India - 2024

സര്‍ക്കാരിന്റെ മദ്യനയം: അധികാരത്തിലേറ്റിയ ജനത്തോടുള്ള വിശ്വാസവഞ്ചനയാണെന്നു മാര്‍ ജോസഫ് പെരുന്തോട്ടം

സ്വന്തം ലേഖകന്‍ 10-10-2017 - Tuesday

ചങ്ങനാശേരി: മദ്യത്തിന്റെ ലഭ്യത ക്രമേണ കുറച്ചും ബോധവത്കരണം നട ത്തിയും മദ്യവിമുക്ത കേരളം സൃഷ്ടിക്കുന്ന നയമായിരിക്കും തങ്ങളുടേതെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ അതിനു കടകവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും മദ്യവില്പന പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസികള്‍ക്കായി അതിരൂപതാ ബുള്ളറ്റിനായ 'മധ്യസ്ഥനി'ല്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറിലാണ് ആര്‍ച്ച്ബിഷപ്പിന്റെ പ്രസ്താവന.

മദ്യത്തിനെതിരേ ശക്തമായി പോരാടണമെന്നും ബോധവത്കരണത്തിലൂടെ ആളുകളെ മദ്യവര്‍ജനത്തിലേക്കു നയിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. അധികാരത്തിലേറ്റിയ ജനത്തോടുള്ള വിശ്വാസവഞ്ചനയാണിത്. മദ്യപാനത്തിനടിമകളാകാന്‍ ആളുകള്‍ക്ക് അവസരം ഒരുക്കികൊണ്ട് സമൂഹത്തെ മുഴുവന്‍ നാശത്തിലേക്കു നയിക്കുന്ന അധാര്‍മികമായ അധികാര ദുര്‍വിനിയോഗമാണിത്. ഈ മദ്യനയത്തില്‍നിന്നു പിന്തിരിയുന്നില്ലെങ്കില്‍ വ്യക്തികളെയും കുടുംബങ്ങളെയും നശിപ്പിച്ചു സമൂഹത്തിന്റെ തന്നെ തകര്‍ച്ചയ്ക്ക് അവസരമൊരുക്കിയ സര്‍ക്കാരെന്നു ചരിത്രം വിധിയെഴുതേണ്ടി വരും.

ധര്‍മവിചാരം ഇല്ലാതെ പണത്തിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാം എന്നു ചിന്തിക്കുന്ന മദ്യവ്യവസായികളും അതേ ലക്ഷ്യത്തോടെ അവരെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരും മദ്യം കുടിപ്പിച്ച് ആളുകളുടെ പോക്കറ്റടിച്ച് അവരെ നിത്യദാരിദ്ര്യത്തിലേക്കും ജീവിത തകര്‍ച്ചയിലേക്കും നയിക്കുന്നവരും പണത്തെ ദൈവമായി ആരാധിക്കുകയാണ്. ഈ തിന്മയ്‌ക്കെതിരേ ശക്തമായി നിലകൊള്ളാനും നിരന്തരമായ ബോധവത്കരണത്തിലൂടെ ആളുകളെ മദ്യവര്‍ജനത്തിനു പ്രേരിപ്പിക്കാനും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു.


Related Articles »