India - 2024

ശരിയായ അറിവ്‌ നേടിയെടുക്കുവാന്‍ ശ്രദ്ധിക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട്‌

സ്വന്തം ലേഖകന്‍ 18-11-2017 - Saturday

കോട്ടയം: നിരവധി വ്യാജവാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുന്ന ഇക്കാലത്ത്‌ സത്യത്തോടുള്ള തുറവിയോടെ കൂടി ശരിയായ അറിവ്‌ നേടിയെടുക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ വാര്‍ഷിക പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ആഴമായ പരിശീലനങ്ങള്‍ അനിവാര്യമാണെന്നും അതിനുള്ള ക്രമീകരണങ്ങളൊരുക്കുവാന്‍ അതിരൂപത ശ്രദ്ധവയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവം നല്‍കിയ കഴിവുകള്‍ കുടുംബത്തിനും സഭയ്‌ക്കും സമൂഹത്തിനും സമുദായത്തിനുമായി ഫലപ്രദമായി വ്യയം ചെയ്യുമ്പോഴാണ്‌ ജീവിത സംതൃപ്‌തിയും ലക്ഷ്യവും കൈവരിക്കാനാകുന്നത്. ഇതിനായി എല്ലാ അമ്മമാരും തയ്യാറാകകണം. ദൈവാശ്രയബോധവും സഭാസ്‌നേഹവും മുറുകെ പിടിച്ച്‌ മാതൃകാ നേതൃത്വം നല്‍കുന്നതില്‍ കെ.സി.ഡബ്യു.എ നല്‍കുന്ന നേതൃത്വം അഭിനന്ദനാര്‍ഹമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രൊഫ. ഡെയ്‌സി ജോസ്‌ പച്ചിക്കര അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ മുഖ്യപ്രഭാഷണം നടത്തി.

ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ ജോര്‍ജ്ജ്‌, കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ പ്രസിഡന്റ്‌ മൗലി തോമസ്‌, കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ്‌ മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, അന്നമ്മ ജോണ്‍, ബീന രാജു, മേയമ്മ എബ്രഹാം, ജെയ്‌സി കുര്യാക്കോസ്‌, ലീല ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പും രോഗികള്‍ക്കായുള്ള ജീവകാരുണ്യ സഹായവും സമ്മേളനത്തില്‍ വിതരണം ചെയ്‌തു. വിവിധ യൂണീറ്റുകളില്‍ നിന്നുമായി ആയിരത്തിലധികം കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.


Related Articles »