News - 2024

മുറിവേറ്റ മക്കളെ അന്വേഷിച്ചു കണ്ടെത്തുന്ന അമ്മയാണ്‌ സഭ: ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 13-01-2016 - Wednesday

ഫ്രാൻസിസ് മാർപാപ്പ അധികാരം ഏറ്റെടുത്തതിന് ശേഷം ഏറ്റവും കൂടുതൽ സമയം ചിലവൊഴിച്ചിട്ടുള്ള കരുണ എന്ന വിഷയത്തെ പറ്റി, അദ്ദേഹമെഴുതിയ പുതിയ കൃതിയിൽ, കരുണയെ പറ്റി തന്റെ വ്യക്തിപരമായ അനുഭവങ്ങൾ വിവരിച്ചുകൊണ്ട്, മനുഷ്യരാശിയുടെ അടിയന്തിരമായ ആവശ്യം കരുണയാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.

'ദൈവത്തിന്റെ പേര് കരുണ' ( “The Name of God is Mercy,” ) എന്ന കൃതിയിൽ പിതാവ് പറയുന്നു: "തിരുസഭ മാതൃത്വത്തിന്റെ മുഖം വെളിവാക്കി തരുന്ന കരുണയുടെ സമയമാണിത്. മനുഷ്യകുലത്തിന്റെ വ്രണപ്പെട്ടിരിക്കുന്ന ഹൃദയത്തിന് ആശ്വാസമേകാനായി, സഭയുടെ മാതൃത്വം പ്രതികരിക്കേണ്ട സമയം."

"സഭയുടെ വാതിലിൽ വന്ന് സഹായമർത്ഥിക്കാൻ ആ അമ്മ കാത്തിരിക്കുന്നില്ല! സഭ പുറത്തെ തെരുവിൽ മുറിവേറ്റവരെ കണ്ടെത്തുന്നു! അവരെ ആശ്വസിപ്പിക്കുന്നു ! ഇത് കരുണയുടെ കാലഘട്ടമാണ്. കരുണയ്ക്ക് വേണ്ട അവസരങ്ങൾ ഒരുക്കുന്ന കാലഘട്ടം.''

ഇറ്റാലിയൻ പത്രപ്രവർത്തകൻ ആൻഡ്രൂ ടൊണേലി, മാർപാപ്പയുമായി നടത്തിയ അഭിമുഖങ്ങളിലെ ചില പ്രസക്തഭാഗങ്ങളാണ് ഇവിടെ ഉദ്ധരിച്ചത്. 'മാർപാപ്പയുടെ ഹൃദയവും ജീവിത വീക്ഷണവും വ്യക്തമാക്കുന്ന കൃതിയാണിത്.' ആമുഖത്തിൽ ടൊണേലി പറയുന്നു.

'കരുണ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്' എന്ന ടൊണേലിയുടെ ചോദ്യത്തിന്, 'കരുണയുടെ മൂല ശബ്ദമായ misericordis , അതായത്, മനുഷ്യ ദുരിതത്തിലേക്ക് ഹൃദയം തുറക്കുക എന്നതു തന്നെയാണ് താൻ ഉദ്ദേശിക്കുന്നത്' എന്ന് പിതാവ് മറുപടി നൽകുന്നു.

"ദുരിതത്തെ ആശ്വസിപ്പിക്കുന്ന ആലിംഗനമാണ് കരുണ! അത് ദൈവത്തിന്റെ തിരിച്ചറിയൽ രേഖയാണ്."

ഈ കാലഘട്ടത്തിൽ കരുണയുടെ പ്രസക്തി എന്താണെന്ന് ടൊണേലി ചോദിച്ചപ്പോൾ ചിതാവ് ഇങ്ങനെ മറുപടി പറഞ്ഞു.: "മനുഷ്യകുലത്തിന് മുറിവേറ്റിരിക്കുന്നു ! വളരെ ആഴത്തിൽ മുറിവേറ്റിരിക്കുന്നു !

സാമൂഹ്യ തിന്മകൾ മാത്രമല്ല മനുഷ്യനെ മുറിവേൽപ്പിക്കുന്നത്; ദാരിദ്ര്യവും പാർശ്വവൽക്കരണവും മാത്രമല്ല മനുഷ്യ ദുരന്തത്തിന് കാരണമായിരിക്കുന്നത്."

"നമ്മൾ സമത്വവും സഹോദര്യവും പ്രസംഗിക്കുന്നു. പക്ഷേ അത് എങ്ങും കാണ്മാനില്ല !"

കരുണയുടെ പേരിൽ ലോകമെങ്ങും നടക്കുന്ന പ്രഹസനങ്ങളെ പിതാവ് വിമർശിച്ചു. ദുരിതത്തെ ആലിംഗനം ചെയ്യുന്ന കരുണ ലോകത്തിൽ അപ്രത്യക്ഷമായിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുരിതങ്ങളിൽ ആശ്വാസം നൽകാനാകുമെന്ന് മനുഷ്യൻ വിസ്മരിച്ചിരിക്കുന്നു. തന്റെ വൈദീക ജീവിതത്തിലെ അനുഭവങ്ങളാണ് ജീവിതത്തിൽ കരുണയുടെ പ്രസക്തിയെ പറ്റി തന്നെ ബോധവാനാക്കിയത് എന്ന് അദ്ദേഹം പറയുന്നു. കുമ്പസാര കൂട്ടിൽ നിന്നും തനിക്ക് കരുണയുടെ പാഠങ്ങൾ ലഭിച്ചിട്ടുണ്ട് എന്നദ്ദേഹം കൂട്ടിച്ചേർത്തു.

"യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം കരുണയാണ്." അദ്ദേഹം ഓർമ്മിപ്പിച്ചു. സുവിശേഷത്തിന്റെ കാതൽ കരുണയാണ് എന്ന്, എമിരറ്റസ് മാർപാപ്പ ബനഡിക്ട് XVI പറഞ്ഞിട്ടുള്ളത് അദ്ദേഹം ഓർമ്മിപ്പിച്ചു.

"തിരുസഭയുടെ മുഖത്തെ ശോഭ കരുണയുടേതാണ്.തിരുസഭ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ദൈവത്തിന്റെ കരുണ തന്നെയാണ്." കരുണയുടെ വർഷം തനിക്ക് പെട്ടന്നൊരു ദിവസം തോന്നിയ ആശയമല്ല എന്ന് പിതാവ് പറഞ്ഞു. പ്രാർത്ഥനയിലൂടെയും, മുൻ പിതാക്കന്മാരുടെ പഠനങ്ങളുടെയുമെല്ലാം ഫലമാണ് കരുണയുടെ വർഷം. തിരുസഭ യുദ്ധമുഖത്തെ ഒരു ആശുപത്രിയായി സങ്കൽപ്പിച്ചാൽ, മുറിവേറ്റു കിടക്കുന്നവർക്ക് ആശ്വാസം എത്തിക്കേണ്ട ചുമതലയാണ് സഭയ്ക്കുള്ളത്.

താൻ ബ്യൂണസ് അയേർസിൽ കർഡിനാൾ ആയിരുന്നപ്പോൾ, കർദ്ദിനാൾമാരുടെയും മെത്രാന്മാരുടെയും ഒരു യോഗത്തിലാണ് ഈ ആശയം രൂപമെടുത്തത് എന്ന്. പിതാവ് പറയുന്നു.

"ജനങ്ങളെ സഭയിലേക്ക് അടുപ്പിക്കാൻ എന്തു ചെയ്യണം' എന്നതായിരുന്നു ചർച്ചാ വിഷയം. ക്ഷമയുടെ വർഷം ആചരിക്കുക എന്നൊരു നിർദ്ദേശമുണ്ടായി. അത് എന്റെ മനസ്സിൽ തങ്ങി നിന്നു."

'താൻ ബാലനായിരുന്നപ്പോൾ എസിക്കിയേൽ 16-ാം അധ്യായം തന്നെ ഏറെ ആകർഷിച്ചിരുന്നു,' അദ്ദേഹം പറയുന്നു.

ഉപേക്ഷിക്കപ്പെട്ട ഒരു പെൺകുഞ്ഞിനെ ദൈവം രക്ഷപെടുത്തി കാത്തു പരിപാലിക്കുന്നു. വളർന്നപ്പോൾ, സ്വന്തം സൗന്ദര്യത്തിൽ ഭ്രമിച്ച അവൾ ഒരു വേശ്യയായി മാറുന്നു. ദൈവം അവളെ ശിക്ഷിക്കുന്നതിനു പകരം, അവളുടെ സഹോദരിമാർക്കും മുകളിൽ അവളെ എത്തിക്കുന്നു. അവൾ സ്വയം ലജ്ജിതയായി പശ്ചാത്തപിക്കാനുള്ള ദൈവീക പദ്ധതി ആയിരുന്നു അത്.

ദൈവത്തിന്റെ കരുണയുടെ സാമീപ്യത്തിൽ നാം പാപങ്ങളോർത്ത് ലജ്ജതരാകുന്നു. പാപത്തെയോർത്തുള്ള ലജ്ജ ദൈവത്തിന്റെ അനുഗ്രഹമാണ്. ആ അനുഗ്രഹത്തിനായി വിശുദ്ധ ഇഗ്നേഷ്യസ് പ്രാർത്ഥിക്കുന്നതായി

'The Dialectic of the Spiritual Exercises of St. Ignatius,' എന്ന, Fr. Gaston Fessard എഴുതിയ പുസ്തകത്തിൽ പറയുന്നുണ്ട്. ലജ്ജയെ പറ്റിയുള്ള മനോഹരമായ ഒരു പുസ്തകമാണ് ഫാദർ ഗാസ്റ്റൺ എഴുതിയിരിക്കുന്നത് എന്ന് മാർപാപ്പ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ ജീവിതത്തിലേക്ക് പലപ്പോഴും കടന്നു വന്നിട്ടുള്ള, കരുണയുള്ള വൈദീകരെ പിതാവ് നന്ദിയോടെ സ്മരിക്കുന്നു. 17-ാം വയസ്സിൽ തന്നെ കുമ്പസാരിപ്പിച്ച ഫാദർ കർലോസ് ഡുവാർട്ടെ ഇബാര, തന്റെ ജ്ഞാനസ്നാന പുരോഹിതൻ ഫാദർ എൻറിക്കോ പൊസോളി, ബ്യൂണസ് അയേർസിൽ താൻ കണ്ടുമുട്ടിയ ചെറുപ്പക്കാരനായ ഒരു കപ്പൂച്ചിയൻ വൈദികൻ - അവരിലെല്ലാം യേശുവിന്റെ കരുണയുടെ പ്രകാശം ജ്വലിച്ചിരുന്നു എന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.

(Source: EWTN News)