വൈക്കം ചെന്പ് സെന്‍റ് തോമസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. സിറിയക് മണിപ്പാടം എസ്ഡിവി സഹോദരപുത്രനുമാണ്.


Related Articles »