India - 2024

ദൈവം തെരഞ്ഞെടുത്ത മറ്റൊരു ഫ്രാന്‍സിസ് അസീസിയായിരുന്നു കാട്ടറാത്തച്ചന്‍: മാര്‍ ജേക്കബ് മുരിക്കന്‍

സ്വന്തം ലേഖകന്‍ 25-10-2017 - Wednesday

വൈക്കം: വിന്‍സെന്‍ഷ്യന്‍ സഭയുടെ സ്ഥാപകനായ ഫാ. വര്‍ക്കി കാട്ടറാത്ത് കേരളസഭയെ ദൈവവചനത്തിന്റെ സജീവത്വം തിരിച്ചറിയാനും പരിശുദ്ധാത്മാഭിഷേകത്താല്‍ കത്തിജ്വലിപ്പിക്കാനും ദൈവം തെരഞ്ഞെടുത്ത മറ്റൊരു ഫ്രാന്‍സിസ് അസീസിയായിരുന്നുവെന്ന്‍ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വര്‍ക്കി കാട്ടറാത്തച്ചന്റെ 86ാം ചരമവാര്‍ഷികദിനത്തില്‍ തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ ശ്രാദ്ധാചരണത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനമധ്യേ തിരുവചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

കേരള കത്തോലിക്കാസഭയിലും ആഗോള സഭയിലും വിന്‍സെന്‍ഷ്യന്‍ വൈദികര്‍ ചെയ്യുന്ന സുവിശേഷ സേവനങ്ങളെ ബിഷപ് അനുസ്മരിച്ചു. വചനപ്രഘോഷണങ്ങളിലൂടെയും സാമൂഹ്യസേവനങ്ങളിലൂടെയും വിന്‍സെന്‍ഷ്യന്‍ സഭ ഇന്നു ജനമനസുകളില്‍ നിറസാന്നിധ്യമായിത്തീര്‍ന്നിരിക്കുന്നു. അദ്ദേഹം തോട്ടകത്തിട്ട തീ ലോകം മുഴുവനിലേയും കത്തോലിക്കാസഭയില്‍ വിന്‍സെന്‍ഷ്യന്‍ സഭയിലൂടെ ആളിപ്പടരുന്നതാണു നാം കാണുന്നത്.

കേരളസഭയില്‍ ഒരു പുതിയ യുഗപ്പിറവിക്കു നാന്ദികുറിച്ച ഒരു ജനകീയാചാര്യനായിരുന്നു വര്‍ക്കിയച്ചന്‍ എന്നു വൈക്കം ഫൊറോന വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി അനുസ്മരണ സന്ദേശത്തില്‍ സൂചിപ്പിച്ചു. കര്‍മല മലയില്‍ ഏലിയ പ്രവാചകന്‍ സ്വര്‍ഗത്തിലെ അഗ്‌നി ഇറക്കിക്കൊണ്ടുവന്നതുപോലെ വൈക്കം ഭൂപ്രദേശത്ത് സ്വര്‍ഗീയ അഗ്‌നി ഇറക്കിജ്വലിപ്പിച്ച പ്രവാചകനായിരുന്നു കാട്ടറാത്തച്ചനെന്നു വചനപ്രഘോഷണമധ്യേ ഫാ. ആന്റണി പയ്യപ്പിള്ളി പറഞ്ഞു. സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു കക്കാട്ടുപിള്ളില്‍ അനുസ്മരണ പ്രഭാഷണം നല്‍കി.

സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍ നാമകരണ പ്രാര്‍ഥനകള്‍ക്കു നേതൃത്വം വഹിച്ചു. മേരിമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജയിംസ് കല്ലുങ്കല്‍ സ്‌നേഹവിരുന്ന് ആശീര്‍വദിച്ചു. വര്‍ക്കി കാട്ടറാത്തച്ചന്റെ ശ്രാദ്ധാചരണത്തോടനുബന്ധിച്ച് തോട്ടകം ദേവാലയത്തില്‍ നടന്നുവന്ന ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയ്ക്കും ഇതോടെ സമാപനമായി. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രങ്ങളിലെ സുവിശേഷപ്രസംഗകരായ ഫാ. ജോസഫ് എറന്പില്‍, ഫാ. മാത്യു തടത്തില്‍, ഫാ. ആന്റണി പയ്യപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles »