News - 2024

ദൈവ വിശ്വാസി സാത്താനെക്കാൾ ശക്തനാണ് എന്ന വസ്തുത, ഭൂത പ്രമേയ ചലചിത്രങ്ങൾ വിസ്മരിക്കുന്നു: ഭൂതോച്ചാടകൻ ഫാ. ബാമൊനേറെ

അഗസ്റ്റസ് സേവ്യർ 15-01-2016 - Friday

ഭൂതോച്ചാടനം പ്രമേയമാക്കുന്ന സിനിമകൾ ക്ഷുദ്ര ശക്തികളെ ദൈവശക്തിക്ക് മേൽ പ്രതിഷ്ഠിക്കുന്നുവെന്ന് ഭൂതോച്ചാടകൻ ഫാദർ ഫ്രാസെസ്ക്കോ ബാമൊനേറെ അഭിപ്രായപ്പെട്ടു.

വത്തിക്കാൻ ദിനപത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ്, ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡന്റായ ഫാദർ ഫ്രാസെസ്ക്കോ ബാമൊനേറെ, പിശാച്ച് ബാധിതർ പ്രമേയമായ സിനിമകളിൽ, പൈശാചിക ശക്തികളെ അതിശയോക്തി കലർത്തി ദൈവശക്തിക്കും മേലായി ചിത്രീകരിക്കുന്നു എന്ന് അഭിപ്രായം പ്രകടിപ്പിച്ചത്.

ദൈവീക ശക്തിക്ക് മുമ്പിൽ പൈശാചിക ശക്തികൾ പരാജയപ്പെടുന്നത് ചിത്രീകരിക്കുമ്പോഴും, ദൈവശക്തിയുടെ മാഹാത്മ്യത്തിന് പ്രാധാന്യം കൊടുക്കാതെ, പൈശാചികതയുടെ ഭീകരതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമകൾ, തെറ്റായ സന്ദേശമാണ് ജനങ്ങളിലെത്തിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുസഭ തന്നെ ഭൂതോച്ചാടന കർമ്മങ്ങൾക്കായി വൈദികരെ നിയോഗിച്ചിട്ടുണ്ട്. പക്ഷേ ഈ കർമ്മങ്ങളുടെ ഫലപ്രാപ്തിക്ക് പൂർണത വരുത്തുന്ന ദൈവത്തിന്റയും കന്യകാ മാതാവിന്റെയും സാന്നിദ്ധ്യം അവഗണിക്കപ്പെട്ടു കാണുന്നു .

വിശുദ്ധ ജലത്തിന്റെയോ വിശുദ്ധ വസ്തുക്കളുടെയോ സാമീപ്യത്തിൽ, പൈശാചിക ശക്തികൾ പ്രതികരിക്കുന്നത് ഭൂതോച്ചാടകർക്ക് വളരെ പരിചിതമായ ഒരു വസ്തുതയാണ്.

ഭൂതോച്ചാടന സമയങ്ങളിൽ, കന്യകാ മറിയത്തോടുള്ള പ്രാർത്ഥനാ സമയത്ത് അവ തീവ്രമായി പ്രകോപിക്കപ്പെടുന്നത് തങ്ങൾക്ക് എപ്പോഴും അനുഭവപ്പെടാറുണ്ട് എന്ന് ഫാദർ ഫ്രാസെസ്ക്കോ ബാമൊനേറെ സാക്ഷ്യപ്പെടുത്തുന്നു.

ഭൂതോച്ചാടനം പ്രമേയമായിട്ടുള്ള സിനിമകളിൽ ധാരാളം പിഴവുകൾ കണ്ടു വരുന്നുണ്ട്. ജീവിതത്തെ, നന്മയും തിന്മയുമായുള്ള, ദൈവവും പിശാചുമായുള്ള, തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കുന്നു എന്നുള്ളതാണ് ഇത്തരം സിനിമകളുടെ ഏറ്റവും ഗുരുതരമായ പിഴവ് എന്ന് അദ്ദേഹം വിലയിരുത്തുന്നു.

നന്മയുടെ ദൈവം, തിന്മയുടെ ദൈവം, എന്ന വീക്ഷണം തന്നെ തെറ്റാണ്. പിശാച് തിന്മയുടെ ദൈവമല്ല, പ്രത്യുത: ദൈവം നന്മയായി സൃഷ്ടിച്ച, പിന്നീട് തിന്മയിലേക്ക് അധ:പതിച്ച, ഒരു സൃഷ്ടി മാത്രമാണത്.

അതുകൊണ്ടുതന്നെ, സാത്താൻ സർവ്വശക്തനല്ല; അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിയുകയില്ല; സർവ്വവ്യാപിയല്ല; നമ്മുടെ ചിന്തകളോ ഭാവിയോ അറിയാൻ അവയ്ക്ക് കഴിവില്ല.

ദൈവ വിശ്വാസി സാത്താനെക്കാൾ ശക്തനാണ് എന്ന വസ്തുത, ഭൂത പ്രമേയ ചലചിത്രങ്ങൾ വിസ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതു വഴി, തിരുസഭയ്ക്കും ദൈവമഹത്വത്തിനും സഹായകമാകേണ്ട ഈ സിനിമകൾ, സാത്താനെ സേവിക്കുന്നവയായി മാറുന്നു; അദ്ദേഹം പറഞ്ഞു.