India - 2024

മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം: വിപുലമായ ഒരുക്കങ്ങളുമായി കാഞ്ഞിരപ്പള്ളി രൂപത

സ്വന്തം ലേഖകന്‍ 08-11-2017 - Wednesday

കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളുമായി കാഞ്ഞിരപ്പള്ളി രൂപത. 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേക ചടങ്ങിന് നാലായിരത്തിഅഞ്ഞൂറിലധികം വിശ്വാസികള്‍ സാക്ഷികളാകും. മെത്രാഭിഷേകത്തോടനുബന്ധിച്ച് രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വിശകലനം ചെയ്യുവാനുമായി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ പാസ്റ്ററല്‍ സെന്ററില്‍ അവലോകനയോഗം നടന്നു.

പൊതുഗതാഗതത്തിന് തടസമുണ്ടാകാത്തവിധം കുറ്റമറ്റരീതിയിലാണ് കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ മൈതാനങ്ങളില്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വൈദികരും അല്മായരും സന്യസ്തരുമുള്‍പ്പെടുന്ന 33അംഗ ഗായകസംഘം പരിശീലനം ആരംഭിച്ചു. ദേവാലയ കര്‍മങ്ങള്‍ വിശദമാക്കുന്ന നാലായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളും വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. അച്ചടിജോലികള്‍ പുരോഗമിക്കുന്നു. മെത്രാഭിഷേക പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ അധ്യക്ഷന്മാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.

തിരുക്കര്‍മങ്ങളുടെ വിജയത്തിനായി ഒരാഴ്ചക്കാലം പ്രാര്‍ത്ഥനാവാരമായി ആചരിക്കും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്ന് 500ല്‍പരം പ്രതിനിധികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും. വിശ്വാസികള്‍ക്ക് തിരുകര്‍മങ്ങളില്‍ പങ്കെടുക്കുവാനായി 35,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. തിരുക്കര്‍മങ്ങള്‍ ക്ലോസ് സര്‍ക്യൂട്ട് ടിവിയിലൂടെ വിശ്വാസിസമൂഹത്തിന് വീക്ഷിക്കാനുള്ള ക്രമീകരണവും നടത്തുന്നുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തിരുകര്‍മങ്ങള്‍ക്കുശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.


Related Articles »