Meditation. - February 2024

ക്രിസ്തുവിലുള്ള വിശ്വാസം കേവലം ഒരു മതവിശ്വാസമല്ല; അതു രക്ഷാമാർഗ്ഗമാണ്

സ്വന്തം ലേഖകന്‍ 03-02-2023 - Friday

"അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു" (അപ്പ. 2: 47).

യേശു ഏകരക്ഷകൻ: ഫെബ്രുവരി 03
ക്രൈസ്തവ വിശ്വാസം എന്നത് കേവലം ഒരു മതവിശ്വാസമല്ല. ക്രിസ്തു ഈ ലോകത്തിലേക്കു വന്നത് ഒരു മതം സ്ഥാപിക്കാൻ വേണ്ടി ആയിരുന്നില്ല. അവിടുന്ന് മനുഷ്യാവതാരം ചെയ്തത് മാനവകുലത്തെ മുഴുവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നു. മനുഷ്യനായി അവതരിക്കുകയും, പീഡകൾ സഹിക്കുകയും, മരിക്കുകയും, ഉത്ഥാനം ചെയ്യുകയും ചെയ്തുകൊണ്ട് അവിടുന്ന് നിത്യരക്ഷയുടെ വാതിൽ സകലമനുഷ്യർക്കുമായി തുറന്നുകൊടുത്തു; തന്നിൽ വിശ്വസിക്കുവാനും രക്ഷ പ്രാപിക്കുവാനും അവിടുന്ന് ലോകത്തോട് ആഹ്വാനം ചെയ്തു. മതത്തിന്റെ മതിൽക്കെട്ടുകൾ കടന്ന് ഒരു ആട്ടിൻപറ്റവും ഒരു ഇടയനും ആയിത്തീരാനാണ് ദൈവം തന്റെ ഏകജാതനെ ഈ ഭൂമിയിലേക്കയച്ചത്. അങ്ങനെ അവ്യക്തമായും ദൈവത്തെക്കുറിച്ച് അറിഞ്ഞിരുന്ന മനുഷ്യകുലം ക്രിസ്തുവിലൂടെ സത്യദൈവത്തെ പൂർണ്ണമായി തിരിച്ചറിയണമെന്നും എല്ലാവരും രക്ഷപ്രാപിക്കണമെന്നും പിതാവായ ദൈവം ആഗ്രഹിച്ചു.

ഈ സത്യം തിരിച്ചറിഞ്ഞ അവിടുത്തെ ശിഷ്യന്മാർ ലോകം മുഴുവനും പോയി രക്ഷ പ്രാപിക്കുവാൻ ക്രിസ്തുവിൽ വിശ്വസിക്കേണ്ടത് ആവശ്യമാണെന്ന് പ്രഘോഷിച്ചു. അവർ ലോകത്തോട് പ്രഘോഷിച്ചത് കേവലം ഒരു മതവിശ്വാസമായിരുന്നില്ല. അവർ പ്രഘോഷിച്ചത് രക്ഷാമാർഗ്ഗമായിരുന്നു. ഏതു മതത്തിൽ വിശ്വസിക്കുന്നവനും രക്ഷ പ്രാപിക്കണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കുകയും അവിടുത്തെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും വേണം എന്ന വലിയ സത്യമാണ് അവർ പ്രഘോഷിച്ചത്. "ഞാനാണ് വാതിൽ" എന്നുപറഞ്ഞുകൊണ്ട് ക്രിസ്തു സ്ഥാപിച്ച വാതിലിലൂടെ പ്രവേശിക്കുവാൻ തയ്യാറാകാതെ നിരവധിപേർ അവരുടെ തെറ്റായ മതസങ്കല്പങ്ങളിൽ തുടർന്നും വിശ്വസിച്ചു; ഇന്നും വിശ്വസിക്കുന്നു.

ആദിമ ക്രൈസ്തവ സമൂഹത്തെ പറ്റി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നത് "രക്ഷപ്രാപിച്ചവരുടെ ഗണം" (അപ്പ 2:47) എന്നാണ്. അല്ലാതെ 'ക്രിസ്തുമതത്തിൽ ചേർന്നവർ' എന്നല്ല. എല്ലാ മനുഷ്യർക്കുമായി നൽകപ്പെട്ടിരിക്കുന്ന രക്ഷാമാർഗ്ഗമായ 'യേശുനാമത്തിൽ വിശ്വസിച്ചവരെ' ലോകം പിന്നീട് 'ക്രിസ്ത്യാനികൾ' എന്നു വിളിക്കാൻ തുടങ്ങി. "അന്ത്യോക്യായിൽ വെച്ചാണ് ശിഷ്യന്മാർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത്" (അപ്പ 11:26). അങ്ങനെ ഈ ലോകത്തിന്റെ സംവിധാനങ്ങളാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ഒരു മതത്തിന്റെ പരിവേഷം ചാർത്തി നൽകിയത്.

ആകാശത്തെയും ഭൂമിയെയും അതിലെ സകലതിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം തൻറെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കയച്ചുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ഖേദകരമെന്നു പറയട്ടെ ക്രിസ്തുവിന് ശേഷം 2000 വർഷം പിന്നിടുമ്പോൾ ക്രിസ്തുവിലുള്ള വിശ്വാസം കേവലം ഒരു മതവിശ്വാസമായി കാണപ്പെടുകയും, ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തു വെറും മനുഷ്യനിർമ്മിതമായ ദൈവീക സങ്കല്പങ്ങളുടെ കൂട്ടത്തിൽ എണ്ണപെടുകയും ചെയ്യുന്നു. ആരാണ് ഇതിനു ഉത്തരവാദി?

വിചിന്തനം
യേശുക്രിസ്തുവിനെ 'ലോക രക്ഷകൻ' എന്ന സത്യത്തിൽ നിന്നും വെറും ഒരു മത സ്ഥാപകൻ എന്ന നിലയിലേക്ക് താഴ്ത്തി ചിന്തിച്ചതിനു ഒരു പരിധി വരെ ക്രിസ്ത്യാനികൾ തന്നെയാണ് ഉത്തരവാദികൾ. മറ്റ് മതങ്ങളുടെ സംപ്രീതി പിടിച്ചുപറ്റുവാനും ലോകം നൽകുന്ന കൈയ്യടി നേടാനും വേണ്ടി ഏകരക്ഷകനായ യേശുവിനെ മറ്റ് മതങ്ങളുടെ ദൈവീകസങ്കല്പങ്ങളോടൊപ്പം തരംതാഴ്ത്തി ചിത്രീകരിക്കുന്ന ഓരോ ക്രൈസ്തവനും തന്റെ ദൗത്യത്തിൽ ഗൗരവമായ വീഴ്ച വരുത്തുന്നു. ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമം അല്ലാതെ മറ്റൊരു നാമം നൽകപ്പെട്ടിട്ടില്ല എന്ന സത്യം മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രൈസ്തവൻ തിരിച്ചറിഞ്ഞിരിക്കണം. ഇപ്രകാരം കലർപ്പില്ലാത്തതും അടിയുറച്ചതുമായ വിശ്വാസത്തിൽ നിന്നേ യാഥാർത്ഥ സുവിശേഷപ്രഘോഷണം സാധ്യമാകൂ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »