Monday Mirror

ഒരു സാത്താന്‍ പുരോഹിതന്റെ മാനസാന്തരത്തിന്റെ കഥ

സ്വന്തം ലേഖകന്‍ 12-04-2021 - Monday

കുറവുകളും പോരായ്മകളും ജീവിതത്തില്‍ ഉണ്ടായിരിന്നിട്ടും തങ്ങളുടെ ജീവിതനവീകരണവും ത്യാഗങ്ങളും വഴി അനേകം പുണ്യാത്മാക്കള്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന സത്യം നമ്മേ സംബന്ധിച്ചു സുപരിചിതമാണ്. വിശുദ്ധ അഗസ്റ്റിനാണ് ഇതില്‍ നമ്മുക്ക് ഏറെ പരിചയമുള്ള വിശുദ്ധന്‍. നമ്മള്‍ ബലഹീനരാണെങ്കിലും നാം ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും മാറി യേശുവിന്‍റെ പിന്നാലേ നീങ്ങാന്‍ തയാറാണോ എന്ന ചിന്ത ഏറെ പ്രധാനപ്പെട്ടതാണ്.

ഈ വിചിന്തനം നടത്തുവാന്‍ വാഴ്ത്തപ്പെട്ട ബാര്‍ട്ടോലോ ലോങ്ങോയുടെ ജീവിത കഥ ഏറെ സഹായകരമാണ്. തന്റെ യൗവനകാലഘട്ടത്തിലെ പത്തുവര്‍ഷക്കാലം സാത്താന്റെ പുരോഹിതനായി ജീവിക്കുക. പിന്നീട് ക്രിസ്തുവിനെ അറിഞ്ഞു അനേകം ആത്മാക്കളുടെ രക്ഷ സാധ്യമാക്കുക. ഒടുവിൽ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുക. ബാര്‍ട്ടോലോയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് നാം ഇനി നടത്താന്‍ പോകുന്നത്.

1841-ല്‍ ഇറ്റലിയിലാണ് ബാര്‍ട്ടോലോ ലോങ്ങോയുടെ ജനനം. ബാര്‍ട്ടോലോക്ക് പത്തുവയസ്സുള്ളപ്പോള്‍ അവന്‍റെ അമ്മ മരിച്ചു. ക്രമേണ അവന്‍ ദൈവവിശ്വാസത്തില്‍ നിന്നും അകലുകയായിരിന്നു. നേപ്പിള്‍സില്‍ വിശുദ്ധ തോമസ്‌ അക്വിനാസ് പഠിച്ച അതേ സര്‍വ്വകലാശാലയില്‍ തന്നെയാണ് ബാര്‍ട്ടോലോയും പഠിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇറ്റലിയെന്ന്‍ പറഞ്ഞാല്‍ മതവിരുദ്ധതയുടേയും, പാഷണ്ഡതയുടേയും ഒരു കൂത്തരങ്ങായിരുന്നു. ബാര്‍ട്ടോലോയും അതിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയായിരിന്നു. ലോകത്തിന്റെ ഭൗതീകതയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു ജീവിച്ച ബാര്‍ട്ടോലോ മയക്കുമരുന്നിനും മറ്റുള്ള ദുശ്ശീലങ്ങള്‍ക്കും അടിമയായി മാറി.

തന്റെ കുടുംബം ആശ്രയിച്ചിരിന്ന ദൈവത്തെയും അവിടുത്തെ മൗതീകശരീരമായ കത്തോലിക്കാ സഭയേയും അവന്‍ പൂര്‍ണ്ണമായും നിന്ദിക്കുവാന്‍ തുടങ്ങി. സാത്താന്‍ ആരാധനയിലാണ് അത് അവസാനിച്ചത്. അധികം താമസിയാതെ തന്നെ ബാര്‍ട്ടോലോ സാത്താന്‍ ആരാധകരുടെ പുരോഹിതനായി മാറുകയായിരിന്നു. ഓ‌രോ ദിവസവും അവന്റെ ജീവിതം നാശത്തില്‍ നിന്നും നാശത്തിലേക്ക് പോയിക്കൊണ്ടിക്കുകയായിരിന്നു. പലപ്പോഴും ഒരു മനോരോഗിയെപ്പോലെയായിരുന്നു ബാര്‍ട്ടോലോ പ്രവര്‍ത്തിച്ചിരുന്നത്.

എങ്കിലും അദ്ദേഹം സാത്താന്‍ ആരാധന നിര്‍ത്തിയില്ല. നാശത്തിന്റെ പടുകുഴിയില്‍ വീണ ബാര്‍ട്ടോലോ ലോങ്ങോയുടെ മാനസാന്തരത്തിനായി അവന്‍റെ കുടുംബം മുട്ടിപ്പായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിനായി മോനിക്ക പ്രാര്‍ത്ഥിച്ചതുപോലെ അവര്‍ പ്രതീക്ഷ കൈവിടാതെ ദൈവത്തെ മുറുകെപ്പിടിച്ചു. അവരുടെ പ്രാര്‍ത്ഥനകള്‍ പാഴായില്ല. വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തില്‍ സംഭവിച്ചതുപോലെ തന്നെ ബാര്‍ട്ടോലോ ലോങ്ങോയുടെ ജീവിതവും പരിവര്‍ത്തനത്തിന് വിധേയമായി.

തനിക്ക് ചുറ്റും അവന്‍ കെട്ടിപ്പടുത്ത വിദ്വേഷത്തിന്റേയും പാപത്തിന്റേയും മറ തകര്‍ന്നുവീണു. ഒരു രാത്രിയില്‍ "ദൈവത്തിലേക്ക് തിരിച്ചു പോകൂ" എന്ന് പറയുന്ന മരിച്ചുപോയ തന്റെ പിതാവിന്റെ ശബ്ദം ബാര്‍ട്ടോലോ കേട്ടു. അമ്പരന്നുപോയ അദ്ദേഹം അടുത്തുള്ള തന്റെ സുഹൃത്തായ പ്രൊഫസ്സര്‍ വിന്‍സെന്‍സൊ പെപ്പെയോട് കാര്യങ്ങള്‍ ആരാഞ്ഞു. ബാര്‍ട്ടോലോയെ ശ്രവിച്ച പ്രഫസര്‍ "ഭയാനകമായ മരണവും, നിത്യമായ ശാപവുമാണോ നീ ആഗ്രഹിക്കുന്നത് ?" എന്നാണ് ചോദിച്ചത്. തുടര്‍ന്നു പെപ്പെയുടെ ഇടപെടല്‍ നിമിത്തം ബാര്‍ട്ടോലോ, ഫാ. അല്‍ബര്‍ട്ടോ റാഡെന്റെ എന്ന ഡൊമിനിക്കന്‍ പുരോഹിതനെ കാണുവാന്‍ സമ്മതിച്ചു.

അങ്ങനെബാര്‍ട്ടോലോയില്‍ പതുക്കെ പതുക്കെ ഫാ. അല്‍ബര്‍ട്ടോയുടെ സ്വാധീനം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ഇതിന്റെ ആദ്യഫലമായി ബാര്‍ട്ടോലോ തന്റെ പാപങ്ങള്‍ ഏറ്റു പറഞ്ഞുകൊണ്ട് നീണ്ട കുമ്പസാരം തന്നെ നടത്തി. ക്രമേണ ക്രിസ്തുവിനെ നിന്ദിച്ചു നടന്നിരുന്ന ബാര്‍ട്ടോലോ ക്രിസ്തുവിലേക്ക് ആളുകളെ അടുപ്പിക്കുന്നവനായി മാറി. ചായക്കടകളിലും, വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടികള്‍ക്കിടയിലും നിന്നുകൊണ്ട് യാതൊരു സങ്കോചവും കൂടാതെ അവന്‍ ദൈവത്തെ പ്രകീര്‍ത്തിക്കുകയും മതവിരുദ്ധതയെ എതിര്‍ക്കുകയും ചെയ്തു. പാവങ്ങള്‍ക്കിടയില്‍ സേവനം ചെയ്തും അജ്ഞരെ നേരായ പാതയിലേക്ക്‌ നയിച്ചും ബാര്‍ട്ടോലോ ലോങ്ങോ തന്റെ ജീവിതം ധന്യമാക്കി. നീണ്ട ആറുവര്‍ഷങ്ങള്‍.

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ജപമാല രാജ്ഞിയുടെ തൃപ്പാദത്തിങ്കല്‍ വെച്ച് ഒരു അല്‍മായ ഡൊമിനിക്കനായി തീരുവാന്‍ അവന്‍ നിത്യവൃതമെടുക്കുകയായിരിന്നു. ഉയര്‍ത്തിപ്പിടിച്ച ജപമാലയുമായി ഒരിക്കല്‍ കൂടി ബാര്‍ട്ടോലോ സാത്താന്‍ ആരാധകരുടെ ഇടയിലേക്ക്‌ ചെന്നുകൊണ്ട് പറഞ്ഞു. “ഈ ചെയ്യുന്ന ദൈവനിന്ദകള്‍ ഞാന്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. കാരണം ഇവയെല്ലാം നമ്മളെ വീഴ്ത്തുന്ന തെറ്റുകളാണ്.” എന്നാല്‍ തുടര്‍ച്ചയായ അനുതാപ പ്രവര്‍ത്തികള്‍ ചെയ്തിട്ടും ബാര്‍ട്ടോലോയെ അവന്റെ കഴിഞ്ഞകാല ഓര്‍മ്മകള്‍ വേട്ടയാടികൊണ്ടിരുന്നു.

താന്‍ ദൈവത്തിന്റെ ക്ഷമക്ക് അര്‍ഹനല്ല എന്ന നിരാശ അവനെ ദുഃഖത്തിലാഴ്ത്തി. ഒരിക്കല്‍ പോംപിക്ക്‌ സമീപമുള്ള പാവപ്പെട്ട കൃഷിക്കാരില്‍ നിന്നും വാടക പിരിച്ചുകൊണ്ടിരിക്കെ താന്‍ വീണ്ടും സാത്താനിലേക്ക് അടുക്കുന്നതായി ബാര്‍ട്ടോലോക്ക് അനുഭവപ്പെട്ടു. താന്‍ ഇപ്പോഴും സാത്താന്റെ അടിമയാണെന്നും നരകത്തില്‍ സാത്താന്‍ തനിക്കായി കാത്തിരിക്കുകയാണെന്നുമുള്ള ചിന്തകള്‍ അവന്റെയുള്ളില്‍ ശക്തിപ്രാപിച്ചു. കടുത്ത നിരാശയുടെയും കുറ്റബോധത്തിന്റെയും ഒരു സമയം.

Must Read: ‍ പിശാചിന്റെ പുരോഹിതനായിരുന്ന സഖാരിയുടെ ഈ സാക്ഷ്യം, നാം പലപ്പോഴും വിസ്മരിച്ചു കളയുന്ന വലിയ സത്യങ്ങളിലേക്ക്‌ വിരൽ ചൂണ്ടുന്നു

നിരാശനായ അവന്റെ ജീവിതം ആത്മഹത്യയുടെ വക്കോളം എത്തിച്ചേര്‍ന്നു. ആ നിമിഷമാണ് അവന്‍ താന്‍ ചെറുപ്പക്കാലത്ത് ചൊല്ലാറുണ്ടായിരുന്ന ജപമാലയെക്കുറിച്ചോര്‍ത്തത്. പരിശുദ്ധ കന്യകാമാതാവിന്റെ സ്നേഹത്തെക്കുറിച്ചും ജപമാല പ്രാര്‍ത്ഥനയെപറ്റിയും അവന്‍ ഓര്‍ത്തു. ജപമാല ചൊല്ലുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് വഴി സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കും എന്ന് പരിശുദ്ധ കന്യകാമാതാവ്‌ തന്നോട് പറയുന്നതായി അവനു തോന്നി. പോംപിയിലേക്ക്‌ പോയ അവന്‍ ജപമാല കൂട്ടായ്മകളുണ്ടാക്കുവാന്‍ തുടങ്ങി. അതോടൊപ്പം തന്നെ മരിയന്‍ പ്രദക്ഷിണങ്ങള്‍ സംഘടിപ്പിക്കുവാനും ജപമാല രാജ്ഞിക്കായി ഒരു ദേവാലയം പണിയുന്നതിനുമുള്ള ശ്രമങ്ങളും അവന്‍ തുടങ്ങി.

ഫുസ്ക്കോയിലെ പ്രഭ്വിയായിരുന്നു അവന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരുന്നത്. പ്രഭ്വിയുമായുള്ള അവന്റെ ബന്ധത്തെക്കുറിച്ച് നാട്ടില്‍ കിംവദന്തികള്‍ പരന്നു. അതേതുടര്‍ന്ന് നിത്യ വിശുദ്ധിക്കുള്ള വൃതവാഗ്ദാനം എടുത്തിരുന്ന ബാര്‍ട്ടോലോയെ ലിയോ പതിമൂന്നാമന്‍ പാപ്പാ ഫുസ്‌ക്കോയിലെ പ്രഭ്വിയെ വിവാഹം ചെയ്യുവാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്നു അവര്‍ വിവാഹിതരായി. പിന്നീടുള്ള തങ്ങളുടെ ജീവിതം യേശുവിനും മരിയ ഭക്തിക്കുമായി ആ ദമ്പതികള്‍ സമര്‍പ്പിക്കുകയായിരിന്നു. അവര്‍ ഒരുമിച്ച് പാവങ്ങളെ സേവിക്കുവാന്‍ തുടങ്ങി.

You May Like: ‍ സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ 10 മാര്‍ഗ്ഗങ്ങള്‍

50-തില്‍പ്പരം വര്‍ഷങ്ങള്‍ അവന്‍ ജപമാലയെക്കുറിച്ച് പ്രഘോഷിച്ചു നടന്നു. പാവങ്ങള്‍ക്കായി നിരവധി സ്കൂളുകള്‍ പണികഴിപ്പിച്ചു. കുറ്റവാളികളുടെ കുട്ടികള്‍ക്കായി അനാഥാലയങ്ങള്‍ പണിതു. എല്ലാത്തിനുമുപരിയായി മരണത്തിന്റെ നഗരമെന്നറിയപ്പെട്ടിരുന്ന ഒരു നഗരത്തെ ദൈവമാതാവിന്റെ നഗരമായി പരിവര്‍ത്തനം ചെയ്തു. ഒടുവില്‍ അനേകം ആത്മാക്കളുടെ രക്ഷ സ്വന്തമാക്കി അദ്ദേഹം സ്വര്‍ഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

മരിയ ഭക്തനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ബാര്‍ട്ടോലോ ലോങ്ങോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വെച്ച് ‘മറിയത്തിന്റെ അപ്പസ്തോലന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 5-നാണ് വാഴ്ത്തപ്പെട്ട ബാര്‍ട്ടോലോ ലോങ്ങോയുടെ നാമഹേതുതിരുനാള്‍. തങ്ങളുടെ വിശുദ്ധി വീണ്ടെടുത്ത്‌ കൊണ്ട് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് കരുതി ജീവിക്കുന്ന അനേകര്‍ നമ്മുടെ ഇടയിലുണ്ട്. അവര്‍ക്കായി, നാമോരുരുത്തര്‍ക്കായി, നമ്മുടെ ജീവിതനവീകരണത്തിനായി വാഴ്ത്തപ്പെട്ട ബാര്‍ട്ടോലോ ലോങ്ങോയുടെ മാധ്യസ്ഥം അപേക്ഷിക്കാം.



#originally published on 16.10.2017


Related Articles »