India - 2024

മദ്യത്തില്‍ മുക്കാന്‍ ശ്രമിക്കുന്ന എക്‌സൈസ് വകുപ്പിനു മദ്യാസക്തിക്കെതിരേ സംസാരിക്കാന്‍ അവകാശമില്ല: കെസിബിസി

സ്വന്തം ലേഖകന്‍ 31-10-2017 - Tuesday

കൊച്ചി: മദ്യത്തിന്റെ ഉത്പാദനവും വിപണനവും വ്യാപകമാക്കാന്‍ ശ്രമിക്കുന്ന എക്‌സൈസ് വകുപ്പുതന്നെ മദ്യത്തിനെതിരേയുള്ള സര്‍ക്കാരിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതു പ്രഹസനമാണെന്നും കേരളത്തെ മദ്യത്തില്‍ മുക്കാന്‍ ശ്രമിക്കുന്ന എക്‌സൈസ് വകുപ്പിനു മദ്യാസക്തിക്കെതിരേ സംസാരിക്കാന്‍ അവകാശമില്ലായെന്നും കെ‌സി‌ബി‌സി.

ഹോട്ടലുകളില്‍ ബിയര്‍ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങാനുള്ള എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ സംസ്ഥാനത്തു നിയന്ത്രണമില്ലാത്ത മദ്യസംസ്‌കാരത്തിനു വഴിവയ്ക്കുന്നതാണ്. ഇത്തരം ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതു വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തും. സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിനെ കയറൂരി വിട്ടിരിക്കുന്ന പ്രതീതിയാണ്. കേരളസമൂഹത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തകര്‍ക്കുന്നതിനുള്ള ഗവേഷണങ്ങളാണ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

ജനതാത്പര്യങ്ങളെ വെല്ലുവിളിച്ചു മദ്യലോബിയുടെ താത്പര്യം മാത്രം കണക്കിലെടുത്തുള്ള പരിഷ്‌കാര നിര്‍ദേശങ്ങളുണ്ടാവുന്നതു ഖേദകരമാണ്. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതല എക്‌സൈസ് വകുപ്പില്‍നിന്ന് എടുത്തുമാറ്റി രാഷ്ട്രീയത്തിനുപരി പൊതുജനപങ്കാളിത്തമുള്ള ഒരു സമിതിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Related Articles »