India - 2024

ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ജനുവരി ഏഴിന്

സ്വന്തം ലേഖകന്‍ 21-10-2017 - Saturday

തൃശൂര്‍: സീറോ മലബാര്‍ സഭയ്ക്കായി വത്തിക്കാന്‍ പുതുതായി അനുവദിച്ച ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ജനുവരി ഏഴിനു നടക്കും. ഹൈദരാബാദില്‍ രാവിലെ 9.30നു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു പൊതുസമ്മേളനവും ഉണ്ടാകും. സഭാ മേലധ്യക്ഷര്‍, ഭരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ഷംഷാബാദ്. ഇന്ത്യയിൽ സീറോ മലബാർ സഭയ്ക്ക് നിലവിൽ രൂപതകൾ ഇല്ലാത്ത മറ്റ് മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചാണ് ഷംഷാബാദ് രൂപത. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുന്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചത്. ഇക്കഴിഞ്ഞ പത്താം തീയതിയാണ് ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചു സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപതകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പുറത്തിറക്കിയത്.


Related Articles »