Daily Saints.

January 14: വിശുദ്ധ മലാക്കി

സ്വന്തം ലേഖകൻ 14-01-2019 - Monday

1094-ല്‍ അയര്‍ലന്‍ഡിലെ അര്‍മാഗ് എന്ന സ്ഥലത്താണ് വിശുദ്ധ മലാക്കി ജനിച്ചത്‌. മാമോദീസയ്ക്കുശേഷം മായേൽ മേഡോക് (Malachy) എന്ന പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. മലാക്കിയുടെ പിതാവായ ഒമൊര്‍ഗൈര്‍ അവിടത്തെ സ്കൂളിലെ ഒരു അദ്ധ്യാപകനായിരുന്നു. വിശുദ്ധന് 7 വയസ്സ് പ്രായമായപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. ദൈവഭക്തയായിരുന്ന അമ്മ തന്റെ മകനെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തി. തന്റെ പിതാവ് പഠിപ്പിച്ചിരുന്ന വിദ്യാലയത്തിൽ തന്നെയാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തന്റെ മാതാപിതാക്കളുടെ മരണശേഷം വിശുദ്ധന്‍ തന്നെ പൂര്‍ണ്ണമായും ദൈവത്തിലേക്ക് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഇതിന്‍ പ്രകാരം അദ്ദേഹം കത്രീഡല്‍ പള്ളിക്ക് സമീപത്തെ ചെറിയമുറിയില്‍ ഏകാന്തവാസം നയിച്ചിരുന്ന ഇമര്‍ ഒ’ഹാഗന്‍ എന്ന മനുഷ്യന്റെ ശിഷ്യത്വം അദ്ദേഹം സ്വീകരിച്ചു.

വിശുദ്ധന്റെ അപേക്ഷ പ്രകാരം, ഒമര്‍ഹാഗന്‍ കൂടുതൽ അനുയായികളേ സ്വീകരിച്ചു. ക്രമേണ അര്‍മാഗിലെ ദേവാലയത്തിനു ചുറ്റുമായി ഒരു വലിയ സന്യാസസമൂഹം രൂപംകൊണ്ടു. ഇതേ തുടര്‍ന്ന്‍ മെത്രാപ്പോലീത്തയായിരിന്ന സെല്ലോച്ച് വിശുദ്ധന് പുരോഹിത പട്ടം നല്‍കി, അക്കാലത്തെ സഭാരീതി അനുസരിച്ച് പൌരോഹിത്യ പട്ട സ്വീകരണത്തിന്റെ പ്രായം 30 വയസ്സായിരുന്നുവെങ്കിലും, വിശുദ്ധന്‍ തന്റെ 25-മത്തെ വയസ്സില്‍ പുരോഹിതനായി. ഇമര്‍ ഒ’ഹാഗന്റെ സന്യാസസമൂഹത്തിലെ 10 സന്യസിമാരുമായി വിശുദ്ധന്‍ ഒരു സന്യാസഭവനം നിര്‍മ്മിക്കുകയും ഒരു വര്‍ഷത്തോളം അത് ഭരിക്കുകയും ചെയ്തു. ഇതിനിടെ ബാങ്ങോറിലെ ആശ്രമത്തില്‍ പൗരോഹിത്യ പഠനക്കാര്‍ക്കായി ഒരാശ്രമം അദ്ദേഹം പണികഴിപ്പിച്ചു.

വിശുദ്ധന്റെ അമ്മയുടെ മരണത്തോടെ, അദ്ദേഹത്തിന്റെ സഹോദരി ഒട്ടും അനുസരണയില്ലാത്ത, ഒരു സ്ത്രിയായി തീര്‍ന്നു. അവള്‍ തന്റെ പാപാവസ്ഥയിലുള്ള ജീവിതം ഉപേക്ഷിക്കാത്തിടത്തോളം കാലം താന്‍ അവളെ സന്ദര്‍ശിക്കുകയില്ലെന്ന് മലാക്കി ദൃഡനിശ്ചയം ചെയ്തു. അവളുടെ മരണശേഷം വിശുദ്ധന്‍ അവളുടെ മൃതദേഹം കാണാൻ വരികയും അവള്‍ക്കായി 30 വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു.

തന്റെ സഹോദരി ഒരു അങ്കണത്തില്‍ നില്‍ക്കുകയാണെന്നും, 40 ദിവസമായി എന്തെങ്കിലും ഭക്ഷിച്ചിട്ട് എന്ന് ഒരു സ്വരം തന്നോടു പറയുന്നതായി വിശുദ്ധന് ദൈവീക ദര്‍ശനം ഉണ്ടായി. ഉറക്കത്തില്‍ നിന്നുണര്‍ന്ന വിശുദ്ധന്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, കുര്‍ബ്ബാന അര്‍പ്പിക്കുന്നത് തുടരുകയും ചെയ്തു. പെട്ടെന്ന് അവള്‍ കറുത്ത വസ്ത്രമണിഞ്ഞു ദേവാലയത്തിനുപുറത്തും, അതിനു ശേഷം ചാര വസ്ത്രമണിഞ്ഞ് ദേവാലയത്തിനകത്തും, അവസാനമായി തൂവെള്ള വസ്ത്രത്തിലും അവളെ വിശുദ്ധന്‍ ദര്‍ശിച്ചതായി വിശുദ്ധ ബെര്‍ണാര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നു.

അക്കാലത്ത് ‘വിശുദ്ധരുടേയും, വിജ്ഞാനികളുടേയും’ നാടെന്നറിയപ്പെട്ടിരുന്ന അയര്‍ലാന്‍ഡ്‌ ക്രമേണ വിഗ്രഹാരാധനയിലേക്ക് വഴുതിവീണു. ഈ അവസരത്തില്‍ മെത്രാപ്പോലീത്ത വിശുദ്ധ മലാക്കിയേ അവിടുത്തേ വികാരിയായി നിയമിക്കുകയും, അന്ധവിശ്വാസികളുടെയും, വിഗ്രഹാരാധകരൂടേയും ഇടയില്‍ ദൈവവചനം പ്രഘോഷിക്കുന്നതിനായി അദ്ദേഹത്തെ അയക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടൽ മൂലം പാപബന്ധനങ്ങളിൽ നിന്ന് വിടുതൽ ലഭിക്കുകയും ക്രിസ്തീയ വിശ്വാസം പുനസ്ഥാപിക്കുകയും ചെയ്തു.

വൈദേശികാക്രമണങ്ങള്‍ മൂലം നിന്നുപോയ അച്ചടക്കവും, പ്രാര്‍ത്ഥനകളും, ശുശ്രൂഷകളും തിരികെ കൊണ്ട് വരാൻ വിശുദ്ധന്‍ നടത്തിയ ഇടപെടൽ വളരേ വലുതാണെന്ന് നിസംശയം പറയാം. പില്‍ക്കാലത്ത് അദ്ദേഹം ആര്‍മാഗിലെ മെത്രാനായി അഭിഷേകം ചെയ്തു. വാട്ടര്‍ഫോര്‍ഡിലെയും, ലിസ്മോറിലേയും മെത്രാനായിരുന്ന മാല്‍ക്കസിന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധന്‍ അദ്ദേഹത്തിന്റെ സഭയിലെ ഉപദേഷ്ടാവായും ഒരേ സമയം സേവനം ചെയ്തു.

1123-ല്‍ അദ്ദേഹം അര്‍മാഗില്‍ തിരിച്ചെത്തി. ഒരു അല്‍മായനും ബാങ്ങോര്‍ ആശ്രമത്തിലെ അധിപനുമായിരുന്ന വിശുദ്ധന്റെ ഒരു അമ്മാവന്‍ തന്റെ ആശ്രമത്തിന്റെ അധിപനായി വിശുദ്ധനെ നിയമിച്ചുവെങ്കിലും വിശുദ്ധന്‍ അതിന്റെ ഭൂരിഭാഗം ഭൂമിയും വരുമാനവും മറ്റാര്‍ക്കോ കൈമാറി. തന്റെ ആശ്രമജീവിതത്തിലുടനീളം വിശുദ്ധന്‍ വളരെയേറെ ഉത്സാഹവാനും മറ്റുള്ളവര്‍ക്ക് നല്ല ഒരു മാതൃകയും ആയിരുന്നു. അദ്ദേഹത്തിന് 30 വയസ്സ് പ്രായമായപ്പോള്‍ അദ്ദേഹം ഡൌണ്‍, കൊന്നോര്‍ എന്നിവിടങ്ങളിലെ മെത്രാനായി വാഴിക്കപ്പെട്ടു. പേരിനു മാത്രം ക്രിസ്ത്യാനികളായിരുന്ന അവിടത്തെ ഭൂരിഭാഗം ജനങ്ങളേയും വിശുദ്ധന്‍ വീടുകളില്‍ പോയി ഉപദേശിക്കുകയും, അവരെ പള്ളിയില്‍ വരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ ഫലമായി നല്ല ക്രിസ്തീയവ്യക്തിത്വങ്ങൾക്ക് ഉടമകളായി അവര്‍ മാറുകയും ചെയ്തു.

അങ്ങനെ സഭ സമാധാനപരമായ അന്തരീക്ഷത്തില്‍ നിലകൊള്ളുന്ന സമയത്താണ് ചില രാജാക്കന്മാര്‍ ഉള്‍സ്റ്റാര്‍ ആക്രമിച്ചത്. തന്മൂലം വിശുദ്ധനും അദ്ദേഹത്തിന്റെ ശിഷ്യരും ലിസ്മോറിലേക്കും, പിന്നീട് കെറിയിലെ ഇവേരാഘിലേക്കും പോയി. അവര്‍ കോര്‍ക്കിന്റെ പരിസരത്ത് ഒരാശ്രമം സ്ഥാപിച്ചു, 1129-ല്‍ മെത്രാനായ സിയോല്ലോച്ചിന്റെ മരണത്തോടെ വിശുദ്ധന്‍ മലാക്കി അര്‍മാഗിലെ മെത്രാനായി വാഴിക്കപ്പെട്ടു.

എന്നാല്‍ മെത്രാന്‍ പദവി പാരമ്പര്യമായി കരുതപ്പെട്ടിരുന്ന അക്കാലത്ത് സിയോല്ലോച്ചിന്റെ സ്വന്തക്കാര്‍ മുര്‍താഗ് എന്നയാളെ മെത്രാനായി വാഴിക്കുകയും ഇയാളെ അംഗീകരിക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് വിശുദ്ധനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മുര്‍താഗിന്റെ മരണത്തിനു ശേഷം ആ സ്ഥാനത്ത് വന്ന സിയോല്ലോച്ചിന്റെ സഹോദരനായ നൈജെല്ലൂസും വിശുദ്ധന്റെ സഭാഭരണത്തെ തടസ്സപ്പെടുത്തുകയും, ആക്രമങ്ങള്‍ വഴി നിരവധി വിശുദ്ധ രേഖകളും, തിരുശേഷിപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു. എന്നിരുന്നാലും വിശുദ്ധന്റെ ശാന്തതയും, ധൈര്യവും അവസാനം വിജയം കണ്ടു. ഒടുവിൽ നൈജെല്ലൂസിന്റെ അനുയായികള്‍ വിശുദ്ധനെ അംഗീകരിക്കുകയും, പിടിച്ചെടുത്ത തിരുശേഷിപ്പുകള്‍ തിരിച്ചുനല്‍കുകയും ചെയ്തു, അങ്ങനെ, നഷ്ട്ടപെട്ട സമാധാനം പുനഃസ്ഥാപിക്കപെട്ടു.

ഡൌണിലെ മെത്രാനെന്ന നിലയില്‍ അദ്ദേഹം, 'അഗസ്റ്റീനിയന്‍ സഭ' സ്ഥാപിക്കുകയും അവരോടൊത്ത് താമസിക്കുകയും ചെയ്തു. അടുത്ത വര്‍ഷം വിശുദ്ധ മലാക്കി റോം സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു, ഇംഗ്ലണ്ട് വഴിയുള്ള യാത്രയില്‍ അദ്ദേഹം യോര്‍കില്‍ തങ്ങുകയും കിര്‍ക്കാമിലെ വിശുദ്ധ വാല്‍തിയോഫിനെ സന്ദര്‍ശിക്കാനും ഇടയായി. അദ്ദേഹം വിശുദ്ധനു ഒരു കുതിരയെ സമ്മാനമായി നല്‍കുകയുണ്ടായി. ഫ്രാന്‍സ് കടക്കുമ്പോള്‍ അദ്ദേഹം വിശുദ്ധ ബെര്‍ണാര്‍ഡിനെ സന്ദര്‍ശിക്കുകയും അങ്ങിനെ ഈ രണ്ടു വിശുദ്ധരും തമ്മില്‍ മരണം വരെ നീണ്ടുനിന്ന ചങ്ങാത്തം ഉണ്ടാവുകയും ചെയ്തു. (വിശുദ്ധ ബെര്‍ണാര്‍ഡ് ആണ് വിശുദ്ധ മലാക്കിയുടെ ജീവചരിത്രം എഴുതിയത്).

തന്റെ മടക്കയാത്രയില്‍ അദ്ദേഹം ദാവീദ് രാജാവിന്റെ മകനായ ഹെന്രിയുടെ അസുഖം അത്ഭുതകരമായി സുഖപ്പെടുത്തിയതായി ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരിച്ച് അയര്‍ലണ്ടിലെത്തിയ വിശുദ്ധന്‍ സഭാ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, ആശ്രമങ്ങളും ദേവാലയങ്ങളും നിര്‍മ്മിക്കുകയും ചെയ്തു. രോഗങ്ങളും പീഡകളും അനുഭവിക്കുന്നവര്‍ക്ക് മേല്‍ ആശ്വാസത്തിന്‍റെ പൊന്‍കിരണം വീശാന്‍ അദേഹത്തിന് കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്.

ഇന്നസെന്റ്‌ രണ്ടാമന്‍ പാപ്പ മരിച്ചതിനാല്‍ തന്റെ സഭക്കായി താന്‍ ആവശ്യപ്പെട്ട അംഗീകാരങ്ങള്‍ നേടിയെടുക്കുന്നതിനും യൂജിനിയസ് മൂന്നാമന്‍ പാപ്പായേ കാണുന്നതിനുമായി വിശുദ്ധന്‍ വീണ്ടും റോമിലേക്ക് പുറപ്പെട്ടു. ക്ലൈര്‍വാക്സ് കടക്കുന്നതിനിടക്ക് 1148-ല്‍ പ്രതികൂലകാലാവസ്ഥമൂലം വിശുദ്ധന് കലശലായ പനിപിടിച്ചു. തന്റെ സുഹൃത്തായ വിശുദ്ധ ബെര്‍ണാര്‍ഡും അദ്ദേഹത്തിന്റെ സന്യാസിമാരും വിശുദ്ധനെ പരിചരിച്ചുവെങ്കിലും അസുഖം ഭേദമായില്ല.

തന്‍റെ അന്ത്യകൂദാശകള്‍ സ്വീകരിക്കുവാന്‍ പാകത്തിന് തന്നെ ദേവാലയത്തില്‍ കിടത്തുവാന്‍ വിശുദ്ധന്‍ അവരോടു ആവശ്യപ്പെട്ടു. അങ്ങിനെ തന്റെ 54-മത്തെ വയസ്സില്‍ നവംബര്‍ 2ന് വിശുദ്ധ മലാക്കി വിശുദ്ധ വിശുദ്ധ ബെര്‍ണാര്‍ഡിന്റെ കൈകളില്‍ കിടന്നുകൊണ്ട് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ക്ലൈര്‍വാക്സിലെ ലേഡി ചാപ്പലില്‍ അദ്ദേഹത്തെ അടക്കം ചെയ്തു. ഈ വിശുദ്ധന്റെ കബറിടത്തില്‍ പല അത്ഭുതങ്ങളും നടന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. വിശുദ്ധന്‍ ജീവിച്ചിരുന്നപ്പോഴും പല അത്ഭുതപ്രവര്‍ത്തനങ്ങളും നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. റോമില്‍ നിന്ന് മടങ്ങുന്ന വഴി തന്റെ ആതിഥേയന്റെ മകനെ സുഖപ്പെടുത്തിയതും, പിശാചുബാധിച്ച സ്ത്രീകളെ രക്ഷിച്ചതും, തന്റെ പല്ലുകള്‍കൊണ്ട് സ്വന്തം ശരീരം മുറിവേല്‍പ്പിച്ചുകൊണ്ടിരുന്ന ഭ്രാന്തിയെ രക്ഷിച്ചതും അവയില്‍ ചിലത് മാത്രം.

വിശുദ്ധനേ കുറിച്ചോര്‍ക്കുമ്പോള്‍ മാർപ്പാപ്പമാരെപ്പറ്റിയുള്ള പ്രവചനം ആണ് ഏവരുടെയും മനസ്സില്‍ വരിക. സെലസ്റ്റീന്‍ രണ്ടാമന്‍ പാപ്പാ മുതല്‍ ലോകാവസാനം വരെയുള്ള പാപ്പാമാരെ വിശുദ്ധന്‍ പ്രവചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. 1590 വരെയുള്ള മാർപാപ്പമാരെ വളരെ കൃത്യമായി സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനുശേഷമുള്ളവരുടെ കാര്യത്തിൽ വ്യക്തതകുറയുന്നത് വ്യാജരേഖയാണെന്ന സൂചന നൽകുന്നു. കത്തോലിക് ചരിത്രകാരന്മാരുടെ നിഗമനപ്രകാരം, ഈ പ്രവചനം പ്രസിദ്ധീകരിക്കപ്പെടുന്നതിന് തൊട്ടു മുൻപ് രചിക്കപ്പെട്ടതും കെട്ടിച്ചമച്ചതുമായ രേഖയാണെന്നാണ്.

അയര്‍ലന്‍ഡില്‍ നിന്നുള്ള ആദ്യ വിശുദ്ധനും കൂടെയാണ് വിശുദ്ധ മലാക്കി. ദിവ്യകര്‍മ്മങ്ങളോടുള്ള വിശുദ്ധന്റെ അപാരമായ ഭക്തിയുടെ പേരിലാണ് വിശുദ്ധന്‍ കൂടുതലായി അറിയപ്പെടുന്നത്. കൂദാശകളുടെ പവിത്രതയേ പറ്റി, മറ്റുള്ളവര്‍ക്ക് അവബോധം നല്കാന്‍ ശ്രമിച്ച വ്യക്തികൂടെയായിരിന്നു അദ്ദേഹം.

ഇതര വിശുദ്ധര്‍

1. സൂഫണിലെ ബിഷപ്പായിരുന്ന ബാര്‍ബാസിമാസ്

2. സ്കോട്ട്ലന്‍റിലെ കെന്‍റിജേണ്‍ മൂങ്കോ (സിന്‍റെയിറന്‍)

3. മിലാനിലെ ബിഷപ്പ് ആര്യന്‍ ഒസ്റ്ററ ഗോത്ത്സിനെ ഭയന്ന്‍

കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് പലായനം ചെയ്ത ദാഷിയൂസ്

4. കാന്‍റര്‍ബറി ബിഷപ്പായ ദേവൂസ് ഡേഡിത്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക