News - 2024

മതപീഡനത്തിനിരയായ ക്രിസ്ത്യാനികളെ സഹായിക്കണം: ട്രംപ് ഭരണകൂടത്തോട് പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ ബാവ

സ്വന്തം ലേഖകന്‍ 26-10-2017 - Thursday

ബുഡാപെസ്റ്റ്: ഇറാഖ്, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ പീഡനത്തിനിരയാവുന്ന ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ അമേരിക്കന്‍ ഭരണകൂടം സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ ബാവ. ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടം ആത്മാര്‍ത്ഥതയുള്ള രാഷ്ട്രീയ സമീപനമായിരിക്കണം പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മതപീഡനങ്ങള്‍ക്കിരയാവുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഹംഗേറിയന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ ഒക്ടോബര്‍ 11-13 വരെ ബുഡാപെസ്റ്റില്‍ നടന്ന കോണ്‍ഫറന്‍സിന് ശേഷം എന്‍‌സി‌ആര്‍ എന്ന കത്തോലിക്ക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

ക്രൈസ്തവര്‍ക്ക് നല്‍കേണ്ട സഹായം വെറും വാക്കുകളല്ല, പ്രവര്‍ത്തിയാണാവശ്യമെന്ന് അദ്ദേഹം ട്രംപ് ഭരണകൂടത്തെ ഓര്‍മ്മിപ്പിച്ചു. സ്വന്തം രാജ്യങ്ങളില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന ബോധം പൗരന്‍മാര്‍ക്കിടയില്‍ വളര്‍ത്തുവാന്‍ ഇത്തരം സമീപനം സഹായകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ ഇറക്കുമതി ചെയ്യപ്പെട്ടവരല്ല, മറിച്ച് ആയിരത്തില്‍പരം വര്‍ഷങ്ങളായി അവിടെ താമസിച്ചു വരുന്ന സ്വദേശീയര്‍ തന്നെയാണ്.

ഇസ്ലാമിക ഭീഷണിയുണ്ടെങ്കില്‍ മാത്രം ഇടപെടുന്ന പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് പശ്ചിമേഷ്യയില്‍ മതസ്വാതന്ത്ര്യം കൊണ്ടുവരുന്നതിനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതപീഡനത്തിനിരയാവുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പായുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുവാനും സിറിയന്‍ സഭാ തലവന്‍ മറന്നില്ല.

സര്‍ക്കാര്‍ സഹായത്തോടെ ഇതാദ്യമായാണ് പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി കോണ്‍ഫറന്‍സ് നടക്കുന്നത്. ആഗോളതലത്തില്‍ നിന്നും 300-ലേറെ ക്രിസ്ത്യന്‍ പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.


Related Articles »