India - 2024

മിഷന്‍ പ്രവര്‍ത്തനങ്ങളുടെ എഴുപത് വര്‍ഷങ്ങളെ സ്മരിച്ചു മിഷന്‍ലീഗ് സപ്തതിയാഘോഷം

സ്വന്തം ലേഖകന്‍ 22-10-2017 - Sunday

ബല്‍ത്തങ്ങാടി: ത്യാഗം നിറഞ്ഞ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ എഴുപത് വര്‍ഷങ്ങളെ സ്മരിച്ചു ചെറുപുഷ്പ മിഷന്‍ലീഗ് സപ്തതിയാഘോഷം ബല്‍ത്തങ്ങാടി സെന്റ് ലോറന്‍സ് കത്തീഡ്രല്‍ ഗ്രൗണ്ടില്‍ നടന്നു. മിഷന്‍ ലീഗ് ദേശീയ സമിതിയുടെയും കര്‍ണാടക സംസ്ഥാന സമിതിയുടെയും ബല്‍ത്തങ്ങാടി രൂപതയുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുത്ത പ്രേഷിത റാലി നടന്നു. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഘോഷണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും പ്രേഷിതരാവുകയെന്നത് ഓരോരുത്തരുടെയും കടമയാണെന്നും വചനാധിഷ്ഠിത ശൈലി സഭയുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിത്വ വികസനവും സേവനവുമാണ് മിഷന്‍ലീഗിന്റെ മുഖ്യ ലക്ഷ്യം. വളര്‍ന്നുവരുന്ന സാഹചര്യങ്ങളില്‍ കുട്ടികളിലെ കലാവാസനകള്‍ പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ ഈ സംഘടനയുടെ പങ്ക് നിസ്തുലമാണ്. പ്രായഭേദമെന്യേ പ്രവര്‍ത്തിക്കാമെന്ന സവിശേഷതയുമുണ്ട്. നാമോരോരുത്തരും പ്രേഷിതരാണ്. ഈ പ്രേഷിതചൈതന്യം നിലനിര്‍ത്തണം. ലോകംമുഴുവന്‍ പോയി ദൈവത്തിനായി പ്രവര്‍ത്തിക്കുവാന്‍ ധാരാളം പ്രേഷിതരുണ്ടാകണം. മിഷന്‍ലീഗിനെ ശക്തിപ്പെടുത്താന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

മിഷന്‍ ലീഗുമായി കഴിഞ്ഞ 45 വര്‍ഷത്തെ അഭേദ്യമായ ബന്ധവും സേവനവും തന്റെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. മിഷന്‍ലീഗുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതില്‍ ഒരു നഷ്ടമില്ല; നേട്ടം മാത്രമാണുണ്ടായിട്ടുള്ളത്. ദൈവത്തിന്റെ പരിപാലനം നന്നായി ബോധ്യമാകുന്നുണ്ട്. ഓരോ വ്യക്തിയും ദൈവമഹത്വം കണ്ടെത്താന്‍ ശ്രമിക്കുകയും അതു മറ്റുള്ളവരിലേക്കു പകര്‍ന്നു നല്‍കുകയും വേണം. യേശുക്രിസ്തു ആരാണെന്ന് സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കണം. പകര്‍ന്നുകൊടുക്കുന്ന ജീവന്‍ യഥാര്‍ഥ മിഷണറി പ്രവര്‍ത്തനമാണെന്നും നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്കു വെളിച്ചമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഫിജിയിലുള്‍പ്പെടെയുള്ള നരഭോജികളെ മനുഷ്യ സ്‌നേഹികളാക്കിയത് മിഷണറിമാരാണെന്ന് ഓര്‍മിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബല്‍ത്തങ്ങാടി രൂപത ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി പറഞ്ഞു. മറ്റുള്ളവരുടെ സന്തോഷം സ്വന്തമായി കണ്ട് എല്ലാം ഉപേക്ഷിച്ചിറങ്ങുന്നവര്‍ക്കു മാത്രമേ യഥാര്‍ഥ മിഷണറിയാകാനാകൂവെന്നും ഇതിനു മിഷന്‍ ലീഗ് ഒരു ചാലകശക്തിയാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സുജി തോമസ് പുല്ലുകാട്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മിഷന്‍ലീഗ് ദേശീയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍ വിശിഷ്ടാതിഥികളെ സദസിനു പരിചയപ്പെടുത്തി. ഭദ്രാവതി രൂപത ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്, മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍, പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് എന്നിവര്‍ ഉന്നത വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍, മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, ഫാ.ഹാരി ഡിസൂസ, റോയി മാത്യു, ബിനു മാങ്കൂട്ടം, പി. ജ്ഞാനദാസ്, മീര ജോര്‍ജ് കാരയ്ക്കല്‍, സിസ്റ്റര്‍ ആന്‍ ഗ്രേസ് എഫ്‌സിസി, സിസ്റ്റര്‍ പാവന സിഎംസി എന്നിവര്‍ പ്രസംഗിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് കര്‍ണാടക ഡയറക്ടറും ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ ഫാ. ജോസഫ് മറ്റം സ്വാഗതവും ദേശീയ ജനറല്‍ ഓര്‍ഗനൈസര്‍ മാന്പറമ്പില്‍ നന്ദിയും പറഞ്ഞു.

ജോണ്‍ കൊച്ചുചെറുനിലത്ത്, റോയി മാത്യു, വര്‍ഗീസ് കളപ്പുരയ്ക്കല്‍, ജോസ് തരകന്‍, വര്‍ഗീസ് കഴുതടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മിഷന്‍ ലീഗിന്റെ സ്ഥാപകരായ ഫാ. ജോസഫ് മാലിപ്പറമ്പില്‍, പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേല്‍(കുഞ്ഞേട്ടന്‍) എന്നിവരെ അനുസ്മരിച്ചു. മികച്ച കാരുണ്യ പ്രവര്‍ത്തകനായി മാണ്ഡ്യ രൂപതാംഗവും ബംഗളൂരുവില്‍ താമസക്കാരനുമായ ഫിലിപ്പ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മിഷന്‍ലീഗ് അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപത ഡയറക്ടര്‍മാര്‍ സഹകാര്‍മികരായിരുന്നു.


Related Articles »