India

ലത്തീന്‍ മിഷന്‍ കോണ്‍ഗ്രസ് ബി‌സി‌സി സംഗമം സമാപിച്ചു

സ്വന്തം ലേഖകന്‍ 09-10-2017 - Monday

കൊച്ചി: കഴിഞ്ഞ മൂന്നു ദിവസമായി വല്ലാര്‍പ്പാടത്ത് നടന്നുവന്ന ലത്തീന്‍ മിഷന്‍ കോണ്‍ഗ്രസ് ബി‌സി‌സി സംഗമം സമാപിച്ചു. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ സഹായത്തോടെ കേരള ലത്തീന്‍സഭയുടെ ജീവിതവും ദൗത്യവും നവീകരിക്കാന്‍ മിഷന്‍ കോണ്‍ഗ്രസിനും ബിസിസി കണ്‍വന്‍ഷനും കഴിയുമെന്ന് വത്തിക്കാന്‍ ഇവാഞ്ചലൈസേഷന്‍ അഡ്ജങ്ട് സെക്രട്ടറി ആര്‍ച്ച്ബിഷപ് പ്രൊട്ടാസെ റുഗുംബോ സമാപനദിവ്യബലി മധ്യേ പറഞ്ഞു. കേരളസഭയ്ക്ക് പരിശുദ്ധ പിതാവിന്റെ അപ്പസ്‌തോലിക ആശീര്‍വാദവും മിഷനറി സംരംഭങ്ങളുടെ വിജയത്തിനായി പ്രാര്‍ത്ഥനകളും അദ്ദേഹം നേര്‍ന്നു.

അര്‍പ്പണബോധത്തോടും തീക്ഷ്ണതയോടുംകൂടി സുവിശേഷവത്കരണ ദൗത്യം തുടര്‍ന്നുകൊണ്ടുപോകാന്‍ ദൈവത്തിന്റെ ശക്തി സഹായിക്കട്ടെയെന്നും മിഷന്‍ കോണ്‍ഗ്രസിന്റെയും ബിസിസി കണ്‍വന്‍ഷന്റെയും സമാപനവേളയില്‍ പ്രാര്‍ത്ഥിക്കുന്നതായും ആയിരങ്ങളെ ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ദിവ്യബലിയുടെ ആരംഭത്തില്‍ ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ആര്‍ച്ച്ബിഷപ് പ്രൊട്ടാസെ റുഗുംബോ നിര്‍വഹിച്ചു. തുടര്‍ന്ന് രൂപതാധ്യക്ഷര്‍ പരസ്പരം മെമന്റോ കൈമാറി. ദിവ്യബലിയെത്തുടര്‍ന്ന് കേരളസഭയെ മാതാവിന്റെ വിമലഹൃദയത്തിനുള്ള സമര്‍പ്പണവും മിഷന്‍ ക്രോസ് കൈമാറ്റവും ഉണ്ടായിരുന്നു.

ബിസിസി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മിഷന്‍ തിരി തെളിച്ചു. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാശുശ്രൂഷ നടന്നു. രാവിലെ 9.10ന് നാലാമത് സെഷനില്‍ കേരള ലത്തീന്‍ സഭയില്‍ അടുത്ത പത്തുവര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ ആവിഷ്‌കരിച്ചിട്ടുള്ള ദശവത്സരപദ്ധതികളുടെ പ്രകാശനം സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് നിര്‍വഹിച്ചു. കെആര്‍എല്‍സിബിസി ശുശ്രൂഷാസമിതികളുടെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തറയില്‍ ദശവത്സര പദ്ധതികള്‍ അവതരിപ്പിച്ചു. സിസിബിഐ ബിസിസി ചെയര്‍മാന്‍ ബിഷപ് ഡോ. ഇഗ്‌നേഷ്യസ് മസ്‌ക്രിനാസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

പ്രേഷിതപ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ നയിച്ചു. നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ സ്വാഗതവും എന്‍കെഡിസിഎഫ് പ്രസിഡന്റ് കെ. ബി സൈമണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രേഷിതാനുഭവം വിവിധ ജീവിതസാഹചര്യങ്ങളില്‍ എന്ന വിഷയത്തില്‍ നടന്ന ടോക് ഷോയില്‍ ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ജോയ് ഗോതുരുത്ത്, മോണ്‍. ജയിംസ് കുലാസ്, ഫാ. പോള്‍ സണ്ണി, പ്രിന്‍സി മരിയ എന്നിവര്‍ പങ്കെടുത്തു.

സിബിസിഐ മികച്ച നേതാവിനുള്ള പുരസ്‌കാരം ജെയിന്‍ ആന്‍സിലിന് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം സമ്മാനിച്ചു. മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വന്‍ഷന്റെ തുടര്‍പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പ്രഖ്യാപിച്ചു. മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ സമാപന ചടങ്ങില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഒക്ടോബര്‍ 6നു ആരംഭിച്ച കണ്‍വെന്‍ഷനില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാലായിരത്തോളം പേരാണ് പങ്കെടുത്തത്.


Related Articles »