India - 2024

വാര്‍ധക്യം ശാപമല്ല അനുഗ്രഹം: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

സ്വന്തം ലേഖകന്‍ 05-10-2017 - Thursday

കൊച്ചി: വാര്‍ധക്യം ശാപമല്ല മറിച്ച് അനുഗ്രഹമാണെന്നു വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഫീസില്‍ സംഘടിപ്പിച്ച വയോജനങ്ങളുടെ കൂട്ടായ്മയായ സായംപ്രഭ വയോജന സംഗമം2017 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുംതലമുറയെ നന്‍മയിലേക്കു നയിക്കാനും നേര്‍വഴി കാട്ടാനും കുടുംബജീവിതത്തിന്റെ ഭഭ്രത ഉറപ്പുവരുത്താനും വയോജനങ്ങള്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ എംപി എം.എം. ലോറന്‍സ്, ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത്, ഇഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ മനേജര്‍ എം.ഡി. വര്‍ഗീസ്, ഹെല്‍പ് ഏജ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ഡാനിയേല്‍, ഹൗസ് ഓഫ് പ്രൊവിഡന്‍സ് സുപ്പിരീയര്‍ സിസ്റ്റര്‍ വിമല, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വിപിന്‍ ജോ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

സംഗമത്തില്‍ പങ്കെടുത്ത ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ 100 വയസ് പിന്നിട്ട റീത്തയേയും ഗര്‍വാസീസിനേയും ആര്‍ച്ച്ബിഷപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു. ആശാകിരണം കാന്‍സര്‍ സുരക്ഷാ പദ്ധതിയിലേക്കും ആര്‍ച്ച്ബിഷപ്‌സ് സ്‌നേഹഭവനം പദ്ധതിലേക്കുമുള്ള അഭ്യുദയകാംക്ഷികളായ വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനകള്‍ ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പിനെ ഏല്‍പ്പിച്ചു. സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായി ഭവനനിര്‍മാണ പൂര്‍ത്തീകരണത്തിന്റെ ധനസഹായ വിതരണവും ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു.


Related Articles »