India - 2024

സീറോമലബാര്‍ സഭയ്ക്കു അധികാരം നല്‍കികൊണ്ടുള്ള പ്രഖ്യാപനം: സഭയില്‍ പുത്തന്‍ ഉണര്‍വിനു അവസരമാകുമെന്നു ചങ്ങനാശേരി അതിരൂപത

സ്വന്തം ലേഖകന്‍ 13-10-2017 - Friday

ചങ്ങനാശേരി: സീറോമലബാര്‍ സഭയ്ക്കു ഭാരതം മുഴുവനും അജപാലന പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍പാപ്പ അനുവാദം നല്‍കിയത് സഭയില്‍ പുത്തന്‍ ഉണര്‍വിനും പ്രവര്‍ത്തനങ്ങള്‍ക്കും അവസരമാകുമെന്നു ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. പുതിയപ്രഖ്യാപനം ഭാരതസഭയെ ശക്തിപ്പെടുത്തും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ രജതജൂബിലി വേളയില്‍ സഭയ്ക്കു കേരളത്തിനു പുറത്തു രണ്ടു രൂപതകള്‍ ലഭിച്ചത് അഭിമാനകരമാണ്. കൂടുതല്‍ പ്രേഷിതതീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാന്‍ ഇതു പ്രചോദനമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ദീര്‍ഘനാളായി ഇക്കാര്യങ്ങള്‍ക്കു മുന്‍കൈയെടുത്ത സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും സഭാ സിനഡിനും യോഗം അഭിനന്ദനം അറിയിച്ചു. അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ പിആര്‍ഒ ജോജി ചിറയില്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ജെ.സി. മാടപ്പാട്ട്, കെ.വി. സെബാസ്റ്റ്യന്‍, ഡോ.സോണി കണ്ടംകരി, പി.പി. ജോസഫ്, ജോര്‍ജ് വര്‍ഗീസ്, ഡോമിനിക് ജോസഫ്, വര്‍ഗീസ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »