India - 2024

മലയാളി വൈദികന് ഉത്തര്‍പ്രദേശില്‍ ആദരം

സ്വന്തം ലേഖകന്‍ 12-10-2017 - Thursday

വാരാണസി: ഹിന്ദി ഭാഷയ്ക്കും ഹിന്ദി സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് മലയാളി വൈദികന് ഉത്തര്‍പ്രദേശില്‍ ആദരം. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ മുന്‍ഷി പ്രേംചന്ദിന്റെ 81ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം വാരാണസിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഐഎംഎസ് സന്ന്യാസ സഭാംഗവും വാരാണസി വിശ്വജ്യോതി കമ്യൂണിക്കേഷന്‍സ് ഡയറക്ടറുമായ ഫാ. ആനന്ദ് മാത്യു ഐഎംഎസിനെ ആദരിച്ചത്.

മുന്‍ഷി പ്രേംചന്ദിന്റെ കഥകള്‍ നാടകരൂപത്തിലും മറ്റും ആവിഷ്‌കരിച്ച് ഹിന്ദി സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ മാനിച്ച് വരാണസി സേതു കള്‍ച്ചറല്‍ സെന്ററും ഹിന്ദി ഭാഷയ്ക്കു നല്‍കിയ സംഭാവനകള്‍ മാനിച്ച് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഭാഷാസമന്വയ വേദിയും പ്രേംചന്ദിന്റെ കഥകള്‍ നാടകരൂപത്തില്‍ അവതരിപ്പിച്ച് സമൂഹത്തില്‍ ശാന്തിയും സമാധാനവും വളര്‍ത്തിയതിന് സണ്‍ ബീം ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുമാണ് ഫാ. ആനന്ദിനെ പുരസ്‌കാരം നല്‍കി ആദരിച്ചത്.

ഹിന്ദി ഭാഷയില്‍ അഗ്രഗണ്യനായ ഈ അമ്പത്തെട്ടുകാരന്‍ കഴിഞ്ഞ 26 വര്‍ഷമായി മിഷണറിമാരെ ഹിന്ദിഭാഷ പഠിപ്പിച്ചുവരുന്നു. ഹിന്ദി വ്യാകരണത്തില്‍ വിദഗ്ധനായ ഇദ്ദേഹം ഇതുസംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാഹിത്യത്തിലൂടെ സാമൂഹികമാറ്റം ലക്ഷ്യമാക്കി പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ മുന്‍ഷി പ്രേംചന്ദിന്റെ 16 ചെറുകഥകളും രണ്ടു നോവലുകളും ഫാ. ആനന്ദ് നാടകരൂപത്തിലാക്കിയിട്ടുണ്ട്.

ഹിന്ദി ഭാഷയ്ക്കും ഹിന്ദി സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ച് 2003ല്‍ ഇദ്ദേഹത്തിന് ഉത്തര്‍പ്രദേശ് ഗവര്‍ണറുടെ 'വിജില്‍' അവാര്‍ഡ് ലഭിച്ചിരുന്നു. കൂടാതെ 1997ല്‍ 'ഗോകുല്‍ സമ്മാന്‍'പുരസ്‌കാരവും 1999ലും 2004ലും 'സേതു സമ്മാന്‍'പുരസ്‌കാരവും ലഭിച്ചു. രാജ്യവ്യാപകമായി സമാധാനറാലികള്‍ നടത്തിയും ഫാ. ആനന്ദ് മാത്യു ശ്രദ്ധേയനായിട്ടുണ്ട്. ചങ്ങനാശേരി കുറുമ്പനാടം ഓലിക്കര കുടുംബാംഗമാണ് അദ്ദേഹം.


Related Articles »