India - 2024

വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം ഇന്ന് അരങ്ങില്‍

സ്വന്തം ലേഖകന്‍ 13-11-2017 - Monday

കൊച്ചി: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ നാടകം ഇന്ന് വേദിയിലെത്തും. എറണാകുളം അങ്കമാലി അതിരൂപതയുടെ മാധ്യമ വിഭാഗമായ പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന 'സിസ്റ്റര്‍ റാണി മരിയ -വിമോചനത്തിന്റെ വിശുദ്ധനക്ഷത്രം' എന്ന നാടകം കലൂര്‍ റിന്യൂവല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിനാണ് അരങ്ങേറുക.

റാണി മരിയയുടെ പ്രേഷിത പ്രവര്‍ത്തനവഴികള്‍, രക്തസാക്ഷിത്വം, മധ്യപ്രദേശില്‍ മിഷനറിയായിരുന്ന സാമിയച്ചന്റെയും സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മിയുടെയും ഇടപെടലിലൂടെ സമുന്ദര്‍ സിങ്ങിന്റെ മാനസാന്തരം, മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവ ഒന്നര മണിക്കൂറുള്ള നാടകത്തിനുള്ളില്‍ ആവിഷ്‌കരിക്കുന്നു.

മികച്ച അമച്ച്വര്‍ നാടക സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ വിനോദ്കുമാറാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടറും കണ്ടനാട് ഉണ്ണിമിശിഹാ പള്ളി വികാരിയുമായ ഫാ. തോമസ് നങ്ങേലി മാലിലിന്റേതാണ് സഹ സംവിധാനവും നിര്‍മാണ നിര്‍വഹണവും. ആലീസ് മാത്യുവാണ് സിസ്റ്റര്‍ റാണി മരിയയുടെ വേഷമണിയുന്നത്.

അനുഗ്രഹ പോള്‍, അരുണ്‍ പാവുമ്പ, സി.വി. ദിനേശ്, എ.എച്ച്. ഷാനവാസ്, രജീഷ് പുറ്റാട്, രതീഷ് ഗ്രാംഷി എന്നിവര്‍ക്കൊപ്പം പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറും കലാകാരനുമായ ഫാ. ജേക്കബ് കോറോത്തും കഥാപാത്രമാകും. സമുന്ദര്‍ സിങ്ങിന്റെ മാനസാന്തരത്തില്‍ മുഖ്യ പങ്കുവഹിച്ച സ്വാമിയച്ചന്റെ വേഷത്തില്‍ ഫാ. തോമസ് നങ്ങേലിമാലില്‍ അരങ്ങിലെത്തുന്നുണ്ട്. ദില്‍ജിത് എം. ദാസാണു കലാസംവിധാനം. ആര്യ വിനോദ്, അനൂപ് പൂന, ബൈജു സി. ആന്റണി, വി.ആര്‍. വിഷ്ണു, വിഷ്ണുകുമാര്‍, ജോമോന്‍ പത്തില്‍ തുടങ്ങിയവരും നാടകത്തിനായി കൈകോര്‍ക്കുന്നു.


Related Articles »