India - 2024

സഭയ്ക്കു കക്ഷിരാഷ്ട്രീയമില്ല, നന്മ ചെയ്യുന്നവരോടു ചേര്‍ന്നുനില്‍ക്കും: മാര്‍ പെരുന്തോട്ടം

സ്വന്തം ലേഖകന്‍ 29-10-2017 - Sunday

ചങ്ങനാശേരി: സഭയ്ക്കു കക്ഷിരാഷ്ട്രീയമില്ലായെന്നും മനുഷ്യന്റെ മൗലികതയും നന്മയും ലക്ഷ്യമാക്കുന്ന രാഷ്ട്രീയ നേതൃത്വത്തോടു സഹകരിച്ചു സമൂഹത്തിന് പൊതുനന്മ പ്രദാനം ചെയ്യുന്നതാണു സഭാശൈലിയെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അസംപ്ഷന്‍ കോളജിലെ മാര്‍ മാത്യു കാവുകാട്ട് നഗറില്‍ നടന്ന ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ സുവര്‍ണജൂബിലി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സഭയ്ക്കു കക്ഷിരാഷ്ട്രീയമില്ല. മതസാംസ്‌കാരിക വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന നമ്മുടെ നാടിന്റെ പൈതൃകം സ്വാംശീകരിച്ചു പ്രവര്‍ത്തിക്കാന്‍ സഭയ്ക്കും സഭാമക്കള്‍ക്കും കഴിയണം. സഭയുടെ ദര്‍ശനം സങ്കുചിതമല്ല, കൂടുതല്‍ ലക്ഷ്യബോധത്തോടെയും കാഴ്ചപ്പാടുകളോടെയും സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയില്‍ പങ്കാളികളാകണമെന്നും മാര്‍ പെരുന്തോട്ടം ആഹ്വാനം ചെയ്തു.

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജൂബിലിസംഗമം ഉദ്ഘാടനം ചെയ്തു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖപ്രഭാഷണം നടത്തി. ഡോ. റോസമ്മ ഫിലിപ്പ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് കണ്ടങ്കേരി, പിആര്‍ഒ ജോജി ചിറയില്‍, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിമാരും കൗണ്‍സില്‍ ഭരണഘടനാ ശില്പികളുമായ ഫാ. ആന്റണി നിരപ്പേല്‍, പ്രഫ.കെ.ടി. സെബാസ്റ്റ്യന്‍, ഡോ.സ്‌കറിയ സക്കറിയ, പ്രഫ. ജയിംസ് സെബാസ്റ്റ്യന്‍, ഡോ.പി.സി.അനിയന്‍കുഞ്ഞ്, പ്രഫ. ജോസഫ് ടിറ്റോ, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, പ്രഫ. ജോയി ജോസഫ്, ഡോ. റൂബിള്‍ രാജ്, പ്രഫ. ജോസഫ് സാം, തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, ഡോ. രാജന്‍ കെ. അന്പൂരി, ജോജി ചിറയില്‍, ജോസഫ് മറ്റപ്പറമ്പില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.

രാവിലെ നടന്ന സിന്‌പോസിയം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍.മാണി പുതിയിടം അധ്യക്ഷത വഹിച്ചു. വിശ്വാസികളും സഭാജീവിതവും സുറിയാനി പാരന്പര്യത്തില്‍ എന്ന വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയിലെ റവ.ഡോ. ബേബി വര്‍ഗീസ്, അജപാലന സമിതികള്‍ സത്യബോധത്തിന്റെ സാക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍, അജപാലന രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.പി.സി. അനിയന്‍ കുഞ്ഞ്, പ്രഫ. ലീന ജോസ് ടി, സിസ്റ്റര്‍ സുനിത വാഴയില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.


Related Articles »