India - 2024

മോണ്‍. ടോണി നീലങ്കാവിലിന്റെ മെത്രാഭിഷേകം ശനിയാഴ്ച: അഞ്ചു കുടുംബങ്ങള്‍ക്കു വീടു നിര്‍മ്മിച്ചു നല്‍കും

സ്വന്തം ലേഖകന്‍ 16-11-2017 - Thursday

തൃശൂര്‍: നിയുക്ത തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മോണ്‍. ടോണി നീലങ്കാവിലിന്റെ മെത്രാഭിഷേകം ശനിയാഴ്ച ലൂര്‍ദ് കത്തീഡ്രലില്‍ സജ്ജമാക്കിയ പ്രത്യേക പന്തലില്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു മെത്രാഭിഷേകകര്‍മങ്ങള്‍ ആരംഭിക്കും. ആര്‍ഭാടമില്ലാതെയും വളരെ ലളിതമായുമാണ് മെത്രാഭിഷേകചടങ്ങുകള്‍ സജ്ജമാക്കുന്നത്. മെത്രാഭിഷേകത്തോടനുബന്ധിച്ച് തൃശൂര്‍ അതിരൂപതയിലെ അഞ്ചു ഭവനരഹിത കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചുനല്‍കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും.

കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ ഡോ. സൂസപാക്യം സന്ദേശം നല്‍കും. ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയും ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും സഹകാര്‍മികരാകും. നാല്പതു മെത്രാന്മാര്‍ അഭിഷേക ചടങ്ങിനെത്തും. മെത്രാഭിഷേക ശുശ്രൂഷകള്‍ക്കുശേഷം മാര്‍ ടോണി നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും.

വൈകുന്നേരം അഞ്ചിനു നടക്കുന്ന അനുമോദന സമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ഭവനരഹിത കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം നിര്‍മാണ ചെലവുവരുന്ന ഭവനങ്ങള്‍ എരുമപ്പെട്ടിയിലും മറ്റത്തുമാണു നിര്‍മിക്കുക. ഭവനപദ്ധതിയുടെ തുക സമ്മേളനത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ കൈമാറും. നിരവധി പേര്‍ പ്രസംഗിക്കും. ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടില്‍ ജനുവരി ഏഴിനാണ് ചുമതലയേല്‍ക്കുക.


Related Articles »