Events - 2024

മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി ഹള്ളിൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക ഉപവാസ പ്രാർത്ഥനകൾ

ബാബു ജോസഫ് 05-10-2017 - Thursday

ഒക്ടോബർ 24-ാം തീയതിലെ മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി Hull-ൽ ഇന്നു വൈകുന്നേരം മുതൽ നാളെ വൈകുന്നേരം വരെ, 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥനയും കുരിശിന്റെ വഴികളും നടക്കും. കൺവെൻഷന്റെ ആത്‌മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥനകൾ ഓരോ കുർബാന സെന്ററുകളിലും കുടുംബങ്ങളിലും നടന്നുവരുന്നുവരുന്നതിന്റെ ഭാഗമായിട്ടാണ് Hull-ൽ പ്രത്യേക ഉപവാസപ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്.

ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ മാഞ്ചസ്റ്റർ റീജിയൻ കേന്ദ്രീകരിച്ച് ഒക്ടോബർ 24 ന് നടക്കും. കൺവെൻഷന് മുന്നോടിയായി, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കൺവെൻഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദർശനം ഇതിനോടകം മാഞ്ചസ്റ്ററിലെ എല്ലാ കുർബാന സെന്ററുകളിലും പൂർത്തിയായി.

രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ്‌ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ , റീജിയണൽ കോ ഓർഡിനേറ്റർ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ലോനപ്പൻ അരങ്ങാശ്ശേരി, ഫാ. സിറിൽ ഇടമന, ഫാ. മാത്യു മുളയോലിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്‌ക്കുപുറം, ഫാ. രഞ്ജിത്ത് ജോർജ് മടത്തിറമ്പിൽ എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു.

മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും.

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രഥമ ബൈബിൾ കൺവെൻഷനിലേക്കു രൂപത നേതൃത്വവും സംഘാടകസമിതിയും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വിശാലമായ കാർ പാർക്കിങ്ങ് സൗകര്യങ്ങളോടു കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്.
The Sheridan Suite, 371 Oldham Road, Manchester, M40 8RR


Related Articles »