India - 2024

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ലൂര്‍ദ് കത്തീഡ്രല്‍ തിരുനാള്‍

സ്വന്തം ലേഖകന്‍ 10-11-2017 - Friday

തൃശൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ട് ലൂര്‍ദ് കത്തീഡ്രലിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍. ജാതിമത ഭേദമെന്യെ നിര്‍ധനര്‍ക്കാണു ജീവകാരുണ്യ സേവനങ്ങള്‍ നല്‍കുന്നത്. ലൂര്‍ദ് ഫൊറോനയ്ക്കു കീഴിലുള്ള പ്രദേശങ്ങളിലെ പത്തു യുവതികള്‍ക്കു വിവാഹ ധനസഹായമായി ഓരോ ലക്ഷം രൂപ നല്‍കി.

ഭവനനിര്‍മാണ സഹായമായി എട്ടു ലക്ഷം രൂപയാണു നല്‍കിയത്. 131ാം തിരുനാളിനെ അനുസ്മരിപ്പിച്ചുകൊണ്ട് ജൂബിലി മിഷന്‍ അമല മെഡിക്കല്‍ കോളജുകളില്‍ ഡയാലിസിസിനു വിധേയരാകുന്ന പാവപ്പെട്ട 131 വൃക്കരോഗികള്‍ക്കു സൗജന്യ ഡയാലിസിസ് നല്‍കുന്നുണ്ട്.

ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്തു. സൗജന്യ മെഡിക്കല്‍ ക്യാന്പും നടത്തി. നിര്‍ധന കുടുംബങ്ങള്‍ക്കു സൗജന്യ ഭക്ഷ്യപാക്കറ്റുകളും സമ്മാനിച്ചു. ഇരുപത്തഞ്ചു ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണു നടപ്പാക്കിയതെന്നു വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. വര്‍ഗീസ് കൂത്തൂര്‍ പറഞ്ഞു.

കാന്‍സര്‍ രോഗികള്‍ക്കു വിഗ് നിര്‍മിക്കുന്നതിനു ഇടവകയിലെ നൂറോളം യുവതികള്‍ മുടി മുറിച്ചു നല്‍കി. തിരുനാളിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മം ഇന്നലെ വൈകുന്നേരം സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍. നായര്‍ നിര്‍വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചിനു അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ രൂപം എഴുന്നള്ളിക്കല്‍ ചടങ്ങുനിര്‍വഹിക്കും. നാളെ (ശനിയാഴ്ച) കുടുംബ യൂണിറ്റുകളില്‍നിന്ന് അന്‍പ്, കിരീടം എഴുന്നള്ളിപ്പുകള്‍ നടക്കും.

രാത്രി പത്തിനു എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും.തിരുനാള്‍ദിനമായ ഞായറാഴ്ച രാവിലെ ആറിനും 7.30 നും 3.30 നും രാത്രി 7.15 നും ദിവ്യബലി. രാവിലെ പത്തിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യാകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയുണ്ടാകും. വൈകുന്നേരം നാലിനു കത്തീഡ്രലില്‍നിന്നു ബസിലിക്കയിലേക്കു ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. ആറിനു ബസിലിക്കയില്‍നിന്നു കത്തീഡ്രലിലേക്ക് കിരീടമഹോത്സവം നടക്കും.


Related Articles »