India

സഭയുടെ പ്രബോധനങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ വിശ്വാസികള്‍ക്കു കഴിയണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 29-10-2017 - Sunday

ചങ്ങനാശേരി: ന്യൂനപക്ഷാവകാശം ധ്വംസിക്കപ്പെട്ടാല്‍ അതിനെതിരേ ശബ്ദിക്കാനും സഭയുടെ പ്രബോധനങ്ങള്‍ ശക്തമായി അവതരിപ്പിക്കാനും വിശ്വാസികള്‍ക്കു കഴിയണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സുവര്‍ണജൂബിലി സംഗമം അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കകയായിരുന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി.

നമ്മുടെ വിദ്യാഭ്യാസ, ആതുരസേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമുണ്ട്. ന്യൂനപക്ഷാവകാശം ധ്വംസിക്കപ്പെട്ടാല്‍ അതിനെതിരേ ശബ്ദിക്കാനും സഭയുടെ പ്രബോധനങ്ങള്‍ ശക്തമായി അവതരിപ്പിക്കാനും വിശ്വാസികള്‍ക്കു കഴിയണം. വൈദികര്‍ക്കു കക്ഷിരാഷ്ട്രീയമില്ല. എന്നാല്‍ അല്മായര്‍ക്ക് അതുണ്ട്. മനഃസാന്നിധ്യത്തോടെയും വിവേകത്തോടെയും വ്യക്തിത്വത്തോടെയും പ്രവര്‍ത്തിക്കുന്ന അല്മായ നേതൃത്വമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത.

അല്‍മായര്‍ സജീവമാകേണ്ട കാലമാണിത്. എവിടെ നേതൃത്വം സംഘര്‍ഷത്തിലാകുന്നുവോ അവിടെ സംഘടന തളരും. കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. ആദ്യ പാസ്റ്ററല്‍ കൗണ്‍സില്‍ കാവുകാട്ട് പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു. ഉത്തരവാദിത്വബോധത്തോടെയും സമര്‍പ്പണ മനോഭാവത്തോടെയുമാണ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.

കത്തോലിക്കാ കോണ്‍ഗ്രസ് പോലെയുള്ള അല്മായ സംഘടനകള്‍ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ സഭയുടെ സ്വരമായി വളര്‍ന്നുവരാനുള്ള അവസരമാണ് ഒരുക്കേണ്ടത്. എന്നാല്‍ സഭയ്‌ക്കോ കത്തോലിക്കാ കോണ്‍ഗ്രസിനോ കക്ഷിരാഷ്ട്രീയമില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു കടക്കുന്നവര്‍ സംഘടനയില്‍നിന്നു രാജിവയ്ക്കണമെന്നു കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ത്തന്നെ പറയുന്നുണ്ട്.

പാസ്റ്ററല്‍ കൗണ്‍സിലുകളുടെ പ്രവര്‍ത്തനം എപ്രകാരം സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയുടെ ഭാഗമാക്കി മാറ്റാനാകുമെന്നു ചിന്തിക്കണം. പാസ്റ്ററല്‍ കൗണ്‍സില്‍ സഭയുടെ പരിച്ഛേദമാണ്. എല്ലാ വിഭാഗത്തിനും അവിടെ പ്രാതിനിധ്യമുണ്ട്. അല്മായ പ്രേഷിതത്വത്തെക്കുറിച്ചു ഭാരതസഭയ്ക്കു ദര്‍ശനം നല്‍കിയ കെ.ടി. സെബാസ്റ്റ്യനെപ്പോലുള്ളവരെയും അദ്ദേഹം അനുസ്മരിച്ചു. മാര്‍ത്തോമ്മാ വിദ്യാനികേതനിലൂടെയും മറ്റും പരിശീലനം നേടിയ വലിയൊരു നേതൃനിര ഇവിടെയുണ്ടെന്നും മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി.

സീറോ മലബാര്‍ സഭയ്ക്ക് ഇന്ന് കൂടുതല്‍ ഭരണസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും ലഭിച്ചിരിക്കുന്നു. ചരിത്രത്തിലെ ചില ഏടുകളില്‍ സഭാ ഭരണത്തില്‍ ഉണ്ടായ ഗതിമാറ്റങ്ങള്‍ക്കു ശേഷം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വികാരി ജനറാളായി വിശുദ്ധ ചാവറയച്ചനെ നിയോഗിച്ചുകൊണ്ടാണ് പുനരുദ്ധാരണം ആരംഭിച്ചത്. വളരെയേറെ ശ്രമവും സഹനവും വഴി സഭ വളര്‍ന്നുകൊണ്ടേയിരുന്നു. മെത്രാന്മാരുടെ നിയമനാധികാരം മാത്രമല്ല, സുവിശേഷവത്കരണ സ്വാതന്ത്ര്യവും സഭയ്ക്കു ലഭിച്ചിരിക്കുന്നു. രൂപതകള്‍ പ്രത്യേക ഘടകമല്ല. രൂപതാചിന്തകളില്‍ നിന്ന് ഒരു സഭയെന്ന ചിന്തയിലേക്കു വളരണമെന്നും മാര്‍ ആലഞ്ചേരി തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.


Related Articles »