India - 2024
കൂരിയ മെത്രാനായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ചുമതലയേറ്റു
സ്വന്തം ലേഖകന്‍ 14-11-2017 - Tuesday
കൊച്ചി: സീറോമലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ മെത്രാനായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ചുമതലയേറ്റു. സഭയുടെ ആസ്ഥാന കേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു കൂരിയ മെത്രാന്റെ സ്ഥാനമേറ്റെടുക്കല്‍ ശുശ്രൂഷ നടന്നത്. കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ കൂരിയ മെത്രാന്റെ നിയമനവും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് കാനോനികമായി വിശദീകരണം നടത്തി. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടന്നു.
ഇതേതുടര്‍ന്നു കൂരിയ മെത്രാന് വിശുദ്ധഗ്രന്ഥത്തില്‍ കൈവച്ചു പ്രതിജ്ഞ ചൊല്ലി. ചുമതലയേറ്റെടുത്തു കൊണ്ടുള്ള രേഖയില്‍ കൂരിയ മെത്രാനും മേജര്‍ ആര്‍ച്ച് ബിഷപ്പും ചാന്‍സലറും ഒപ്പുവച്ചു. ഇതിനു ശേഷം മാര്‍ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വചനസന്ദേശം നല്കി.
സത്ന രൂപത മുന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ കൂരിയ വൈസ് ചാന്‍സലര്‍മാരായ റവ.ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, ഫാ. പോള്‍ റോബിന് തെക്കത്ത്, കാഞ്ഞിരപ്പിള്ളി രൂപത വികാരി ജനറാള്‍മാരായ റവ.ഡോ. കുര്യന് താമരശേരി, ഫാ. ജെസ്റ്റിന് പഴേപറന്പില്‍, ഇടുക്കി രൂപത വികാരി ജനറാള്‍ ഫാ. ജോസ് പ്ലാച്ചിക്കല്‍, എറണാകുളം അങ്കമാലി അതിരൂപത ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, സീറോ മലബാര്‍ സഭയുടെ ട്രിബ്യൂണല്‍ പ്രസിഡന്റ് റവ.ഡോ. ജോസ് ചിറമേല്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ സഹകാര്‍മികരായി.
തുടര്‍ന്നു നടന്ന അനുമോദനസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, എപ്പിസ്കോപ്പല്‍ കൂരിയ ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, വിന്‍സന്‍ഷ്യന്‍ സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറാള്‍ റവ.ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, എസ്എബിഎസ് മദര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് പെരുന്പനാനി, സഭാ വക്താവ് സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു. കൂരിയ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മറുപടി പ്രസംഗം നടത്തി. ഞായറാഴ്ച കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചാണ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനായത്.