India - 2024

സർക്കാർ നിലപാട് മദ്യത്തിന്റെ ലഭ്യത ഭയാനകമായ രീതിയില്‍ കൂട്ടുന്നതിന് ഇടയാക്കുന്നു: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 16-11-2017 - Thursday

തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ഭയാനകമായ രീതിയില്‍ കൂട്ടുന്നതിന് ഇടയാക്കുന്നുവെന്നും കേരള ജനതയെ ബാധിക്കുന്ന ഈ വിപത്തിനെതിരേ ബോധവത്കരണം അനിവാര്യമാണെന്നും കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മദ്യവിപത്തിനെതിരേ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നയിക്കുന്ന വിമോചന യാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മദ്യവില്പനയിലൂടെ കോടിക്കണക്കിനു രൂപ സാധാരണക്കാരില്‍ നിന്നു നേടുന്ന സര്‍ക്കാര്‍ എക്‌സൈസ് വകുപ്പ് മുഖേന ചെറിയ ലഹരിവിരുദ്ധ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതു വിരോധാഭാസമാണ്. മദ്യവിരുദ്ധ നിലപാടുകളെ അവഗണിക്കുന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സര്‍ക്കാര്‍ ഓരോ ഗ്രാമത്തിലും മദ്യശാലകള്‍ ആരംഭിക്കുന്നുവെന്നും അപ്പോള്‍ എങ്ങനെ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ കഴിയുമെന്നും ജാഥാ ക്യാപ്റ്റനും കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ചോദിച്ചു. ഒരുവശത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും മറുവശത്ത് മദ്യത്തില്‍ ജനത്തെ മുക്കിക്കൊല്ലാനുള്ള ശ്രമവുമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നു ബിഷപ്പ് പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം ദീപശിഖ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനു കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ ആരംഭിച്ച യാത്ര ഡിസംബര്‍ ഒന്നിന് കാസര്‍ഗോഡ് സമാപിക്കും. കെസിബിസി മദ്യവിരുദ്ധസമിതി ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ശാന്തപ്പന്‍ എന്നിവര്‍ സന്ദേശം നല്കി. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറി ചാര്‍ളി പോള്‍ സ്വാഗതം ആശംസിച്ചു. റവ.ഡോ ഡയ്‌സണ്‍ യേശുദാസ്, ഫാ. ലെനിന്‍ രാജ്, വൈ. രാജു, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ. വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍ ജോസഫ് ജോസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »