India - 2024

വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ: കേരളസഭയുടെ ആഘോഷം ഇന്ന്

സ്വന്തം ലേഖകന്‍ 11-11-2017 - Saturday

കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു കേരളസഭാതല ആഘോഷ പരിപാടികള്‍ക്കു കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കുന്ന കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേരും. എറണാകുളം അങ്കമാലി അതിരൂപതയുടെയും എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടികള്‍. 2.45ന് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും പ്രദക്ഷിണമായി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്കെത്തിക്കും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം വചനസന്ദേശം നല്‍കും. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുള്‍പ്പെടെ കേരളത്തിലും പുറത്തുമുള്ള വിവിധ മെത്രാന്മാര്‍ സഹകാര്‍മികരാകും.

തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും. എഫ്‌സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി, ഉദയ്‌നഗറില്‍നിന്നുള്ള പ്രതിനിധി സേവാ സിംഗ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നവംബര്‍ നാലിനാണു സിസ്‌റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്‌തസാക്ഷിയായി പ്രഖ്യാപിച്ചത്‌.


Related Articles »